Connect with us

International

ഗ്രീസില്‍ അലക്‌സിസ് സിപ്രാസിന്റെ പാര്‍ട്ടിക്ക് വിജയം

Published

|

Last Updated

ഏതന്‍സ്: ഗ്രീസില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ സിരിസ പാര്‍ട്ടിക്ക് വിജയം. ഞായറാഴ്ച 51 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സിരിസ പാര്‍ട്ടിക്ക് 35.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. 28.1 ശതമാനം വോട്ടുകള്‍ നേടി ന്യൂ ഡമോക്രസി പാര്‍ട്ടി രണ്ടാമതായി. ഇടതുപക്ഷ സ്വതന്ത്ര ഗ്രീക്ക് പാര്‍ട്ടി 3.7 ശതമാനം വോട്ടുകളോടെ ഏഴാം സ്ഥാനത്താണ്. പാര്‍ലിമെന്റിലെത്താന്‍ മൂന്ന് ശതമാനത്തിന്‌മേല്‍ വോട്ട് വേണം. പോരാട്ടങ്ങളുടേയും കഠിനപ്രയത്‌നങ്ങളുടേയും വഴികളാണ് നമ്മുടെ മുന്നിലുള്ളതെന്ന് പ്രാഥമിക ഫലങ്ങള്‍ പുറത്ത് വന്ന ശേഷം സിപ്രാസ് ട്വിറ്ററില്‍ കുറിച്ചു. സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനായി സിരിസയില്‍ ചേരുമെന്ന് സ്വതന്ത്ര ഗ്രീക്ക്‌സ് പാര്‍ട്ടി തലവന്‍ പനോസ് കാമ്മനോസ് പറഞ്ഞു. ഇന്ന് രാവിലെ സിപ്രാസ് പ്രധാനമന്ത്രിയായി തങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 300 അംഗ പാര്‍ലിമെന്റില്‍ 145 സീറ്റ് സിരിസ പാര്‍ട്ടി നേടിയിട്ടുണ്ട്. 10 സീറ്റ് സ്വതന്ത്ര ഗ്രീക്ക് പാര്‍ട്ടിയും നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാനാവും. അഞ്ച് സീറ്റിന്റെ ഭൂരിപക്ഷമാണ് ഈ സഖ്യത്തിനുണ്ടാകുക. ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ സിരിസ സര്‍ക്കാറിന്റെ സഖ്യ കക്ഷിയായിരുന്നു കാമ്മനോസിന്റെ പാര്‍ട്ടി. ഏഴ് മാസക്കാലമാണ് ഈ സര്‍ക്കാര്‍ നിലനിന്നത്. അന്ന് സഖ്യത്തിന് ഇന്നത്തേക്കാള്‍ ഭൂരിപക്ഷം പാര്‍ലിമെന്റിലുണ്ടായിരുന്നു. അന്താരാഷ്ട്രതലത്തില്‍നിന്ന് രാജ്യത്തിന് ലഭിക്കേണ്ട വായ്പയുമായി ബന്ധപ്പെട്ട മുന്‍ നിലപാടുകളില്‍നിന്ന് സിപ്രാസ് മലക്കം മറിഞ്ഞുവെന്ന് സിരിസ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമത ശബ്ദമുയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസമാണ് സിപ്രാസ് രാജിവെച്ചത്. അന്താരാഷ്ട്ര വായ്പാ ദാതാക്കളില്‍നിന്നും 96 ബില്യണ്‍ ഡോളറിന്റെ വായ്പ ലഭിക്കുന്നതിന് പകരമായി രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശം സിപ്രാസ് അംഗീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ സിപ്രാസിനെതിരായ ശബ്ദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിപ്രാസ് രാജിവെച്ചതും രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നതും. തിരഞ്ഞെടുപ്പില്‍ വിജയിച്ച സിരിസ പാര്‍ട്ടിയെയും സിപ്രാസിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയ പ്രധാന പ്രതിപക്ഷമായ എന്‍ ഡി പി എത്രയും വേഗം സര്‍ക്കാറുണ്ടാക്കാനും ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest