Connect with us

Wayanad

കുറ്റിയാടി ചുരം വഴി സര്‍വീസ് നടത്തുന്നത് പഴക്കം ചെന്ന കെ എസ് ആര്‍ സി ബസ്സുകള്‍

Published

|

Last Updated

മാനന്തവാടി: കുറ്റിയാടി ചുരം വഴി സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകളുടെ കാലപ്പഴക്കം അകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം പൂതംപാറയില്‍ ബസ്സ് മറിഞ്ഞതുള്‍പ്പെടെ ചുരത്തിലൂടെ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സിയുടെ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതും പെരുവഴിയിലാകുന്നതും നിത്യ സംഭവമായിട്ടും അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
മാനന്തവാടിയില്‍ നിന്നും കുറ്റിയാടി ചുരം വഴി സ്വകാര്യ ബസ്സുകളൊന്നും തന്നെ സര്‍വീസ് നടത്തുന്നില്ല. നേരത്തെ സര്‍വീസ് നടത്തിയിരുന്നെങ്കിലും കെ എസ് ആര്‍ ടിസി സര്‍വീസുകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. ചുരത്തിന്റെ കുത്തനെയുള്ള കയറ്റം കാരണം എന്‍ജിന്‍ പ്രവര്‍ത്തന ക്ഷമത കുറവാവുന്നതും സ്വകാര്യ ബസ്സുകള്‍ റൂട്ടൊഴിയാന്‍ കാരണമായി.
നിലവില്‍ കെ എസ് ആര്‍ ടി സിയുടെ കുത്തകയായി മാറിയ ചുരം റോഡിലൂടെ 30ഓളം ട്രിപ്പുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ബംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകളും ഇതിലൂടെയുണ്ട്.
വടകര, തൊട്ടില്‍പ്പാലം, മാനന്തവാടി ഡിപ്പോകളില്‍ നിന്നുള്ള ബസ്സുകളാണ് ചുരത്തില്‍ സര്‍വീസ് നടത്തുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ബസ്സുകള്‍ മാത്രമാണ് ഇതിലൂടെ സര്‍വീസ് നടത്തുന്നത്. ഇതിനാല്‍ തന്നെ അപകടങ്ങളും വര്‍ധിക്കുകയാണ്. അഞ്ച് മാസം മുമ്പ് തുടങ്ങിയ കോട്ടയം, പാല സര്‍വീസ് മാത്രമാണ് പേരിന് പുതിയ ബസ്സ്. ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ ബസ്സിന് അഞ്ച് വര്‍ഷത്തിലധികമാണ്.
കാലപ്പഴക്കത്താല്‍ ഭൂരിഭാഗം ദിവസങ്ങളിലും സര്‍വീസ് കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല.
ഒരു ദിവസം ചുരുങ്ങിയത് രണ്ട് ബ്രേക്ക് ഡൗണ്‍ കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ട് ആഴ്ചക്കുള്ളില്‍ മൂന്ന് തവണ ബ്രേക്ക് പോയി ബസ്സ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇങ്ങനെ നിരവധി അപകടങ്ങളും എന്‍ജിന്‍ തകരാറുകളും സംഭവിച്ചിട്ടും പഴയ ബസ്സുകള്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തത് കാരണം കോര്‍പ്പറേഷന്റെ വരുമാനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

Latest