Connect with us

Kozhikode

വിരമിച്ച ജീവനക്കാരുടെ പി എഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കണം

Published

|

Last Updated

കോഴിക്കോട്: സര്‍ക്കാറിന്റെ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം ആയിരം രൂപയാക്കി നിശ്ചയിച്ച പശ്ചാത്തലത്തില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ (ഇ പി എഫ്) നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍ നടരാജന്‍. 28 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള സോപ്‌സ് ആന്‍ഡ് ഓയില്‍ കമ്പനിയില്‍ നിന്നും വിരമിച്ച കോഴിക്കോട് വേങ്ങേരി മണ്ണില്‍ സ്വദേശി എം ടി സുരേഷ്ബാബു ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്.
തനിക്ക് പ്രതിമാസം പെന്‍ഷനായി ലഭിക്കുന്നത് 1236 രൂപയാണെന്ന് പരാതിയില്‍ പറയുന്നു. ഇ പി എഫ് പെന്‍ഷന്‍ 1995 നിലവില്‍ വന്നതിന് ശേഷം പരിഷ്‌ക്കരിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. അതേസമയം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കോര്‍പറേറ്റ് ഫണ്ട് 2013ല്‍ അഞ്ച് കോടി രൂപയാണ്. മിനിമം പെന്‍ഷന്‍ ആയിരം രൂപയാണെങ്കിലും അതില്‍ കൂടുതല്‍ വാങ്ങുന്നവരുടെ പെന്‍ഷന്‍ പരിഷ്‌ക്കരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
നിലവിലുള്ള പെന്‍ഷന് തുല്യമായ പെന്‍ഷന്‍ ലഭിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം ന്യായമാണെന്ന് കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ ഉത്തരവില്‍ പറഞ്ഞു. 1995 ലെ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്ന പരാതിക്കാരനെ പോലെയുള്ള വിരമിച്ച ഉദേ്യാഗസ്ഥരുടെ പ്രതിമാസ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനും കമ്മീഷന്‍ അഡീഷണല്‍ സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ക്ക് (കേരള) നിര്‍ദേശം നല്‍കി.