Connect with us

Gulf

ശൈഖ് സായിദ് റോഡ് ഇന്റര്‍ചെയ്ഞ്ച് ഒന്നില്‍ സൗന്ദര്യവത്കരണം

Published

|

Last Updated

ദുബൈ: ബിസിനസ് ബേയെയും അല്‍വാസല്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് റോഡ് ഒന്നാം ഇന്റര്‍ചെയ്ഞ്ചിന്റെ സൗന്ദര്യ വത്കരണത്തിന് പശ്ചാത്തല സൗകര്യം പൂര്‍ത്തിയായതായി ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് വിഭാഗം ഡയറക്ടര്‍ നാസിം സഈദ് അറിയിച്ചു.
14 ഹെക്ടറിലാണ് സൗന്ദര്യ വത്കരണം നടത്തുക. ധാരാളം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചുകൊണ്ടുള്ള പ്രവൃത്തിയാണിത്. ഇവിടെ വെള്ളം എത്തിക്കാനും മണ്ണ് പാകപ്പെടുത്താനും വിളക്കുകള്‍ സ്ഥാപിക്കാനും കാല്‍നട സൗകര്യമുണ്ടാക്കാനും പ്രത്യേകം പദ്ധതികളുണ്ട്. ഇടക്കിടെ അറ്റകുറ്റപ്പണി നടത്താന്‍ പാകത്തിലാണ് സൗകര്യങ്ങള്‍ ചെയ്യുന്നത്. അല്‍ സുഫൂഹ് റോഡില്‍ ശൈഖ് സായിദ് റോഡിന്റെ ഒരു ഭാഗം, അല്‍ വാസല്‍ റോഡിലേക്ക് പോകുന്ന സഫ റോഡ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണിത്.
സൗന്ദര്യ വത്കരണത്തിന് പ്രത്യേകം സിദ്ധിയുള്ള എഞ്ചിനീയര്‍മാരുടെ സംഘമാണ് പശ്ചാത്തല സൗകര്യമൊരുക്കിയത്. ദുബൈ നഗരസഭയുടെ സഹകരണത്തോടെയാണ് 14 ഏക്കറില്‍ ഹരിത വത്കരണം നടത്തുന്നത്. പരിസ്ഥിതി സൗഹൃദ വഴികളിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ആര്‍ ടി എയുടെ ആത്യന്തിക ലക്ഷ്യം. പൂച്ചെടികള്‍ നട്ടും പുല്‍ചെടികള്‍ വെച്ചുപിടിപ്പിച്ചും ലോക നിലവാരത്തില്‍ സൗന്ദര്യ വത്കരണം നടത്തും. റോഡിന്റെ സുരക്ഷിതത്വവും ഇതോടൊപ്പം കണക്കിലെടുക്കും. ഏവര്‍ക്കും സുഗമമായ യാത്രയാണ് ആര്‍ ടി എ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.