Connect with us

Kerala

നോളജ് സിറ്റി: കേസ് തള്ളി; നിര്‍മാണത്തിന് അനുമതി

Published

|

Last Updated

ചെന്നൈ: മര്‍കസ് നോളജ് സിറ്റിക്കെതിരെയുള്ള കേസില്‍ അന്തിമ വിധി പുറത്തുവന്നു. നോളജ് സിറ്റി നിര്‍മാണത്തിനെതിരെ വടകര സ്വദേശി കെ സവാദ് നല്‍കിയ കേസ് ചെന്നൈ ഹരിത ടൈബ്രൂണല്‍ തള്ളി. നിര്‍മാണവുമായി ബന്ധപ്പെട്ട് ടൈബ്രൂണല്‍ നേരത്തെ പുറപ്പെടുവിച്ചിരുന്ന എല്ലാ വിലക്കുകളും നീക്കം ചെയ്തു. നോളജ് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയമതടസ്സങ്ങളില്ലെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇത്തരം പദ്ധതികള്‍ രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിലില്‍ നിര്‍മാണം പുരോഗമിക്കുന്ന മര്‍കസ് നോളജ് സിറ്റി പരിസ്ഥിതിനിയമങ്ങള്‍ ലംഘിക്കുന്നുവെന്നും പ്രസ്തുത ഭൂമി വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തിയാണ് ഹരിത ടൈബ്രൂണല്‍ കേസ് തള്ളിയത്. ജസ്റ്റിസ് ഡോ പി ജ്യോതിമണി, എക്‌സ്‌പേര്‍ട്ട് മെമ്പര്‍ പ്രൊഫ ആര്‍ നാഗേന്ദ്രന്‍ എന്നവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പദ്ധതിക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് നഗരവികസന വകുപ്പ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് എന്നിവക്ക് യാതൊരു വിലക്കുകളില്ലെന്നും കോടതി പ്രസ്താവിച്ചു. നോളജ് സിറ്റി പദ്ധതിക്ക് 2006ലെ ഇ ഐ എ വിജ്ഞാപനപ്രകാരം പരിസ്ഥിതി ആഘാതപഠനം നടത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ക്രമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ നല്‍കിയ പരാതിയും ടൈബ്രൂണല്‍ തള്ളി. പരാതിയിലെ ആക്ഷേപങ്ങള്‍ വസ്തുതാപരമല്ലെന്ന് കണ്ടെത്തിയായിരുന്നു കോടതിയുടെ ഈ നടപടി. മര്‍കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മര്‍കസ് നോളജ് സിറ്റി പദ്ധതി നിര്‍മാണത്തില്‍ പരിസ്ഥിതിചൂഷണം നടക്കുന്നില്ലെന്ന് അറിയിച്ച് കേന്ദ്രപരിസ്ഥിതി വകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് എന്നിവ കോടതിയില്‍ അഫിഡവിറ്റ് നല്‍കിയിരുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന നിയമവ്യവസ്ഥയുടെ വിജയമായി കോടതി വിധിയെ കാണുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പദ്ധതിയുമായി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും രണ്ടായിരത്തി ഇരുപതോടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്നും കാന്തപുരം പറഞ്ഞു. മര്‍കസ്‌നോളജ് സിറ്റിക്കു വേണ്ടി സീനിയര്‍ അഭിഭാഷകാരയ അഡ്വ എ ആര്‍ എല്‍ സുന്ദരേശന്‍, അഡ്വ ബി ജി ഭാസ്‌കര്‍, അഡ്വ ടി കെ ഹസന്‍, അഡ്വ ശംസുല്‍ ഹുദാ, അഡ്വ അബ്ദുസ്സമദ്, അഡ്വ മാര്‍ട്ടിന്‍ ജയകുമാര്‍, അഡ്വ ഭാരതി എന്നിവര്‍ ഹാജരായി.
വാര്‍ത്താ സമ്മേളനത്തില്‍ കാന്തപുരത്തിന് പുറമെ സി മുഹമ്മദ് ഫൈസി, ഡോ എം എ എച്ച് അസ്ഹരി, നോളജ് സിറ്റി സി ഇ ഒ ഡോ അബ്ദുസ്സലാം, മന്‍സൂര്‍ ഹാജി ചെന്നൈ, ഇ വി അബ്ദുറഹ്മാന്‍, എം കെ ശൗക്കത്ത് അലി, അഡ്വ സമദ് പുലിക്കാട്, അന്‍വര്‍ സാദത്ത് ലാന്‍ഡ്മാര്‍ക്ക്, പ്രൊഫ ഹാറൂണ്‍ ആര്‍ മന്‍സൂരി എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----