Connect with us

International

സംഘര്‍ഷം: ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമായി

Published

|

Last Updated

ബെയ്‌റൂത്ത്: സംഘര്‍ഷങ്ങളും പാലായനവും കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുന്നുവെന്നുള്ള ദയനീയ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് യുനിസെഫ് പുറത്തുവിട്ടു. ആഭ്യന്തര സംഘര്‍ഷങ്ങളും മറ്റും കാരണം ദുരിതമനുഭവിക്കുന്ന മധ്യേഷ്യന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസം അടഞ്ഞ അധ്യായമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിറിയ, ഇറാഖ്, യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു തലമുറയുടെ ഭാവി തന്നെ അവതാളത്തിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 130 ലക്ഷത്തിലധികം കുട്ടികളാണ് സംഘര്‍ഷപൂരിതമായ ഈ രാജ്യങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാതെ കഴിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വേണ്ടിയാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്നാണ് പാലായനം ചെയ്യുന്നവര്‍ പലപ്പോഴും പറയാറുള്ളത്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ലബനാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ വന്‍ തോതിലുള്ള അഭയാര്‍ഥികളെയാണ് ഉള്‍ക്കൊള്ളുന്നത്. സുഡാനിന്റെയും ഫലസ്തീനിന്റെയും അയല്‍രാജ്യങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. സ്‌കൂളുകള്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങള്‍ കുട്ടികളെ സ്‌കൂളുകളില്‍ പറഞ്ഞയക്കുന്നതില്‍ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നു. പല സ്‌കൂളുകളും അഭയാര്‍ഥി ക്യാമ്പുകളായി ഉപയോഗിക്കുകയും ചെയ്യുന്നു. സിറിയ, ഇറാഖ്, യെമന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ മാത്രം 9,000 പഠനം നടക്കാത്ത സ്‌കൂളികളുണ്ട്. ആയിരക്കണക്കിന് അധ്യാപരാണ് ആക്രമണഭീതിയെ തുടര്‍ന്ന് ജോലിയുപേക്ഷിച്ചത്. അഭയം തേടുന്ന രാജ്യങ്ങളില്‍ കുട്ടികളെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള പഠന സൗകര്യങ്ങളുമില്ലെന്ന് യൂനിസെഫ് റീജിയനല്‍ ഡയരക്ടര്‍ പീറ്റര്‍ സലാമ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിശപ്പകറ്റാന്‍ സ്‌കൂളില്‍ പോകാതെ പുറം ജോലി തേടിപ്പോകുന്ന പല കുട്ടികളും വന്‍തോതില്‍ ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ഇവരില്‍ പലരും പെട്ടെന്ന് തന്നെ തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നതായും യുനിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ചെറുപ്രായത്തില്‍ തന്നെ പലരും ആയുധപ്രയോഗങ്ങളില്‍ കുട്ടികള്‍ അവഗാഹം നേടുന്നു. ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ തട്ടിക്കൊണ്ടുപോകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുട്ടികളും അധ്യാപകരും കുറവല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.