Connect with us

National

മുല്ലപ്പെരിയാര്‍: ആരോപണങ്ങളുടെ കെട്ടഴിച്ച് തമിഴ്‌നാട്

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി ഐ എസ് എഫ് സുരക്ഷക്കായി തമിഴ്‌നാടിന്റെ പുതിയ തന്ത്രം. തീവ്രവാദഭീഷണിയെന്ന വാദം വിലപ്പോകില്ലെന്ന് കണ്ടതോടെ തമിഴ്‌നാട് ഉദ്യോഗസ്ഥരെ കേരളാ പോലീസ് അപമാനിക്കുന്നുവെന്ന് കാണിച്ച് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം നല്‍കി. അതിനാല്‍ അണക്കെട്ടിന് സി ഐ എസ് എഫ് സുരക്ഷ അനിവാര്യമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശം അനുസരിച്ചെത്തുന്ന ഉദ്യോഗസ്ഥരെ പോലും അണക്കെട്ടിന്റെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്ന കേരളാ പോലീസ് അപമാനിക്കുന്നുവെന്ന് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കേരളാ പോലീസില്‍ നിന്ന് ഭീഷണി നേരിടുന്നതായും സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറിന് ലശ്കറെ ത്വയ്യിബ പോലുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് ഐ ബി റിപ്പോര്‍ട്ട് ചെയ്തതായി തമിഴ്‌നാട് നേരത്തെ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. തമിഴ്‌നാട് ഇന്റലിജന്‍സ് ആണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് പിന്നീട് വ്യക്തമായി.
അണക്കെട്ടിന്റെ സുരക്ഷാകാര്യത്തില്‍ കേരളാ പോലീസ് വീഴ്ച വരുത്തുകയാണ്. കേരളാ വനം വകുപ്പും സംസ്ഥാന പോലീസും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ പര്യാപ്തമല്ല. അണക്കെട്ടിലും അണക്കെട്ടിന്റെ ഗ്യാലറിയിലും പരിശോധനക്ക് എത്തുന്ന തമിഴ്‌നാട് ഉദ്യോഗസ്ഥരെ തടയുന്ന സാഹചര്യമുണ്ട്. സുരക്ഷ കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നതോടെ ഇരു സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന ലഭിക്കുമെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി.
തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അണക്കെട്ടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍ പ്രത്യേക പോലീസ് സ്റ്റേഷന്‍ തന്നെ തുടങ്ങി. 124 അംഗ സായുധ പോലീസ് സംഘത്തിന്റെ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. 2014 ആഗസ്റ്റ് 16ന് തമിഴ്‌നാട് ഐ ബി നല്‍കിയ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് വാദിച്ചിരുന്നത്. അണക്കെട്ടിന് സി ഐ എസ് എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേരള സര്‍ക്കാറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു കേന്ദ്ര നിലപാട്.
കേരളം എതിര്‍ക്കുന്ന സാഹചര്യത്തില്‍ സി ഐ എസ് എഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കും.