Connect with us

Kozhikode

വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് മാനാഞ്ചിറയില്‍ തുടക്കം.
ഇന്ത്യയിലെ പൊതുമേഖലാ വിമാനത്താവളങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കരിപ്പൂരിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍ക്ക് പ്രധാന കാരണം ഉദ്യോഗസ്ഥ ലോഭിയാണെന്ന് സത്യഗ്രാഹം ഉദ്ഘാടനം ചെയ്ത പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. ഉദ്യോദസ്ഥര്‍ വികസനം മുരടിപ്പിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കാന്‍ മഡാക്ക് മോഡല്‍ സംഘടന രൂപവത്കരിച്ച് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിന് ആദ്യം മുതലേ എയര്‍പോര്‍ട്ട് അതോറിറ്റി എതിരായിരുന്നു. 60 കോടി രൂപ ചെലവാക്കി വിമാനത്താവളം നിര്‍മിച്ചാല്‍ അതിനനുസരിച്ചുള്ള റിട്ടേണ്‍ കിട്ടില്ലെന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ ശക്തമായ നിലപാടുകളാണ് വിമാനത്താവളം യാഥാര്‍ഥ്യമായത്.
കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി- വ്യവസായികളും യോജിച്ച് രംഗത്തിറങ്ങണം. വിമാനത്താവള വികസനത്തിനായി സ്ഥലം നല്‍കാന്‍ പ്രദേശവാസികളും ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതരും തയ്യാറാകണം. പ്രദേശവാസികളില്‍ 90 ശതമാനം പേരും വിമാനത്താവള വികസനത്തിന് അനുകൂലമാണ്. വികസന വിരോധികളായ ചുരുക്കം ചിലര്‍ മാത്രമാണ് തടസം. വിമാനത്താവള വികസനത്തില്‍ മുസ്‌ലിംലീഗിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ സി അബു, ഉമ്മര്‍ പാണ്ടികശാല, കെ പി മുഹമ്മദ് കുട്ടി, പി എ ഹംസ, സി പി മുസാഫിര്‍ അഹമ്മദ്, സി പി ഹമീദ്, പി ടി ആസാദ്, എന്‍ വി ബാബുരാജ് പ്രസംഗിച്ചു. സത്യഗ്രഹ സമരത്തിന് പി ഗംഗാധരന്‍, കെ എം ബഷീര്‍ നേതൃത്വം നല്‍കി.