Connect with us

International

ജറൂസലമിലെ മുസ്‌ലിം ഖബര്‍സ്ഥാനിന് മുകളില്‍ ജൂത കൈയേറ്റം

Published

|

Last Updated

ജറൂസലം: ജറൂസലമില്‍ മുസ്‌ലിം ഖബര്‍സ്ഥാന് മുകളില്‍ കഫേ പണിത് ജൂത കുടിലതയുടെ പുതിയ മുഖം. പടിഞ്ഞാറ് ജറൂസലമിനും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വടക്ക് ജറൂസലമിനും ഇടയിലാണ് ലാന്റവര്‍ കഫേയുടെ ഇന്‍ഡിപെന്റന്‍സ് ഗാര്‍ഡന്‍ എന്ന സ്ഥാപനം നിര്‍മിച്ചത്. സംഭവം മുസ്‌ലിം സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനു കാരണമായിട്ടുണ്ട്. പ്രദേശത്ത് നിന്ന് ഇസ്‌ലാമിക ചരിത്രത്തോടും സംസ്‌കാരത്തോടും ബന്ധപ്പെട്ട സര്‍വ്വതും നശിപ്പിക്കുക എന്ന ഇസ്‌റാഈല്‍ ജൂത തന്ത്രത്തിന്റെ ഭാഗമാണ് ഈ കെട്ടിട നിര്‍മാണം എന്ന് ദ അഖ്‌സാ ഫൗണ്ടേഷന്‍ ഫോര്‍ എന്‍ഡോവ് മെന്റ് ആന്റ് ഹെറിറ്റേജ് വ്യക്തമാക്കി.
ഖബര്‍സ്ഥാനില്‍ മറവ്‌ചെയ്യപ്പെട്ട മയ്യിത്തുകളുടെ തലയോട്ടിക്കു മുകളിലൂടെയാണ് ഈ നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് അമീര്‍ ഖുതുബ് എന്ന അഖ്‌സ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉമ്മല്‍ ഫഹം മേധാവി വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണികഴിപ്പിച്ച മഅ്മനുല്ലാ എന്ന ഈ ഖബര്‍സ്ഥാന്‍ രാജ്യത്തെ ഏറ്റവും പൗരാണികവും വലുതുമാണ്. ഏഴാം നൂറ്റാണ്ടില്‍ ജറൂസലം കീഴടക്കുന്നതില്‍ പങ്കു വഹിച്ച നിരവധി പുണ്യ പുരുഷന്‍മാര്‍ അന്ത്യ വിശ്രമം കൊള്ളുന്നത് ഇവിടെയാണ്. അതിനുപുറമെ ചില സ്വഹാബികളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശം ഒരു പാര്‍ക്കാക്കി പരിവര്‍ത്തിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു.
2011 ലായിരുന്നു കഫേയുടെ നിര്‍മാണം ആരംഭിച്ചത്. പക്ഷെ ഇതിനിടെ ചില തലയോട്ടികളുടെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയതോടെ ഇസ്‌റാഈലീ അറബികള്‍ക്കിടയില്‍ മതോപദേശങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് മൂവ്‌മെന്റ് മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഇതോടെ തത്കാലത്തേക്ക് പ്രവര്‍ത്തനം നിലച്ചുവെങ്കിലും അവസാനമായി കോടിതിയുടെ അനുമതി ലഭിച്ചതോടെ ദ്രുതഗതിയില്‍ നിര്‍മാണം നടത്തുകയായിരുന്നു.