Connect with us

Gulf

ഉമ്മുല്‍ ഖുവൈനില്‍ ഹാബിറ്റാറ്റിന്റെ പുതിയ സ്‌കൂള്‍

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: യു എ ഇ യിലെ പ്രവാസി സമൂഹത്തിനായി പ്രകൃതി പാഠങ്ങളില്‍ നിന്നും നവ സാങ്കേതികവിദ്യയില്‍ നിന്നും സാമൂഹികമായി വിദ്യാഭ്യാസം ആര്‍ജിച്ചെടുക്കുന്ന പഠനമാതൃകയായ ഹാബിറ്റാറ്റിന്റെ രണ്ടാമത്തെ സ്‌കൂള്‍ ഉമ്മുല്‍ ഖുവൈനില്‍ സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂളില്‍ തന്നെ കൃഷി പഠിപ്പിക്കുന്ന നേച്ചര്‍ സ്‌കൂള്‍, പ്രോഗ്രാമിംഗ് പഠിപ്പിക്കുന്ന സൈബര്‍ സ്‌കൂള്‍, ഹിന്ദി, ഉര്‍ദു, ബംഗാളി എന്നീ ഭാഷകള്‍ പഠിപ്പിക്കുന്ന ലാംഗ്വേജ് സ്‌കൂള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവ ഉള്‍ക്കൊള്ളിക്കുന്ന ഹാബിറ്റാറ്റ് രീതിക്ക് അനുയോജ്യമായ രീതിയില്‍ ഉമ്മുല്‍ ഖുവൈനിലെ പഴയ സഫിയാ സ്‌കൂള്‍ നവീകരിച്ചെടുക്കുകയാണ് അധികൃതര്‍ ചെയ്തത്.
വിദ്യാഭ്യാസ രംഗത്ത് പുതിയ ഒരു ലക്ഷ്യസ്ഥാനമായി വളരാന്‍ ഉദ്ദേശിക്കുന്ന ഉമ്മുല്‍ ഖുവൈനില്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ തുടങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നു ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു. അജ്മാനിലെ ഒന്നാമത്തെ ഹാബിറ്റാറ്റ് സ്‌കൂള്‍ പോലെ മികച്ച സൗകര്യങ്ങള്‍ ഇടത്തരക്കാര്‍ക്കും ലഭ്യമാക്കുന്ന ബഡ്ജറ്റ് സ്‌കൂളിങ്ങ് രീതി ഉമ്മുല്‍ ഖുവൈനിയിലും തുടരുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സി ടി ശംസു സമാന്‍ പറഞ്ഞു.
ചരിത്രപ്രധാനമായ ഈ എമിറേറ്റിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിനുള്ള പങ്കു വര്‍ദ്ധിക്കുന്നതില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പിന്തുണ പ്രധാനമായിരിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്നു-ഹാബിറ്റാറ്റ് ഗ്രൂപ്പ് അക്കാഡമിക് ഡയറക്ടര്‍ സി ടി ആദില്‍ പറഞ്ഞു.
ഉമ്മുല്‍ ഖുവെനിന്റെ മണ്ണില്‍ പോഷക പ്രധാനമായ മുരിങ്ങതൈകള്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് പ്രവര്‍ത്തനമാരംഭിക്കാനാണ് സ്‌കൂള്‍ നേതൃത്വം പദ്ധതിയിടുന്നത്.
പൊതുജനങ്ങള്‍ക്കായി വൈദ്യ ശാസ്ത്രപരമായി ഏറെ ഗുണങ്ങളുള്ള 2,000 മുരിങ്ങതൈകള്‍ നട്ടുവളര്‍ത്തുന്നതിലൂടെയും ചെടികള്‍ വിതരണം ചെയ്യുന്നതിലൂടെയും സ്‌കൂളിന്റെ ലോക വീക്ഷണത്തെ ശക്തമാക്കാനും സ്‌കൂള്‍ എന്നത് പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടാവുന്ന കേന്ദ്രമായിരിക്കണം എന്ന ആശയത്തെ അവതരിപ്പിക്കുവാനുമാണ് പദ്ധതി.