Connect with us

Kerala

ഹജ്ജ് അപേക്ഷകരുടെ കുലനാമം ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ തള്ളുന്നു

Published

|

Last Updated

മലപ്പുറം: ഹജ്ജ് യാത്രക്ക് അപേക്ഷിച്ചവരുടെ പാസ്‌പോര്‍ട്ടുകളില്‍ കുലനാമം ഇല്ലെങ്കില്‍ വിസ അടിക്കില്ലെന്ന് സഊദി കോണ്‍സുലേറ്റിന്റെ നിര്‍ദേശം. ഈ മാസം പകുതിയോടെ ഹജ്ജ് യാത്ര ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ടുകളില്‍ വിസ അടിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
ഇത് അമ്പത് വയസ്സിന് മുകളിലുള്ള മിക്ക അപേക്ഷകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന അവസരത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്ലാത്തവരുടെ പാസ്‌പോര്‍ട്ടുകളിലൊന്നും തന്നെ കുലനാമം ചേര്‍ക്കാറില്ല. രേഖകളില്ലാത്തതിനാല്‍ ഇത്തരം അപേക്ഷകര്‍ക്ക് സര്‍ നെയിം ചേര്‍ക്കാതെയാണ് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിരുന്നത്. സ്ത്രീകളുടെ പാസ്‌പോര്‍ട്ടുകളാണ് ഇത്തരത്തില്‍ കൂടുതലുളളത്. സഊദി കോണ്‍സുലേറ്റിന്റെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇങ്ങനെയുള്ള പാസ്‌പോര്‍ട്ടുകള്‍ മാറ്റി പുതിയത് എടുക്കേണ്ട സാഹചര്യമാണ് അപേക്ഷകര്‍ക്കുണ്ടായിരിക്കുന്നത്. ഇതിനായി രേഖകള്‍ സജ്ജമാക്കുന്നതിനൊപ്പം പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിന്റെ ചെലവും അപേക്ഷകര്‍ വഹിക്കണം. വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ തത്കാല്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കണം. പള്ളി കമ്മിറ്റികളില്‍ നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നോട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഹാജരാക്കിയാല്‍ കുലനാമം ചേര്‍ത്ത് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നുണ്ട്. പുതിയ പാസ്‌പോര്‍ട്ടിനും മറ്റ് രേഖകള്‍ ശരിയാക്കുന്നതിനുമെല്ലാമായി നാലായിരം രൂപയോളമാണ് തീര്‍ഥാടകര്‍ക്ക് അധിക ചെലവ് വരുന്നത്. ഇത് അപേക്ഷകര്‍ക്ക് ഇരട്ടി ഭാരമായിരിക്കുകയാണ്. പുതിയ നിര്‍ദേശം വന്നതോടെ സര്‍നെയിം ചേര്‍ക്കാത്ത നിരവധി പാസ്‌പോര്‍ട്ടുകള്‍ മാറ്റി പുതിയ പാസ്‌പോര്‍ട്ട് എടുക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന് സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു.
സര്‍ക്കാറിന് കീഴില്‍ യാത്ര ചെയ്യുന്നവരില്‍ ഒരു കവറില്‍ ഒരാളുടെ പാസ്‌പോര്‍ട്ടില്‍ സര്‍നെയിം ചേര്‍ത്തിട്ടില്ലെങ്കില്‍ കവറിലെ മറ്റുള്ളവരുടെ യാത്ര കൂടി പ്രയാസത്തിലാകും. എന്നാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇതുവരെ ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.

Latest