Connect with us

Editorial

അപകടമുക്ത റെയില്‍വേ ഇന്നും സ്വപ്‌നം

Published

|

Last Updated

മറ്റു യാത്രകളെ അപേക്ഷിച്ചു സുരക്ഷിതമായാണ് തീവണ്ടിയാത്ര പരിഗണിക്കപ്പെടുന്നതെങ്കിലും രാജ്യത്ത് തീവണ്ടി അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായ രണ്ട് അപകടങ്ങളാണ് ചൊവ്വാഴ്ച രാത്രി മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ അടുത്ത സമയങ്ങളിലായി ഒരേ സ്ഥലത്ത് സംഭവിച്ചത്. മുംബൈയില്‍നിന്ന് വരാണസിയിലേക്കു പോകുകയായിരുന്ന കാമയാനി എക്‌സ്പ്രസ് പാളം തെറ്റിയാണ് ആദ്യത്തെ അപകടം. ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ജനതാ എക്‌സ്പ്രസും ഇതേസ്ഥലത്ത് പാളം തെറ്റി. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന ഈ അപകടങ്ങളില്‍ 31 പേര്‍ മരിച്ചു. കനത്ത മഴയില്‍ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതാണത്രെ അപകട കാരണം
കഴിഞ്ഞ വര്‍ഷം വലുതും ചെറുതുമായ 28,360 തീവണ്ടി അപകടങ്ങള്‍ രാജ്യത്തുണ്ടായി. 25,000ത്തോളം പേര്‍ മരണമടയുകയും 3800ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെതാണ് ഈ കണക്കുകള്‍. ബോഗികള്‍ പാളം തെറ്റിയാണ് ദുരന്തങ്ങള്‍ ഏറെയും സംഭവിക്കുന്നത്. സാങ്കേതിക തകരാറുകള്‍, ബോഗികളുടെ രൂപകല്‍പനയിലെ പിഴവ്, പാളത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലും ദുരന്തങ്ങളുണ്ടാകാറുണ്ട്. ജനങ്ങള്‍ പാളം മുറിച്ചു കടന്നപ്പോഴും അപകടം പതിവാണ്. 2014ല്‍ ഇത്തരം 17,840 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റെയില്‍യാത്ര സുരക്ഷിതമാക്കാനായി ബജറ്റില്‍ ഓരോ വര്‍ഷവും ഗണ്യമായ തുക വകയിരുത്തുന്നുണ്ട്. അതിനായി വിവിധ പദ്ധതികളും ആസൂത്രണം ചെയ്യുന്നു. പക്ഷേ അപകടങ്ങള്‍ക്ക് ഒരു കുറവുമില്ല. ദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരവും അന്വേഷണവും പ്രഖ്യാപിക്കുന്നതിലൊതുങ്ങുന്നു പലപ്പോഴും ഉത്തരവാദപ്പെട്ടവരുടെ ബാധ്യതകള്‍.
തീവണ്ടി അപകടം ഒഴിവാക്കുന്നതില്‍ പ്രഥമ ഗണനീയമാണ് കോച്ചുകളുടെ സുരക്ഷിതത്വം. ഇക്കാര്യത്തില്‍ റെയില്‍വേ കടുത്ത അലംഭാവമാണ് കാണിക്കുന്നത്. 2013 ജൂണ്‍ 30ന് സംഭവിച്ച 23 പേരുടെ മരണത്തിനിടയാക്കിയ അനന്തപൂര്‍ ട്രെയിന്‍ അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു. അതിന് ആറ് മാസം മുമ്പ് 2012 ഡിസമ്പര്‍ രണ്ടിന് ആന്ധ്രയിലെ തന്നെ നെല്ലൂരിന് സമീപം ദല്‍ഹി ചെന്നൈ എക്‌സ്പ്രസിലെ ബോഗിക്ക് തീപിടിച്ചു ഇരുപത്തഞ്ച് പേര്‍ മരിച്ചതും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തന്നെ. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട ഒരു ബോഗിയില്‍ അഗ്നിബാധയുണ്ടായി. വൈദ്യുതി സംവിധാനങ്ങളുടെ കാര്യത്തിലുള്ള പ്രാഥമിക മുന്‍കരുതലുകളുടെയും ബോഗികളുടെ അറ്റകുറ്റപണികളുടെയും അപര്യാപ്തതകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. കാലപ്പഴക്കം ചെന്നവയാണ് റെയില്‍വേ കോച്ചുകളില്‍ നല്ലൊരു ഭാഗവും. ഇന്ത്യന്‍ റെയില്‍വേ അടുത്ത കാലത്തായി പല രംഗങ്ങളിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നിര്‍വഹിക്കുന്നതിലും യാത്രക്കാരുടെ സുരക്ഷക്ക് അത്യന്താധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും കടുത്ത അലംഭാവമാണ് കാണിക്കുന്നത്. മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അഭിപ്രായപ്പെട്ടത് പോലെ സാധാരക്കാര്‍ യാത്ര ചെയ്യുന്ന തീവണ്ടികളുടെ കാര്യത്തില്‍ മാത്രമാണ് ഈ അനാസ്ഥ. സമ്പന്നരുടെ തീവണ്ടികളായി റെയില്‍വേ കണക്കാക്കുന്ന രാജധാനി, ശതാബ്ദി തുടങ്ങിയവയുടെ സുരക്ഷയിലും അറ്റകുറ്റപ്പണികളിലും ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കാറുണ്ട്. അപകട സ്ഥലങ്ങളിലെ രക്ഷാ പ്രവര്‍ത്തന രീതികളും തൃപ്തികരമല്ല. പലപ്പോഴും വളരെ താമസിച്ചാണ് രക്ഷാപ്രവര്‍ത്തകരും സംവിധാനങ്ങളും സ്ഥലത്തെത്തുന്നത്. സുരക്ഷിതത്വത്തിന് റെയില്‍വേ വര്‍ഷം തോറും ഭീമമായ തുക മാറ്റിവെക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോഗവത്കരണത്തില്‍ പരാജയപ്പെടുകയാണ്.
ലോക്കോ പൈലറ്റുമാര്‍ അനുഭവിക്കുന്ന ജോലിഭാരവും മാനസിക സമ്മര്‍ദവുമാണ് അപകടങ്ങള്‍ പെരുകാന്‍ പ്രധാന കാരണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. രാത്രി തുടര്‍ച്ചയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും ആഴ്ചയില്‍ ഒരു വിശ്രമ ദിവസം പോലും കിട്ടാത്തവരുമുണ്ടത്രെ ഡ്രൈവര്‍മാരില്‍. വ്യത്യസ്ത രീതിയിലുള്ള എന്‍ജിനുകളില്‍ മാറി മാറി നിയമിക്കുന്നതും പിഴവ് സംഭവിക്കനിടയാക്കുന്നു. എന്‍ജിന്‍ ബ്രേക്കും കോച്ച് ഉള്‍പ്പെടുന്ന ബ്രേക്കും എന്‍ജിനുകളുടെ നിര്‍മാണം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാല്‍ മാറി മാറി ജോലി ചെയ്യുമ്പോള്‍ പിഴവ് പറ്റാനുള്ള സാധ്യത കൂടുതലാണ്. ഈ രീതി ഒഴിവാക്കാന്‍ റെയില്‍വേ ഉന്നതതല യോഗം തീരുമാനിച്ചെങ്കിലും ഇതു വരെ നടപ്പായിട്ടില്ല. ജീവനക്കാരുടെ ഒഴിവ് നികത്തി ജോലിഭാരം കുറക്കാനുള്ള തീരുമാനവും കടലാസില്‍ ഒതുങ്ങി. 2020 ഓടെ തീവണ്ടി അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് അടുത്തിടെ റെയില്‍വേ മന്ത്രാലയം അവകാശപ്പെട്ടത്. അപകട മുക്ത റെയില്‍വേ എന്ന ആശയം പൂര്‍ണമായി നടപ്പാക്കുക സാധ്യമല്ലെങ്കിലും സുരക്ഷിത യാത്രക്കായി ആവിഷ്‌കരിച്ച പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കിയാല്‍ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ സാധിക്കും. ഇതിനുപക്ഷേ സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന രീതി അവസാനിപ്പിച്ചു അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.