Connect with us

Eranakulam

തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്മജ മത്സരിക്കാനൊരുങ്ങുന്നു

Published

|

Last Updated

കൊച്ചി: കെ കരുണാകരന്റെ പുത്രി പത്മജ വേണുഗോപാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. കൊച്ചി അല്ലെങ്കില്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവിയാണ് അവരുടെ മുന്നിലുള്ളത്. കെ പി സി സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, നിലവിലെ ഡെപ്യൂട്ടി മേയര്‍ കെ ഭദ്ര, കൗണ്‍സിലര്‍ സൗമിനി ജയന്‍ എന്നിവരും കൊച്ചി മേയര്‍ സ്ഥാനത്തിന് വേണ്ടി രംഗത്തുണ്ട്. ഇവരില്‍ സൗമിനി ഒഴികെയുള്ളവര്‍ ഐ ഗ്രൂപ്പുകാരാണ്. കെ പി സി സി ജനറല്‍ സെക്രട്ടറിയായ പത്മജ സ്ഥാനാര്‍ഥിയായാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമാകും കൊച്ചിയില്‍ നടക്കുക. കോണ്‍ഗ്രസ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കെ കരുണാകരന്റെ പ്രിയപുത്രിയായിട്ടും അച്ഛന്റെയും സഹോദരന്‍ കെ മുരളീധരന്റെയും നിഴലായി നില്‍ക്കാനായിരുന്നു പലപ്പോഴും പത്മജയുടെ വിധി. മുകുന്ദപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചതാണ് ഇതിനൊരു അപവാദം. കൂടെ നിന്നവര്‍ കാലുവാരിയതിനാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു അവിടെ തോല്‍വി. അതിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് പത്മജ. കെ ഡി ഡി സി ചെയര്‍പേഴ്‌സന്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൊച്ചിയുടെ സാധ്യതകളെക്കുറിച്ച് അടുത്തിടെ പഠിക്കാനും പത്മജക്ക് കഴിഞ്ഞിട്ടുണ്ട്.
54 വയസ്സുകാരിയായ പത്മജക്ക് കെ കരുണാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അമരക്കാരിയായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. മുകുന്ദപുരത്ത് അവരുടെ കനത്ത തോല്‍വിക്ക് കാരണമായത് മുരളിക്കും പത്മജക്കും സീറ്റ് നല്‍കിയതിനെ തുടര്‍ന്നുണ്ടായ അതൃപ്തിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം പാടേ മാറിയതോടെ പത്മജ സര്‍വസമ്മതയാണ്. കെ. കരുണാകരനും കെ മുരളീധരനും കോണ്‍ഗ്രസ് വിട്ടുപോയപ്പോഴും പാര്‍ട്ടിയില്‍ ഉറച്ചുനിന്ന നേതാവ് എന്ന പരിഗണന ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒരുപോലെ അവര്‍ക്ക് നല്‍കുന്നുമുണ്ട്.