Connect with us

National

ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും കുവൈത്തിന്റെ അംഗീകാരം

Published

|

Last Updated

കൊച്ചി: കുവൈത്തില്‍ തൊഴില്‍ നേടുന്നതിനുള്ള മെഡിക്കല്‍ പരിശോധനക്ക് അമിത ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് അംഗീകാരം റദ്ദാക്കപ്പെട്ട ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിക്ക് വീണ്ടും അംഗീകാരം. കുവൈത്തിലേക്കുളള റിക്രൂട്ട്‌മെന്റുകള്‍ക്ക് വൈദ്യപരിശോധന നടത്താനാണ് ഖദാമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയില്‍ കഴിഞ്ഞ ജൂണിലാണ് ഇവരുടെ അംഗീകാരം റദ്ദാക്കിയത്.
അതേസമയം, നിലവില്‍ പരിശോധന നടത്തുന്ന ഗാംക ഏജന്‍സിയുടെ അംഗീകാരം റദ്ദാക്കി. ഖദാമത്തിന്റെ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കുവൈത്തില്‍ തൊഴില്‍ നേടുന്നതിന് ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ (ഗാംക) അംഗീകരിച്ച കേന്ദ്രങ്ങളിലെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ച് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഗാംകയുടെ അംഗീകാരം റദ്ദാക്കിയതോടെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാട്ടില്‍ തന്നെ പരിശോധന നടത്തുന്നതിനുള്ള അവസരം നഷ്ടമാകും. കേരളത്തിലെ 15 എണ്ണം ഉള്‍പ്പെടെ ഇന്ത്യയില്‍ നൂറിലേറെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഗാംകയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്നു. എല്ലാ പരിശോധനകള്‍ക്കും പരമാവധി 3,600 രൂപയാണ് ഗാംക കേന്ദ്രങ്ങള്‍ ഈടാക്കിയിരുന്നത്.
നേരത്തെ ഗാംകയെ മാറ്റിയാണ് ഖദാമത്തിന് ചുമതല നല്‍കിയത്. മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഖദാമത്തിന് കേന്ദ്രങ്ങളുണ്ടായിരുന്നത്. കൊച്ചി, ഹൈദരാബാദ് ഓഫീസുകള്‍ പിന്നീട് പൂട്ടുകയും ചെയ്തു.
അവശേഷിക്കുന്ന ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ക്ക് 24,000 രൂപ ഇവര്‍ ഫീസ് ഈടാക്കിയതില്‍ പ്രതിഷേധം ഉയരുകയും അമിത ഫീസ് ഈടാക്കിയതിന് ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഫീസ് 16,000 രൂപയായി കുറച്ചു. ഇതിനു പിന്നാലെയായിരുന്നു കുവൈത്ത് എംബസി ഇവരുടെ അംഗീകാരം റദ്ദാക്കിയത്.

Latest