Connect with us

National

ഇന്ത്യ-പാക് ഉദ്യോഗസ്ഥ തല ചര്‍ച്ച റദ്ദാക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: കാശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള പാക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല (എന്‍ എസ് എ) ചര്‍ച്ചക്കുള്ള സാധ്യത അടയുന്നു. ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന നിലപാടില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കുകയും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച അനിശ്ചിതത്വത്തിലായത്. കൂടിക്കാഴ്ചക്കായി ഞായറാഴ്ചയാണ് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഡല്‍ഹിയില്‍ എത്തേണ്ടത്.
മുന്‍കൂര്‍ ഉപാധികള്‍ മുന്നോട്ടുവെക്കുന്നില്ലെങ്കില്‍ ചര്‍ച്ചക്കായി ഇന്ത്യയിലേക്ക് വരാന്‍ സന്നദ്ധമാണെന്നും ഹുര്‍റിയത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ച പാടില്ലെന്ന ഇന്ത്യയുടെ “ഉപദേശം” അംഗീകരിക്കാനാകില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവനെ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹ്മദ് ചൗധരി അറിയിച്ചു.
ഇന്ത്യാ സന്ദര്‍ശനവേളയില്‍ പാക് നേതൃത്വം കാശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് മുമ്പ് നടത്തിവന്ന നടപടികളില്‍ നിന്ന് വ്യതിചലിക്കേണ്ട ആവശ്യമില്ലെന്നും കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിവിലിയന്‍, സൈനിക നേതാക്കളുടെ നിര്‍ണായക യോഗത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്.
ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്നും മൂന്നാമതൊരു കക്ഷിയെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ലെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റഷ്യയിലെ ഉഫയില്‍ നടന്ന ഇന്ത്യ- പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ തീവ്രവാദം, അതിര്‍ത്തി പ്രശ്‌നം ഉള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല ചര്‍ച്ചകള്‍ക്കാണ് ധാരണയായത്. എന്നാല്‍, ഇതിന് ശേഷവും വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിക്കുകയാണ്. പാക്കിസ്ഥാനുമായുള്ള സമാധാനപൂര്‍ണമായ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയിലെത്തുന്ന പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഹുര്‍റിയത്ത് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലിഷാ ഗീലാനി, ജെ കെ എല്‍ എഫ് നേതാവ് യാസീന്‍ മാലിക് എന്നിവരെ പാക് ഹൈക്കമ്മീഷന്‍ ക്ഷണിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹുര്‍റിയത്ത് നേതാക്കളുമായി സര്‍താജ് അസീസ് കൂടിക്കാഴ്ചക്ക് തയ്യാറാകരുതെന്ന് പാക്കിസ്ഥാനെ ഉപദേശിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഉപദേശം അംഗീകരിക്കാനാകില്ലെന്നും യു എന്‍ രക്ഷാസമിതിയിലെ പ്രമേയ പ്രകാരം കാശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അത് ഇതുവരെ നടപ്പിലായിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇന്ത്യന്‍ അധീന കാശ്മീരിലെ ജനങ്ങളെ ശരിയായ രീതിയില്‍ പ്രതിനിധാനം ചെയ്യുന്നവരാണ് ഹുര്‍റിയത്ത് നേതാക്കളെന്നും കാശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് ഹുര്‍റിയത്ത് നേതാക്കളുമായി ബന്ധം പുലര്‍ത്തുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.
റഷ്യയിലെ ഉഫയില്‍ നടന്ന ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്. ഇതുപ്രകാരം ഞായറാഴ്ചയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലുമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കൂടിക്കാഴ്ച നടത്തുക. പാക് ഹൈക്കമ്മീഷണര്‍ ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 2014 ആഗസ്റ്റില്‍ ഇന്ത്യ- പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു.

Latest