Connect with us

Ongoing News

ട്വന്റി 20 റാങ്കിംഗില്‍ കോഹ്‌ലി ഒന്നാമന്‍

Published

|

Last Updated

ദുബൈ: ഐ സി സിയുടെ പുതിയ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ ടെസ്്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഒന്നാമത്. അതെ സമയം, ടെസ്റ്റില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മയും ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയും ആദ്യ ഇരുപതിലെത്തി.
ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പുജാര മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പുജാര റാങ്കിംഗില്‍ ഇരുപതാമതാണ്. പതിനൊന്നാം സ്ഥാനത്തുള്ള ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാത്രമാണ് പുജാരക്ക് പുറമെ ആദ്യ ഇരുപതിലെ ഇന്ത്യന്‍ സാന്നിധ്യം. ഒരു റാങ്ക് നഷ്ടപ്പെട്ട കോഹ്‌ലി 11ാം സ്ഥാനത്താണ്. ആസ്‌ത്രേലിയയുടെ സ്റ്റീവന്‍ സ്മിത്താണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് രണ്ടാം സ്ഥാനത്താണ്.
ബൗളര്‍മാരില്‍ ആദ്യ പത്തില്‍ മാറ്റമൊന്നുമില്ലെങ്കിലും മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇഷാന്ത് ശര്‍മ പതിനെട്ടാം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ദക്ഷിണാഫ്രിക്കയുടെ ഡെയ്ന്‍ സ്‌റ്റെയിന്‍ തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. ടീം റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്താണ്. ആസ്‌ത്രേലിയക്ക് രണ്ടാം സ്ഥാനം. പാക്കിസ്ഥാന് തൊട്ടുപുറകില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
ഓസീസിന്റെ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് കോഹ്‌ലി ട്വന്റി ട്വന്റി റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഒന്നാമതുള്ള കോഹ്‌ലിക്ക് 861 പോയിന്റാണുള്ളത്. ഫിഞ്ചിന് 854ഉം. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ അലെക്‌സ് ഹെയ്ല്‍സ് ആണ് മൂന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ്, വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ എന്നിവരാണ് യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളില്‍.
11ാം സ്ഥാനത്തുള്ള സുരേഷ് റെയ്‌നയാണ് റാങ്കിംഗില്‍ ഉയര്‍ന്ന സ്ഥാനമുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ഇന്ത്യന്‍ ട്വന്റി 20 നായകന്‍ മഹേന്ദ്ര സിംഗ് ധോണി 33ാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ വിന്‍ഡീസ് താരം സാമുവല്‍ ബദ്രിയാണ് ഒന്നാമന്‍. ഇന്ത്യയുടെ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുണ്ട്.
ടീമുകളുടെ റാങ്കിംഗില്‍ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മത്സരം അഞ്ച് റണ്‍സിന് തോറ്റ ആസ്‌ത്രേലിയ ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാമതായി. ഇതോടെ പാകിസ്ഥാന്‍ രണ്ടാമതെത്തി. ഇന്ത്യ നാലാം സ്ഥാനത്താണ്.