Connect with us

Kerala

മൂന്നാര്‍: ട്രേഡ് യൂനിയന്‍ പിന്തുണയില്ലാതെ വിജയിച്ച സമരം

Published

|

Last Updated

തിരുവനന്തപുരം: മൂന്നാറില്‍ തേയില തൊഴിലാളികള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പിലേക്കെത്തിയത് കടുത്ത സമ്മര്‍ദത്തിനൊടുവില്‍. നയിക്കാന്‍ ആളില്ലാത്തവരുടെ വികാരപ്രകടനം എന്ന് ആദ്യം എഴുതിത്തള്ളിയവരെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന ശേഷമാണ് മൂന്നാര്‍ തൊഴിലാളികള്‍ ജയിച്ചടക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെയോ, ട്രേഡ് യൂനിയന്റെയോ പിന്തുണയില്ലാതെയാണ് ഐതിഹാസികമായൊരു സമരം സൃഷ്ടിക്കപ്പെട്ടതും ജയിപ്പിച്ചെടുത്തതും. രാഷ്ട്രീയ, ട്രേഡ് യൂനിയന്‍ നേതൃത്വത്തോട് തിരുത്താന്‍ ഏറെയുണ്ടെന്ന് പറയുകയാണ് ഈ സമരം. ഒരാഴ്ച പിന്നിടുന്ന ഘട്ടത്തില്‍ പോലും തിരിഞ്ഞുനോക്കാന്‍ ആളില്ലാതെപോയ സമരം കൈവിടുമെന്ന ഘട്ടത്തിലേക്കെത്തിയതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നെഴുന്നേറ്റത്. ന്യായമായ ആവശ്യത്തിന്‍മേല്‍ നടക്കുന്ന സമരം കണ്ടില്ലെന്ന് നടിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടി വന്നതോടെ ഒത്തുതീര്‍പ്പിനുള്ള തിരക്കിട്ട ശ്രമങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. സമരനായകനായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തിയതോടെ രാഷ്ട്രീയ മേല്‍ക്കൈ നേടുമെന്ന ആശങ്കയും മുഖ്യമന്ത്രിയെ തന്നെ ചര്‍ച്ചയുടെ നായകത്വം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. പാര്‍ട്ടി നേതാക്കളെല്ലാം സമരക്കാരുടെ പ്രതിഷേധ ചൂടറിഞ്ഞപ്പോള്‍ സമര വേദിയില്‍ വി എസിന് ലഭിച്ച സ്വീകാര്യത വരുംകാല രാഷ്ട്രീയത്തിലും നിര്‍ണായകവുമാകും.
നിര്‍ണായക വഴിതിരിവുകളിലേക്കായിരുന്നു ഒന്‍പതാം നാളിലെ മൂന്നാര്‍ സമരം തുടങ്ങുന്നത്. രാഷ്ട്രീയ നേതാക്കളെയെല്ലാം അകറ്റിനിര്‍ത്തിയ സമരക്കാര്‍ വി എസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ യു ഡി എഫ് തിരിച്ചടി മണത്തു. നഴ്‌സുമാരുടെ സമരത്തിലേതിന് സമാനമായി വി എസിന് ലഭിക്കുന്ന മേല്‍ക്കൈ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ദോഷം ചെയ്യുമെന്ന പൊതുവികാരം മുന്നണിയിലും പാര്‍ട്ടിയിലും രൂപപ്പെട്ടു. ഐക്യദാര്‍ഢ്യവുമായി സമരവേദിയിലെത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിവിടുക കൂടി ചെയ്തതോടെ അപകടം മണത്ത മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെടുകയായിരുന്നു. അടിയന്തരമായി മന്ത്രി പി കെ ജയലക്ഷ്മിയെ മൂന്നാറിലേക്ക് അയച്ച മുഖ്യമന്ത്രി കൊച്ചിയില്‍ ഓടിയെത്തി ചര്‍ച്ചകളുടെ നായകത്വം ഏറ്റെടുത്തു. വഴങ്ങാതിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ച് മറ്റൊരു വഴിയില്ലെന്ന സമ്മര്‍ദം പയറ്റുകയായിരുന്നു സര്‍ക്കാര്‍. ആര്യാടന്‍ മുഹമ്മദും ഷിബു ബേബിജോണും തുടങ്ങിവെച്ചത് മുഖ്യമന്ത്രി അവസാനിപ്പിക്കുമ്പോള്‍ സമരക്കാരും സമവായം മണത്തിരുന്നു.
രണ്ടിലൊന്ന് സംഭവിക്കുമെന്ന ഉറപ്പില്‍ തന്നെയാണ് വി എസ് അച്യുതാനന്ദനും ഇന്നലെ മൂന്നാറിലെത്തുന്നത്. സ്ഥലം എം എല്‍ എ. എസ് രാജേന്ദ്രനെ ഓടിച്ചിട്ട സമരക്കാര്‍ പി കെ ശ്രീമതിയെയും കെ കെ ശൈലജ ഉള്‍പ്പെടെയുള്ള മഹിളാ നേതാക്കളെയുമെല്ലാം സമരവേദിയില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വി എസിനെ ഇരുകൈയും നീട്ടി സമരക്കാര്‍ സ്വീകരിക്കുന്നത്. വരും നാളുകളിലെ സി പി എം രാഷ്ട്രീയത്തില്‍ ഈ സ്വീകാര്യത സജീവ ചര്‍ച്ചക്ക് വഴിവെക്കും.
തൊഴിലാളികള്‍ക്ക് ഇടയില്‍ ട്രേഡ് യൂനിയനുകളുടെ ഭാവിയെന്തെന്ന വലിയ ചോദ്യം കൂടി ചോദിച്ചാണ് ഈ സമരം അവസാനിക്കുന്നത്. മൂന്നാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും തൊഴിലാളി സംഘടനകളുടെ വീഴ്ച ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. എ ഐ ടി യു സിയും ഐ എന്‍ ടി യു സിയുമാണ് കാലങ്ങളായി മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ആറ് വര്‍ഷമായി സി ഐ ടി യുവിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ നേതാക്കള്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആനുകൂല്യം പറ്റി കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയാണ് സമരക്കാര്‍ ഉന്നയിച്ചത്. സമരത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തിയതും ഈ കാരണം കൊണ്ട് തന്നെ. ട്രേഡ് യൂനിയനുകളുടെ പിന്‍ബലമില്ലാതെ തന്നെ തങ്ങള്‍ക്ക് കാര്യം നേടാന്‍ കഴിയുമെന്ന് തോഴിലാളികള്‍ തെളിയിച്ചതോടെ ഇനിയുള്ള കാലം ഇവരുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും.

Latest