Connect with us

Malappuram

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൂക്കു കയറിടാന്‍ പെരുമാറ്റച്ചട്ടം

Published

|

Last Updated

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. അണികളെക്കൂടി ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും കലക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
വിവാദങ്ങളുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം ഒഴിവാക്കണം. ജനപ്രതിനിധികള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കരുത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ക്കരുത്. രാഷ്ട്രീയ പ്രചാരണങ്ങള്‍, ജാഥകള്‍ എന്നിവ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.
യോഗം നടത്തുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഉണ്ടെങ്കില്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഔദ്യോഗിക വസതികള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ യോഗം ചേരരുത്. സ്വകാര്യ സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നതിന് മുമ്പ് ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. പൊതുസ്ഥലങ്ങളില്‍ പതിക്കുന്നതിനും ബന്ധപ്പെച്ചവരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അച്ചടിക്കാന്‍ നല്‍കുന്ന പ്രചാരണ സാമഗ്രികളുടെ വിശദ വിവരം പാര്‍ട്ടികളും പ്രസ് ഉടമകളും നിശ്ചിത പ്രഫോമയില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ അറിയിക്കണം. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്നതും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങളും ഒഴിവാക്കണം.
എതിരാളികളുടെ വീടിന് മുന്നില്‍ പ്രകടനം, പിക്കറ്റിംഗ്, എന്നിവ നടത്തരുത്. ഗതാഗതത്തിന് തടസമുണ്ടാവാത്ത വിധം ജാഥകള്‍ ക്രമീകരിക്കണം. ജാഥയുടെ തീയതി, സമയം എന്നിവ പോലീസിനെ അറിയിക്കണം. പ്രചാരണ ചെലവുകള്‍ നിശ്ചിത തുകയുടെ പരിധിയിലാവണം. പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച മാനദണ്ഡം പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. രാത്രി 10 ന് പ്രചാരണം അവസാനിപ്പിക്കണം. വെഹിക്കിള്‍ പാസും മൈക്ക് പെര്‍മിറ്റും ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനമൊരുക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസാന ദിവസമായ ഒക്‌ടോബര്‍ അഞ്ചിനുണ്ടായ തടസങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അധ്യക്ഷനായും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചു.

കരുവാരക്കുണ്ട്, കാളികാവ്,
ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളില്‍ യു ഡി എഫ് സംവിധാനം
കാളികാവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്കു കീഴിലെ കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളില്‍ യു ഡി എഫ് സംവിധാനത്തില്‍ മല്‍സരിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.
വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും ഈ സാഹചര്യത്തില്‍ യു ഡി എഫ് ഘടകകക്ഷികള്‍ പരസ്പരം കലഹിക്കുന്നത് നാടിന് ഒട്ടും ഗുണകരമല്ലെന്നും യോഗം വിലയിരുത്തി. സി പി എം അവിശുദ്ധ കൂട്ടുകെട്ടാണ് ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി.
ജില്ലാ നേതൃത്വ തീരുമാനമനുസരിച്ച് നാല് പഞ്ചായത്തുകളിലേയും യു ഡി എഫ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡി സി സി സെക്രട്ടറി എന്‍ എ കരീം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ മുഹമ്മദലി സംസാരിച്ചു.

നാളെ മുതല്‍ നാമനിര്‍ദേശ
പത്രിക സമര്‍പ്പിക്കാം

മലപ്പുറം: വരണാധികാരികള്‍ നിഷ്പക്ഷരായി ചുമതലകള്‍ നിര്‍വഹിക്കണമെന്നും ജനസംഖ്യ കൂടുതലായതിനാല്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അഭ്യര്‍ഥിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് മുമ്പ് ഓരോ ബ്ലോക്കിലും വരണാധികാരിയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുകയും കാര്യക്ഷമത ഉറപ്പു വരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നാളെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരും. വിജ്ഞാപനം വരണാധികാരികളുടെ ഓഫീസിലെയും പഞ്ചായത്ത്, നഗരസഭ ഓഫീസുകളിലെയും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഏഴ് മുതല്‍ പൊതു അവധി ദിവസങ്ങള്‍ ഒഴിച്ചുള്ള തുടര്‍ച്ചയായ ഏഴ് ദിവസം രാവിലെ 11 മുതല്‍ മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വരണാധികാരിക്കോ സഹ വരണാധികാരിക്കോ അവരുടെ ഓഫീസുകളില്‍ ഹാജരായാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. മത്സരാര്‍ഥിക്ക് നേരിട്ടോ, പിന്താങ്ങുന്നയാള്‍ മുഖേനയോ, പത്രിക സമര്‍പ്പിക്കാന്‍ മത്സരാര്‍ഥി ചുമതലപ്പെടുത്തുന്നയാള്‍ വഴിയോ ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഒരു മത്സരാര്‍ഥിക്ക് പരമാവധി മൂന്ന് പത്രികകളാണ് സമര്‍പ്പിക്കാവുന്നത്. ഒരു മത്സരാര്‍ഥിക്ക് ഒരു സ്ഥാനത്തേക്ക് ഒന്നിലധികം വാര്‍ഡുകളില്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. എന്നാല്‍ വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് വ്യത്യസ്ത വാര്‍ഡുകളിലായി അപേക്ഷ സമര്‍പ്പിക്കാം. മത്സരിക്കുന്ന വ്യക്തി ആ വാര്‍ഡിലെ സമ്മതിദായകനാകണമെന്നില്ല. എന്നാല്‍ പിന്താങ്ങുന്ന വ്യക്തി നിര്‍ബന്ധമായും അതത് വാര്‍ഡിലെ സമ്മതിദായകനായിരിക്കണം.
ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 2000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് 3000 രൂപയും കെട്ടിവെക്കണം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. കലക്ടറേറ്റിലെ സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ പി രാമചന്ദ്രന്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, വരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.