Connect with us

National

തീവ്രവാദിയെ പിടിച്ച ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് രാജ്‌നാഥ് സിങ്ങ്

Published

|

Last Updated

ജമ്മു: ജമ്മുകശ്മീരിലെ ഉധംപൂരില്‍ ബി എസ് എഫ് ജവാന്‍മാരെ വധിച്ച ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യസഭയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. സ്വന്തം ജീവന്‍ വകവെക്കാതെ ഉദ്യമം നടത്തിയതിന് അവരെ അഭിനനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എ കെ 47 തോക്കുമായി എത്തിയ ഭീകരനെ പിടികൂടിയ നിരായുധരായ ഗ്രാമീണരുടെ ധീരതയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ജമ്മുകശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക് നടപടി അപലപനീയമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ ശക്തമായി എതിര്‍ക്കുമെന്നും രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാണ് ജമ്മുഫശ്രീനഗര്‍ ദേശീയ പാതയില്‍ ഉധംപൂരില്‍ തീവ്രവാദിയാക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ബി എസ് എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു സ്‌കൂളില്‍ മൂന്നു ഗ്രാമീണര്‍ ബന്ദികളാക്കപ്പെട്ടിരുന്നു. ഇവരെ പിടിച്ചുവെച്ച ഉസ്മാന്‍ ഖാന്‍ എന്ന പാക് തീവ്രവാദിയെ പിടികൂടുകയായിരുന്നു. ബന്ദികളാക്കപ്പെട്ട മൂന്നുപേരെ സൈന്യം മോചിപ്പിക്കുകയും ചെയ്തു.