Connect with us

National

ഉപഹാര്‍ തിയേറ്റര്‍ ദുരന്തം: പ്രതികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കാത്തതില്‍ പ്രതിഷേധം ശക്തം

Published

|

Last Updated

ഗോപാല്‍, സുശീല്‍

ഗോപാല്‍, സുശീല്‍

ന്യൂഡല്‍ഹി: ഉപഹാര്‍ തിയറ്റര്‍ ദുരന്ത കേസില്‍ ഉടമകളെ പിഴ ചുമത്തി വിട്ടയച്ച സുപ്രീംകോടതി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിയറ്റര്‍ ദുരന്തത്തില്‍ രണ്ടു മക്കളെയും നഷ്ടപ്പെട്ട നീലം കൃഷ്ണമൂര്‍ത്തി വിധിക്കെതിരെ രംഗത്തെത്തി. നീതിന്യായക്കോടതികള്‍ പണക്കാര്‍ക്കു മാത്രമാണുള്ളത്. പണത്തിന്റെ പിന്‍ബലം കൊണ്ടുമാത്രമാണ് അന്‍സല്‍ സഹോദരങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെടാതെ രക്ഷപ്പെട്ടത്. ഇത് ഒരു തരത്തിലും നീതിയര്‍ഹിക്കുന്ന ഒന്നല്ലെന്നും നീലം പറയുന്നു.

59 പേര്‍ വെന്തുമരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഉപഹാര്‍ സിനിമ തിയേറ്ററിലുണ്ടായ തീപ്പിടിത്ത കേസില്‍ പ്രതികളായ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ എന്നിവര്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഇന്നലെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇരുവരും 60 കോടി രൂപ പിഴ അടക്കാന്‍ കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ പിഴത്തുക ഡല്‍ഹി സര്‍ക്കാറിനെ ഏല്‍പ്പിക്കണം. ജസ്റ്റിസ് അനില്‍ ആര്‍ ദാവെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്റേതാണ് വിധി.

1997 ജൂണ്‍ 13നാണ് ഡല്‍ഹിയില്‍ അന്‍സല്‍ സഹോദരന്മാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഉപഹാര്‍ തീയേറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തീപ്പിടിത്തമുണ്ടായത്. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ കേടായ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീ പടരുകയായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചത്. തീ പിടിത്തത്തിലും തിക്കിലും തിരക്കിലുമാണ് 59 പേരും മരിച്ചത്. ദൈര്‍ഘ്യമേറിയ വിചാരണക്കൊടുവില്‍ 2007ല്‍ അന്‍സല്‍ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡല്‍ഹി വിചാരണ കോടതി ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെ കഠിന തടവ് വിധിച്ചു.
എന്നാല്‍ അടുത്ത വര്‍ഷം ഡല്‍ഹി ഹൈകോടതി ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും 2009 ജനുവരി 30ന് സുപ്രീം കോടതി ജാമ്യമനുവദിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി പ്രതികളുടെ ശിക്ഷ ശരിവെച്ചു.എന്നാല്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കേസ് മൂന്നംഗ ബഞ്ചിന് വിടുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ ഇന്നലെ വിധിപ്രസ്താവമുണ്ടായത്. സുശീല്‍ അന്‍സല്‍ ഇതുവരെ അഞ്ചു മാസവും 22 ദിവസവുമാണ് ശിക്ഷ അനുഭവിച്ചത്. ഗോപാല്‍ അന്‍സല്‍ 142 ദിവസമാണ് ജയിലില്‍ കിടന്നത്.