Connect with us

Wayanad

കബനിയില്‍ വള്ളങ്ങള്‍ക്ക് വിലക്ക്‌

Published

|

Last Updated

കല്‍പ്പറ്റ: കേരള-കര്‍ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനി നദിയില്‍ കര്‍ണാടകം പിടിമുറുക്കിയിട്ടും കേരള അതിര്‍ത്തിയിലെ മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ക്ക് മൗനം. വള്ളങ്ങള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തിയാണ് പുതിയ നീക്കം.
നദി രണ്ട്് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലൂടെയാണ് ഒഴുകുന്നതെങ്കിലും നദി സ്വന്തമാക്കാന്‍ കര്‍ണാടകം ഏകപക്ഷീയമായി നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്്. അതിനെ ചെറുക്കുവാനോ പ്രതിഷേധമറിയിക്കാനോ മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇപ്പോള്‍ ബൈരന്‍കുപ്പയില്‍ പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയിരിക്കുകയാണ്. കബനി നദിയുടെയും ബീച്ചനഹള്ളി അണക്കെട്ടിന്റെയും കാര്യങ്ങള്‍ നോക്കി നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാവേരി നീരാവത്രി നിഗാം ലിമിറ്റഡ് അധികൃതര്‍ കഴിഞ്ഞ ദിവസം വള്ളങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്ത് അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അക്കാര്യം പഞ്ചായത്ത് അധികൃതരും വനംവകുപ്പും വള്ളക്കാരെ അറിയിച്ചിട്ടുണ്ട്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്ള വള്ളക്കാരും ഇനിമുതല്‍ വള്ളങ്ങള്‍ നദിയിലിറക്കാന്‍ ബൈരന്‍കുപ്പയില്‍ നിന്നും ലൈസന്‍സ് എടുക്കണമെന്നാണ് അധികൃതരുടെ ആവശ്യം. വൈകുന്നേരം 6.30 ന് ശേഷം നദിയില്‍ വള്ളങ്ങള്‍ ഇറക്കാന്‍ പാടില്ല. വള്ളത്തില്‍ വൈക്കോല്‍ കയറ്റിക്കൊണ്ട് പോകാന്‍ പാടില്ല. പകല്‍ സമയത്ത് പോലും നദിയില്‍ നിന്നും മത്സ്യം പിടിക്കാന്‍ പാടില്ല. തുടങ്ങിയ നിര്‍ദ്ദേശങ്ങളും കര്‍ണാടക വനപാലകര്‍ വള്ളക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കേരളതീരത്തെ കൊളവള്ളിക്ക് സമീപം നദിതീരത്തു നിന്നും കൊട്ടവള്ളത്തില്‍ നദിയില്‍ നിന്നും മത്സ്യം പിടിച്ചുകൊണ്ടിരുന്ന മലയാളികള്‍ക്ക് നേരെ കര്‍ണാടക തീരത്ത് നന്നും കര്‍ണാടക വനപാലകര്‍ വെടിയുതിര്‍ത്തിരുന്നു. ഇത്രയൊക്കെയായിട്ടും മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃതര്‍ ഒരു പ്രതിഷേധം പോലും കര്‍ണാടക അധികൃതരെ അറിയിച്ചിട്ടില്ല.

Latest