Connect with us

International

ഒന്നരക്കോടി യമന്‍കാര്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലെന്ന് യു എന്‍

Published

|

Last Updated

സന്‍ആ: ഹൂത്തികളുടെ അധിനിവേശാനന്തരം നടന്ന സംഘര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് യമന്‍കാര്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയില്‍. യു എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രം(ഡബ്ല്യൂ എഫ് പി) മേധാവിയാണ് യമന്‍ ജനത നേരിടുന്ന കടുത്ത ഭക്ഷ്യക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന യമന്‍കാരുടെ എണ്ണം ഒന്നരക്കോടിയോടടുത്താണെന്ന് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. അതായത് മൊത്തം യമന്‍ ജനതയിലെ അഞ്ചില്‍ ഒരാള്‍ നിലവില്‍ ഭക്ഷ്യ ക്ഷാമം അനുഭവിക്കുന്നവരാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഡബ്ല്യൂ എഫ് പി മേധാവി എത്‌റൈന്‍ കസിന്‍ യമന്‍ തലസ്ഥാനമായ സന്‍ആ, ആദന്‍, അംറാന്‍ എന്നിവിടങ്ങളില്‍ എത്തി ഇവിടങ്ങളിലെ അവസ്ഥ നേരിട്ടറിഞ്ഞിരുന്നു. ഇരുവിഭാഗങ്ങളിലെയും നേതാക്കളുമായി എത്‌റൈന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹൂത്തികള്‍ക്കെതിരെ ശക്തമായ വ്യോമാക്രമണമാണ് ഇവിടെ നടക്കുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങള്‍ നിരുപാധികം സര്‍ക്കാറിന് വിട്ടുനല്‍കി പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പ്രസിഡന്റ് സ്ഥാനത്ത് തിരികെ എത്തിക്കുന്നത് വരെ വ്യോമാക്രമണം തുടരുമെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്. പല തവണ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നെങ്കിലും ഹൂത്തികള്‍ കരാറിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി സഊദി ചൂണ്ടിക്കാട്ടുന്നു. യമനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സഊദി വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.