Connect with us

Kerala

രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സെമിനാര്‍

Published

|

Last Updated

കോഴിക്കോട്: ജനാധിപത്യ രാജ്യമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയില്‍ പ്രാകൃത ശിക്ഷാ നടപടിയായ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് സെമിനാര്‍. അധഃസ്ഥിത പിന്നാക്ക ന്യൂനപക്ഷങ്ങളില്‍പെട്ടവര്‍ മാത്രം ഇരകളാക്കപ്പെടുന്ന സാഹചര്യത്തില്‍ ശിക്ഷാരീതികളെ പറ്റി പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും “വധശിക്ഷ പ്രതികാരമോ നിയമമോ” എന്ന വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍ സി എച്ച് ആര്‍ ഒ) സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് വധശിക്ഷ നടപ്പാക്കി കൊണ്ടിരിക്കുന്നത് നിലവിലെ എല്ലാ നിയമവ്യവസ്ഥയെയും തത്വങ്ങളെയും മാറ്റിവെച്ചുകൊണ്ടാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത എന്‍സി എച്ച് ആര്‍ ഒ ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എ മാര്‍ക്‌സ് പറഞ്ഞു.
രാജ്യത്തെ കോടതികളിലെ ജഡ്ജിമാരുടെ വ്യത്യസ്തമായ നിലപാടുകള്‍ ആശങ്കാജനകമാണ്. യാക്കൂബ് മേമന്റെ വധശിക്ഷയുടെ വിധിന്യായത്തിലും ഇതു പ്രകടമായി. യാക്കൂബ് മേമന്‍ നമ്മുടെ രാഷ്ട്രത്തെ ഒരു തരത്തില്‍ സഹായിക്കുകയാണ് ചെയ്തത്. കേസിന് സഹായകമാകുന്ന അനുകൂല ഘടകങ്ങള്‍ കുറ്റമാരോപിച്ച വ്യക്തിയില്‍ നിന്നുമുണ്ടാകുമ്പോള്‍ മരണശിക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കുന്നുണ്ട്. ഒരു പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ മാനിക്കാതെയാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. ഒരു കേസിന് ചുരുളഴിക്കുന്നവിധത്തില്‍ അദ്ദേഹം നമ്മുടെ രാജ്യത്തെ സഹായിച്ചു. മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ ഐ എസ് എയുടെ പങ്ക് വെളിപ്പെടുത്തിയത് യാക്കൂബ് മേമനാണ്. മാത്രവുമല്ല കേസിലെ 11 പ്രതികളില്‍ ഒരാള്‍ക്ക് മാത്രം തൂക്കുകയര്‍ നല്‍കുകയും ചെയ്തിരിക്കുന്നു. ഇത് നീതീകരിക്കാനാവാത്തതാണ്. രാജ്യത്ത് തൂക്കിലേറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും ദളിതുകളും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുമാണെന്നത് മതന്യൂനപക്ഷവിഭാഗങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഇത് രാജ്യത്തെ നിയമവ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപൂര്‍വ സമൂഹങ്ങളില്‍ വധശിക്ഷയുടെ തത്വം തന്നെ തള്ളിക്കളയേണ്ടതാണെന്ന് ഇടതുപക്ഷ ചിന്തകനും പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. വികാരപരമായ അഭിപ്രായങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ നിയമമാവുന്നത് ശരിയല്ല. ലോകത്ത് എവിടെയും ശിക്ഷിക്കപ്പെടുന്നതും ഇരയാക്കപ്പെടുന്നതും അരികുവത്കരിക്കപ്പെട്ട അധഃസ്ഥിത- സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുമാണ്.
കുറ്റം ചെയ്തയാളെ കുറ്റവാളി എന്നതില്‍ നിന്നും മാറ്റിതീര്‍ക്കുന്ന പ്രക്രിയയാണ് ശിക്ഷ എന്ന വസ്തുതയില്‍ വധശിക്ഷയുടെ പ്രാധാന്യം പുനഃപ്പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തോട് അന്യായം പ്രകടിപ്പിക്കള്‍ പൊതു സ്വഭാവമായവര്‍ക്ക് പ്രോല്‍സാഹനം നല്‍കുമെന്നതിനാല്‍ വധശിക്ഷ പൂര്‍ണമായും എടുത്തുകളയുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. എന്‍ സി എച്ച് ആര്‍ ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് രതീദേവി, സ്ത്രീപക്ഷ ചിന്തക ഡോ. മായ എസ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, ഫിലോസഫി പ്രൊഫ. ഡോ. ആന്റണി പുത്തന്‍പുര ക്കല്‍, സോളിഡാരിറ്റി പ്രസിഡന്റ് ടി ശാക്കിര്‍, എന്‍ സിഎച്ച് ആര്‍ ഒ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, എന്‍ സി എച്ച് ആര്‍ ഒ. ദേശീയ സെക്രട്ടറി റെനി ഐലിന്‍, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ് സംസാരിച്ചു.
അന്താരാഷ്ട്ര നിര്‍ബന്ധിത തിരോധാന ദിനമായ ആഗസ്റ്റ് 30ന് കശ്മീരില്‍ കാണാതായ വരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍സിഎച്ച് ആര്‍ ഒ പുറത്തിറക്കിയ ക്യാമ്പയിന്‍ കാര്‍ഡ് എ വാസുവില്‍ ഒ അബ്ദുറഹ്മാന്‍ ഏറ്റുവാങ്ങി. വിധവകളും അര്‍ധവിധവകളും എന്ന പുസ്തകം രതീദേവിയില്‍ നിന്ന് കെ എ ഇന്‍ ഏറ്റുവാങ്ങി.

Latest