Connect with us

National

തിഹാര്‍ ജയിലില്‍ പകുതി ജീവനക്കാര്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജയില്‍ ആവശ്യമായ ജീവനക്കാരുടെ എണ്ണത്തിന്റെ പകുതി ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള കഴിഞ്ഞ കാലങ്ങളില്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പേര് കേട്ട തിഹാര്‍ ജയിലാണ് മതിയായ ജീവനക്കാരില്ലാതെ പ്രവര്‍ത്തിക്കുന്നത്.
ഹെഡ് വാര്‍ഡന്‍മാര്‍, വാര്‍ഡന്‍മാര്‍സ മേട്രന്‍മാര്‍, എന്നിവരടക്കം 1917 ജീവനക്കാര്‍ വേണ്ടിടത്ത് 973 ജീവനക്കാര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ള 944 തസ്തികകളില്‍ ആളില്ല.
6250 തടവുകാരുടെ എണ്ണത്തിനാനുപാതികമായി 2010 ലാണ് ജീവനക്കാരുടെ എണ്ണം 1917 ആയി വര്‍ധിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയലധികമായി. ഇപ്പോള്‍ 14800 തടവുകാരുണ്ട് തിഹാര്‍ ജയിലില്‍. പക്ഷേ അതിനനുസരിച്ച് തസ്തികകള്‍ വര്‍ധിപ്പിച്ചിട്ടില്ല.
2010 ലെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മൂന്ന് കൂറ്റവാളികള്‍ക്ക് ഒരു ഗാര്‍ഡ് എന്ന അനുപാതത്തില്‍ ജീവനക്കാര്‍ വേണമെന്നാണ് ചട്ടം. തിഹാര്‍ ജയിലില്‍ 15 കുറ്റവാളികള്‍ക്ക് ഒരു ഗാര്‍ഡേയുള്ളൂ. ഇത് കുറ്റവാളികള്‍ക്ക് തങ്ങളെ കബളിപ്പിക്കാനും അക്രമങ്ങള്‍ നടത്താനും സഹായകരമാണെന്ന് ജയിലധികൃതര്‍ പറയുന്നു.
ജീവനക്കാരുടെ അപര്യാപ്തതകള്‍ക്കിടെ ജയിലില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ വകുപ്പുതല അന്വേഷണം നടത്തി വാര്‍ഡന്‍മാരെ സസ്‌പെന്‍ഡ് ചെയ്യുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ അധിക ജോലി ചെയ്യേണ്ടി വരുന്നു.
32 ജീവനക്കാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇവരുടെ അഭാവം നികത്താന്‍ അധികമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജോലി മാറിയും ഉദ്യോഗക്കയറ്റം ലഭിച്ചും പോയവരുടെ ഒഴിവുകളും നികത്താതെ കിടക്കുകയാണ്.
ജീവനക്കാരുടെ പരിമിതി കാരണം വാര്‍ഡന്മാര്‍ രണ്ട് ഷിഫ്റ്റില്‍ ജോലിചെയ്യുകയാണെന്നും തടവുകാരെ പൂര്‍ണമായി നിരീക്ഷിക്കാനാവുന്നില്ലെന്നും തടവുകാര്‍ ജീവനക്കാരുടെ നേരെ അക്രമം നടത്തുന്നതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ തന്നെ സുരക്ഷാ ഭീതിയിലാണെന്നും തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു.
ഇതിനിടെയാണ് തിഹാര്‍ ജയിലില്‍ നിന്ന് മണ്‌ഡോളി ജയില്‍ സമുച്ചയത്തിലേക്ക് 4000 തടവുകാരെ മാറ്റാനുള്ള തീരുമാനം.
തടവുകാരോടൊപ്പം ജീവനക്കാരും മണ്‌ഡോളി ജയിലിലേക്ക് മാറുന്നതോടെ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയും.
അടിയന്തിരമായി ജയില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ജയിലധികൃതര്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Latest