Connect with us

Editorial

സര്‍ക്കാര്‍ മാധ്യമങ്ങളെ ഭയക്കുന്നത്

Published

|

Last Updated

യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മൂന്ന്ചാനലുകള്‍ക്കെതിരെ നിയമ നടപടിക്കുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. യാക്കൂബ് മേമന്‍ കുറ്റക്കാരനല്ലെന്നും വധശിക്ഷ ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു കൊണ്ടുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന് എന്‍ ഡി ടി വി, ആജ്തക്, എ ബി പി ന്യൂസ് എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കയാണ് വാര്‍ത്താ വിതരണ പ്രക്ഷേപ മന്ത്രാലയം. രാഷ്ട്രപതിയെയും ജുഡീഷ്യറിയെയും അപമാനിക്കുന്നതാണ് അഭിമുഖമെന്ന് കുറ്റപ്പെടുത്തുന്ന നോട്ടീസില്‍ നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചാനലുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഭരണകൂട സ്ഥാപിത താല്‍പര്യങ്ങളുടെ ഇരകളായി തീരുകയാണ് ഇന്ന് മാധ്യമലോകം. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) വിഭാവനം ചെയ്യുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ ദൃശ്യ -പത്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഈ മൌലികാവകാശം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഭരണകൂടങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്റെയും , മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകത്ത് എത്തിച്ചതിന്റെയും , ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചു പോയതിന്റെയുമൊക്കെ പേരില്‍ ലോകത്തെങ്ങും മാധ്യമ പ്രവര്‍ത്തകര്‍ പീഡനങ്ങളും അതിക്രമങ്ങളും ഏല്‍ക്കേണ്ടി വരികയും ജീവന്‍ പണയപ്പെടുത്തേണ്ടി വരികയും ചെയ്തിട്ടുണ്ട്. 2014ല്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 61 മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാരണങ്ങളാല്‍ വധിക്കപ്പെട്ടിട്ടുണ്ട്. ബംഗ ളുരുവു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടന്നതായി പോലീസ് പറയുന്ന അബ്ദുന്നാസിര്‍ മഅ്ദിനി-തടിയന്റവിട നസീര്‍ കൂടിക്കാഴ്ച കെട്ടുക ഥയാണെന്ന വസ്തുത പുറത്തുകൊണ്ടു വന്നതിന്റെ പേരില്‍ തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിന എന്തൊക്കെ പീഡനങ്ങളാണ് അധികാരി വര്‍ഗത്തില്‍ നിന്നെല്‍ക്കേണ്ടി വന്നത്.എണ്ണമാഫിയക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ നമ്മുട അയല്‍ സംസ്ഥാനമായ ആന്ധാപ്രദേശില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വധിക്കരപ്പെട്ടത് അടുത്തിടെയാണ്. ഇതിന്റെ തുടര്‍ച്ചയായി വേണം മൂന്ന് പ്രമുഖ ചാനലുകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കത്തെ കാണാന്‍.
ജൂഡീഷ്യറിയിലും രാഷ്ട്രീയ മേഖലയിലുമുള്‍പ്പെടെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ വിവാദമായതാണ് യാക്കൂബ് മേമനെതിരായ നിയമ നടപടികളുടെ രീതികളും വധശിക്ഷയും. ഇതിനോട് താത്വികമായും നിമയപരമായും യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. ചില ബി ജെ പി നേതാക്കള്‍ പോലും മേമനെ തൂക്കിലേറ്റിയതില്‍ വിയോജിപ്പ് രെഖപ്പെടുത്തിയിട്ടുണ്ട്. വിധി നടപ്പിലാക്കുന്നതിന്റെ അവസാന നാളിലെ നാടകീയ സംഭവങ്ങളും പാതിരാവിലെ അസാധാരണമായ കോടതി വ്യവഹാരങ്ങളും സമൂഹത്തില്‍ സന്ദേഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മേമന്റെ വിധശിക്ഷ പുനഃപരിശോധനാ ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ചില പരാമര്‍ശങ്ങളുും കോടതി നടപടിയില്‍ പ്രതിഷേധിച്ചുള്ള സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്റ്റാര്‍ പ്രോഫ. അനൂപ് രാമചന്ദ്രന്റെ രാജിയും ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ഈ സന്ദേഹങ്ങള്‍ ജനങ്ങളുമായി പങ്ക്‌വെക്കാനും നിയമങ്ങള്‍ നടപ്പാക്കുന്നതിലെ ശരിതെറ്റുകള്‍ ചൂണ്ടിക്കാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് ജുഡീഷ്യറിയെ അപമാനിക്കലല്ല, ജനാധിത്യത്തെ ശക്തിപ്പെടുത്താനുള്ള നാലാം തൂണിന്റെ കടമ നിര്‍വണമാണ്.
സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കൊത്തും, കര്‍ശന നിയമത്തിനും മാര്‍ഗരേഖകള്‍ക്കും അടിപ്പെട്ടും പ്രവര്‍ത്തിക്കേണ്ടതല്ല മാധ്യമങ്ങള്‍. അത്തരം നിയന്ത്രണങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യത്തിന് അപചയവും മാര്‍ഗഭ്രംശവും സംഭവിക്കുന്നതായി തോന്നുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തിക്കേണ്ടതും മാധ്യമ ബാധ്യതയാണ്. ജനങ്ങള്‍ അറിയണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും അപ്രിയ സത്യങ്ങള്‍ തമസ്‌കരിക്കണമെന്നും ഭരണ കൂടം ശാഠ്യം പിടിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നതിലെന്തര്‍ഥം? അധികാര സ്ഥാനീയര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാപന ഉടമകള്‍ക്കുതന്നെയും സ്വയം പണയംവെക്കാത്ത മാധ്യമ പ്രവര്‍ത്തനത്തിനു മാത്രമേ ജനാധിപത്യത്തിന് പിന്‍ബലം നല്‍കാനാകൂ. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മേല്‍ ബാഹ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കുമെന്ന് 2012 സെപ്റ്റംബര്‍ 11ലെ ഒരു വിധിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചത് ഇതുകൊണ്ടാണ്. ഒരു ഡസനില്‍ പരം വിധിന്യായങ്ങളിലൂടെ അഭിപ്രായ പ്രകടന, വാര്‍ത്താവിതരണ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം സുപ്രീംകോടതി എടിത്തു പറഞ്ഞിട്ടുണ്ട്. നീതി ബോധത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയോ ഭരണകൂടങ്ങളോ മാധ്യമങ്ങളെ ഭയക്കുകയില്ല. അരുതാത്തത് ചെയ്യുമ്പോഴാണ് ഭയം അനുഭവപ്പെടുന്നത്. മൂന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ നോട്ടീസില്‍ തുടര്‍നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയല്‍ അത് മേമന്‍ പ്രശനത്തില്‍ ഉയര്‍ന്നു സന്ദേഹങ്ങള്‍ക്ക് ഇനിയും ആക്കം കൂട്ടാനിടയാക്കും.