Connect with us

International

നിരാഹാര സമരത്തിലുള്ള ഫലസ്തീന്‍ തടവുകാരന്‍ അബോധാവസ്ഥയില്‍

Published

|

Last Updated

ജറുസലേം: കഴിഞ്ഞ 60 ദിവസമായി ഇസ്‌റാഈല്‍ തടവില്‍ നിരാഹാര സമരത്തിലായിരുന്ന ഫലസ്തീന്‍ യുവാവ് മുഹമ്മദ് അല്ലന്‍ അബോധാവസ്ഥയില്‍. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജമീലുല്‍ ഖാത്തിബ് അറിയിച്ചതാണിത്. കൃതിമ ശ്വാസ സഹായത്തോടയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇസ്‌ലാമിക് ജിഹാദ് അംഗമാണെന്നാരോപിച്ച് പിടികൂടിയ അലനെ കേസെടുക്കാതെ തടവറയില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ മുതല്‍ ജയിലില്‍ അദ്ദേഹം നിരാഹാരം തുടങ്ങിയത്. ഭക്ഷണം നിരസിച്ചതിനാല്‍ വൈദ്യ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ബലമായി ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും വിസമ്മതിച്ചു.
മുഹമ്മദ് അല്ലന്റെ ജീവന്‍ അപകടത്തിലാണെന്നും മാതാവിന് അല്ലനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും കഴിഞ്ഞാഴ്ച റെഡ് ക്രോസ് ആവശ്യപ്പെട്ടിരുന്നു.
2014 നവംബറിനാണ് അല്ലന്‍ തടവിലായത്. നിരാഹാര സമരത്തിലുള്ള തടവുകാരെ ബല പ്രയോഗത്തിലൂടെ ഭക്ഷിപ്പിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയിരുന്നു.
ഇസ്‌റാഈല്‍ സംഘടനയായ ഫിസിഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ബല പ്രയോഗത്തോടെ ഭക്ഷണം കഴിപ്പിക്കുന്നത് വൈദ്യശാസ്ത്ര മൂല്യങ്ങളുടെ ലംഘനമാണെന്നും ഇത് രാഷ്ട്രീയ നേട്ടത്തിനാണെന്നും അഭിപ്രായപ്പെട്ടു. നിരാഹാര സമരം അടിസ്ഥാന മനുഷ്യവകാശമാണെന്ന് യു എന്‍ അഭിപ്രായപ്പെട്ടു.

Latest