Connect with us

Editorial

കഠാരി രാഷ്ട്രീയം അവസാനിക്കണമെങ്കില്‍

Published

|

Last Updated

സി പി എം- ബി ജെ പി സംഘട്ടനത്തിന്റെ ഭീതിദമായ പഴയ നാളുകളിലേക്ക് മടങ്ങിപ്പോകുകയാണോ കേരളം? ഓണം നാളില്‍ കാഞ്ഞങ്ങാട്ടും തൃശൂരിലുമായി രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍ക്കോട്ടും കണ്ണൂരിലും കോട്ടയത്തും തൊടുപുഴയിലും കൊല്ലത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി. കാസര്‍ക്കോടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് പേര്‍ക്കും കണ്ണൂരില്‍ നാല് സ്ത്രീകള്‍ക്കും പരുക്കേറ്റു. ജില്ലയില്‍ നിരവധി വീടുകളും ആക്രമിക്കപ്പെട്ടു. കോട്ടയം കുമരകത്ത് സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കയ്യേറ്റശ്രമവുമുണ്ടായി. തൊടുപുഴയിലെ അക്രമത്തില്‍ രണ്ട് ആര്‍ എസ് എസുകാര്‍ക്ക് പരുക്കേല്‍ക്കുകയും സി പി എം ഏരിയാ ഓഫീസ് ആക്രമിക്കപ്പെടുകയും ചെയ്തു.
കണ്ണൂരിലെ ചക്കരക്കല്ലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ ബോംബുമായി സി പി എം പ്രവര്‍ത്തകന്‍ പിടിയിലായ സംഭവം ശക്തമായ തിരിച്ചടിക്കുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നാണ് സൂചിപ്പിക്കുന്നത്. മറു ഭാഗത്ത് ബി ജെ പിയും ബോംബ് സജ്ജമാക്കുകയും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയും ചെയ്യുന്നുണ്ടാകണം. കുറച്ചു വര്‍ഷങ്ങളായി ജില്ലയില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് കുറവ് വന്നിരുന്നെങ്കിലും ബോംബ് നിര്‍മാണം മുറക്ക് നടക്കുന്നുണ്ടെന്ന് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ സംഭവിക്കുന്ന സ്‌ഫോടനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് ബോംബുകള്‍ നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു ജീവന്‍ നഷ്ടപ്പെട്ടത് കഴിഞ്ഞ 13 വര്‍ഷത്തിനിടെ കണ്ണൂര്‍ മേഖലയില്‍ മാത്രം 16 പേര്‍ക്കാണ്. ഇവരില്‍ ഒമ്പത് പേര്‍ ബി ജെ പിക്കാരും അഞ്ച് പേര്‍ സി പി എമ്മുകാരും രണ്ട് ലീഗുകാരുമാണ്. ഗുരുതരമായ പരുക്കേറ്റും അംഗങ്ങള്‍ നഷ്ടപ്പെട്ടും ജീവിക്കുന്നവര്‍ നൂറുകണക്കിന് വരും. പരുക്കേറ്റ പലരെയും പുറംലോകമറിയാതെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെ രഹസ്യമായി ചികിത്സിക്കുകയാണ് പതിവെന്നതിനാല്‍ ഇവരുടെ എണ്ണം കണ്ടെത്തുക പ്രയാസമാണ്. ഇത്തരം സംഭവങ്ങളില്‍ കൈകാലുകള്‍ നഷ്ടപ്പട്ട് അംഗഭംഗം സംഭവിച്ചാല്‍ ബൈക്ക് അപകടമോ കരിങ്കല്‍ ക്വാറിയില്‍ നിന്ന് സംഭവിച്ചതോ ആയി ചിത്രീകരിച്ച സംഭവങ്ങളുമുണ്ട്. നിര്‍മിച്ച ബോംബുകള്‍ സൂക്ഷിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ അബദ്ധത്തില്‍ സ്‌ഫോടമുണ്ടായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരുക്കേല്‍ക്കുന്നതും സാധാരണമാണ്. ഒഴിഞ്ഞ പറമ്പുകളും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളും ബോംബ്, ആയുധ നിര്‍മാണ കേന്ദ്രങ്ങളാണെന്നത് ഒരു രഹസ്യമല്ല. എഴുപതുകള്‍ മുതല്‍ കണ്ണൂരില്‍ തുടര്‍ന്നു പോന്ന കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ പലരും ശ്രമിച്ചതാണെങ്കിലും എല്ലാം പരാജയപ്പെടുകയാണുണ്ടായത്. മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്കിടെ അനുഭവപ്പെടുന്ന ഇടവേളകള്‍ സമാധാനത്തിലേക്കുള്ള തിരിച്ചു പോക്കാണെന്ന് ധരിക്കുന്നത് വെറുതെയാണ്. അടുത്ത സംഘര്‍ഷത്തിനുള്ള തയാറെടുപ്പിന്റെതാണ് ആ ഇടവേളകളെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പോലീസ് കാര്യക്ഷമമാണെങ്കില്‍ അക്രമ രാഷ്ട്രീയം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. എന്നാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായ പ്രതികളുടെ കാര്യത്തില്‍ മുകളില്‍ നിന്ന് ഇടപെടലുകളുണ്ടാകുന്നിതാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് പോലീസിന്. സംഘട്ടനങ്ങളെ തുടര്‍ന്നുണ്ടാകുന്ന കേസുകളില്‍ പലപ്പോഴും പ്രതികളെ തീരുമാനിക്കുന്നത് പോലീസല്ല, കക്ഷിനേതാക്കളാണ്. പ്രതികളുടെ പട്ടികയും കേസിന്റെ വകുപ്പും അറസ്റ്റിന്റെയും ജാമ്യത്തിന്റെയും സമയക്രമവും പോലും നേതാക്കളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാനാകൂ. സംസ്ഥാന ഭരണകക്ഷി, ഭാവി ഭരണകക്ഷി, കേന്ദ്ര ഭരണകക്ഷി തുടങ്ങിയ പരിഗണനകളും നോക്കണം. ഇല്ലെങ്കില്‍ നേതാക്കളുെട സ്വരം മാറുകയും സ്ഥലം മാറ്റമുള്‍പ്പെടെ അനധികൃത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരികയുംചെയ്യു. പോലീസ് ഈ നിസ്സഹായവസ്ഥ തുറന്നു സമ്മതിച്ചതാണ്. കഴിഞ്ഞ ജൂണില്‍ ബോംബ് നിര്‍മാണത്തിനിടെ രണ്ട് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിനുടനെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ശക്തമായ തിരച്ചില്‍ നടത്താന്‍ ഡി ജി പി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് പിന്നീട് നടപ്പായതായി അറിവില്ല. രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരുന്ന കാലത്ത് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു കേരള പോലീസ്. ഇന്ന് നിയമം നടപ്പാക്കുകയല്ല, രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവുകള്‍ നടപ്പാക്കുകയാണ് അവരുടെ ജോലി. കണ്ണൂര്‍ ഇത്രമാത്രം സംഘര്‍ഷഭരിതമാകാനും മറ്റു പ്രദേശങ്ങളില്‍ അതിന്റെ തീപ്പൊരി പടരാനും കാരണമിതാണ്.
അക്രമ രാഷ്ട്രീയം അരങ്ങേറുമ്പോഴും അതെത്രമാത്രം ആളിപ്പടര്‍ന്നാലും നേതാക്കള്‍ എപ്പോഴും സുരക്ഷിതരായിരിക്കും. സംഘര്‍ഷത്തിന്റെ നഷ്ടവും ദുരിതവുമനുഭവിക്കേണ്ടി വരുന്നത് സാധാരണ പ്രവര്‍ത്തകരാണ്. അണികളെ ബലി കൊടുത്തു അധികാര സ്ഥാനങ്ങളും പദവികളും നേടുകയാണ് നേതാക്കള്‍. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ചിന്താശേഷി അണികള്‍ക്കുണ്ടാകണം. കുടുംബത്തില്‍ വിധവകളെയും അനാഥരെയും സൃഷ്ടിക്കാന്‍ ഒരുക്കമല്ലെന്ന് പ്രവര്‍ത്തകര്‍ ഉറച്ച തീരുമാനത്തിലെത്തുകയാണ് കഠാരി രാഷ്ട്രീയം അവസാപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

Latest