Connect with us

Kerala

കേരള ഉപരോധ സമരം അവസാനിച്ചു കന്നുകാലിക്കടത്ത് സജീവമായി

Published

|

Last Updated

പാലക്കാട്:തമിഴ്‌നാട്ടിലെ കന്നുകാലി മൊത്തക്കച്ചവടക്കാര്‍ കഴിഞ്ഞ ഒരുമാസമായി നടത്തിവന്നിരുന്ന കേരള ഉപരോധ സമരം അവസാനിച്ചതോടെ സംസ്ഥാനത്തേക്ക് കന്നുകാലി വരവ് തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ കാലി ലോറികള്‍ക്ക് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ക്ലിയറന്‍സ് നല്‍കാനും തുടങ്ങിയിട്ടുണ്ട്. ഉഡുമല്‍പേട്ട്, ഡിണ്ടിഗല്‍, പൊള്ളാച്ചി, പിച്ചാവാരം ചന്തകളെല്ലാം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, വാണിയംകുളം ചന്തകളും ഇനി സജീവമാകും. സമരം തീര്‍ന്നെങ്കിലും ചില്ലറ വില കിലോക്ക് 300 രൂപയിലെത്തിയ ബീഫ് വിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ലെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. 260-280 രൂപ നിരക്കിലാവും ഇനി ഓണം അവസാനിക്കും വരെ ബീഫ് വില്‍ക്കുകയെന്ന് വ്യാപാരികള്‍ അറിയിച്ചു. മുന്നൂറിലേറെ ലോഡ് കാലികളാണ് പൊള്ളാച്ചിയിലെ അവസാന ആഴ്ചച്ചന്തയുള്ള വ്യാഴാഴ്ച വരെ വാളയാര്‍ വഴി മാത്രം പ്രവേശിക്കുക.
കാലി ലോറികളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നതിനാല്‍ ലൈവ്‌സ്‌റ്റോക്ക് വിഭാഗത്തിന്റെയും ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും പരിശോധന ചെക്ക്‌പോസ്റ്റുകളില്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസം നീണ്ട സമരത്തിനിടയില്‍ കാലികളെ കൊണ്ടുവന്ന ലോറികള്‍ കോയമ്പത്തൂരിലെ കുനിയമുത്തൂര്‍ മുതല്‍ ചാവടി വരെയുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാലികളെ കെട്ടിയിരിക്കുകയായിരുന്നു. ദേശീയപാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കാലികളെ ഇത്തരത്തില്‍ വെളിമ്പറമ്പുകളില്‍ കെട്ടിയപ്പോള്‍ ഇവയില്‍ ചില കാലികള്‍ക്ക് അജ്ഞാത രോഗങ്ങള്‍ പിടിപെട്ട് ചത്തൊടുങ്ങുകയും ചെയ്തിരുന്നു.
സമരം അവസാനിച്ചതിന് പിറകെ രോഗം ബാധിച്ച കാലികള്‍ കേരളത്തിലേക്ക് വരുന്നത് തടയാനാണ് അധികൃതര്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുന്നത്. കഴിഞ്ഞ 19 നാണ് തമിഴ്‌നാട്ടിലെ കന്നുകാലി മൊത്തവ്യാപാരികള്‍ കേരളത്തിലേക്ക് കാലികളെ അയയ്ക്കുന്നത് നിര്‍ത്തിവെച്ചത്. സമ്പൂര്‍ണ്ണ ഗോവധ നിരോധനം ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ കാലി ലോറികള്‍ തടഞ്ഞുനിര്‍ത്തി കാലികളെ റാഞ്ചുന്നത് പതിവായിരുന്നു. ഇതില്‍ നടപടിയാവശ്യപ്പെട്ടാണ് ഒരുമാസത്തോളം നീണ്ട സമരം ആരംഭിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇടപെട്ട് ലോറികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് സമ്മതിച്ചെങ്കിലും സമരം അവസാനിച്ചില്ല. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സമരം ദീര്‍ഘിപ്പിച്ചു. കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അര്‍ച്ചന പട്‌നായിക് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഇടപെടുകയും സംരക്ഷണം വാഗ്ദാനം ചെയ്തതിനു ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കാലികളെ ലോറിയില്‍ കൊണ്ടുവരുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ കേരളവും തമിഴ്‌നാടും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു ലോറിയില്‍ 30 കാലികളെ വരെ കയറ്റുന്നതിന് പകരം 20, 25 കാലികളെ മാത്രമെ കൊണ്ടുവരാനാകൂ. ഒരു കാലിക്ക് ഒന്നര ചതുരശ്ര മീറ്റര്‍ സ്ഥലം നിന്നു തിരിയാന്‍ ലോറിയില്‍ ഉണ്ടാകണം. വെള്ളവും ആഹാരവും ഉണ്ടാകണം. കാലിക്ക് ലോറിയില്‍ ഇരിക്കാന്‍ സാധിക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

Latest