Kozhikode
മൊബൈലില്‍ വിസ്മയങ്ങള്‍ തീര്‍ത്ത അജീഷിന്റെ 'കുത്തിവര'
കോഴിക്കോട്: ജോലിസ്ഥലത്തേക്കും അവിടെ നിന്ന് വീട്ടിലേക്കുമുള്ള ട്രെയിന്‍ യാത്രയില്‍ ഗെയിം കളിച്ച് സമയം കളഞ്ഞിരുന്ന അജീഷ് പുരുഷോത്തമന്‍ എന്ന അജീഷ് ഐക്കരപ്പടി മൊബൈലിലെ സ്‌കെച്ച് എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനില്‍ കൈവിരലുകള്‍ ചലിപ്പിച്ചപ്പോള്‍ വരകളുടെ വിസ്മയ ലോകമാണ് തുറന്നത്. തികച്ചും വേറിട്ട ശൈലിയില്‍ ചിത്രകലാ നിയമങ്ങളോ തൂലികയോ കാന്‍വാസോ ചായക്കൂട്ടുകളോ ഇല്ലാതെ തന്റെ മൊബൈല്‍ ഫോണില്‍ വിരലുകള്‍ കുത്തിവരച്ച ചിത്രങ്ങളുമായി കോഴിക്കോട് ആര്‍ട്ട് ഗാലറിയിലും അജീഷിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉള്ളത്.
അദ്ദേഹത്തിന്റെ ആദ്യചിത്രപ്രദര്‍ശനം കഴിഞ്ഞ ഫെബ്രുവരിയില്‍ കുത്തിവര എന്ന പേരില്‍ 50 ചിത്രങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ കലാസാംസ്‌കാരിക സംഘടനയായ രചനയുടെ ആഭിമുഖ്യത്തില്‍ നടന്നിരുന്നു. രണ്ടാമത്തെ ചിത്രപ്രദര്‍ശനം കുത്തിവര എന്ന പേരില്‍ തന്നെ 80 ചിത്രങ്ങളുമായി തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വച്ചും നടന്നു. മൊബൈലില്‍ ഗെയിം കളിച്ച് സമയം കളയുന്ന ന്യൂ ജന്‍സമൂഹത്തിനിടയില്‍ അജീഷ് വ്യത്യസ്തനാകുകയാണ്. ചെറുകാവ് ഗ്രാമപ്പഞ്ചായത്തിന്റെ 2015ലെ പ്രതിഭാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍കലാശാലയുടെ 2013ലെ കലണ്ടറിലെ 12 രേഖാ ചിത്രങ്ങള്‍, അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനാപതിയായിരുന്ന നിരുപമ റാവുവിന് അവരുടെ പുസ്തക പ്രകാശന വേളയില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ പെയിന്റിംഗ്, പ്രഫ. എം എം ഗനി അവാര്‍ഡ്, ബെസ്റ്റ് റിസര്‍ച്ചര്‍, ബെസ്റ്റ് റിസര്‍ച്ച് പേപ്പര്‍ അവാര്‍ഡുകള്‍ എന്നിവ ഡിസൈന്‍ ചെയ്തു. 2012,13,14 വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന പൂക്കള മല്‍സരത്തില്‍ അല്‍ഹിന്ദ് ടൂര്‍ ആന്‍ഡ് ട്രാവല്‍സിനു വേണ്ടി മത്സരിച്ച് നേടിയ മൂന്നാംസ്ഥാനവും അജീഷിന്റെ അക്കൗണ്ടിലുണ്ട്.
2015ലെ ചെറുകാവ് ഗ്രാമപ്പഞ്ചായത്തിന്റെ പ്രതിഭാ പുരസ്‌കാരവും അജീഷിനെ തേടിയെത്തി. മലപ്പുറം ഐക്കരപ്പടി -കൈതക്കുണ്ടയില്‍ ആനന്ദ ഭവനില്‍ അധ്യാപകരായ സി എന്‍ പുരുഷോത്തമന്റെയും കെ വി കനകമ്മയുടെയും മകനാണ് അജീഷ്. ഭാര്യ ഷിജി.