Connect with us

International

യു എസ് പ്രസിഡന്റായാല്‍ സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കും: ഡൊണാള്‍ഡ് ട്രംപ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സിറിയന്‍ അഭയാര്‍ഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംപ്‌ഷെയറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖിലെയും സിറിയയിലെയും ഇസില്‍ തീവ്രവാദികളായിരിക്കും വേഷം മാറി അഭയാര്‍ഥികളായതെന്നും അദ്ദേഹം ആരോപിച്ചു.
അഭയാര്‍ഥിപ്രവാഹത്തിന്റെ ഭാഗമായി സിറിയയില്‍ നിന്ന് ഇവിടെയെത്തിയവരെ താന്‍ ജയിക്കുകയാണെങ്കില്‍ തിരിച്ചയക്കുമെന്ന് നിങ്ങളെ അറിയിക്കുകയാണ്. രണ്ട് ലക്ഷം സിറിയക്കാരും ലോകം മുഴുവനും ഇതു കേള്‍ക്കുന്നുണ്ട്. രണ്ട് ലക്ഷം ആളുകളെ നാം സ്വീകരിക്കില്ല. അവരില്‍ ഇസില്‍ അംഗങ്ങളുമുണ്ടാകാം. അവരെങ്ങനത്തെവരാണെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. അവര്‍ അമേരിക്കയിലെത്തുന്നത് പ്രസിഡന്റ് ബരാക് ഒബാമയുടെ ബലഹീനത മുതലെടുത്താണ്. വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപ് എത്തുകയാണെങ്കില്‍ അവര്‍ തിരിച്ചുപോകേണ്ടി വരും- അദ്ദേഹം പ്രസംഗത്തിനിടെ ഓര്‍മിപ്പിച്ചു. സിറിയയില്‍ റഷ്യയും വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രസംഗത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. 1979ല്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയതിന് ശേഷം മുന്‍ സോവിയറ്റ് യൂനിയന്‍ രാജ്യമായ റഷ്യ ഇതാദ്യമായാണ് മറ്റൊരു രാജ്യത്ത് സൈനിക ഇടപടെല്‍ നടത്തുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ അഭയാര്‍ഥികളെ രാജ്യം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ മാസം യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കിയിരുന്നു.