Connect with us

Kozhikode

വ്യാജരേഖ ചമച്ച് ബേങ്കില്‍ നിന്ന് വായ്പയെടുത്തെന്ന കേസില്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി

Published

|

Last Updated

താമരശ്ശേരി: വ്യാജ രേഖ ചമച്ച് ബേങ്കില്‍ നിന്ന് വായ്പയെടുത്തെന്ന കേസില്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. കൊടിയത്തൂര്‍ ചെണ്ടം കുളത്ത് ജോസഫി(62)നെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2001 ല്‍ ജോസഫിന്റെ ഭൂമി പണയപ്പെടുത്തി സൗത്ത് മലബാര്‍ ബേങ്കിന്റെ മരഞ്ചാട്ടി ശാഖയില്‍ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബേങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ 90 സെന്റ് ഭൂമി 1994 ല്‍ മകള്‍ക്ക് ഇഷ്ട ദാനമായി നല്‍കിയിരുന്നതായി കണ്ടെത്തി. ഇത് മറച്ചുവെച്ച് വ്യാജ നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കുടിക്കടം എന്നിവ സമര്‍പ്പിച്ച് വായ്പയെടുത്തതായാണ് കേസ്. ബേങ്ക് മാനേജറുടെ പരാതിയില്‍ ഐ പി സി 420 പ്രകാരം വിശ്വാസ വഞ്ചന, 468 പ്രകാരം കബളിപ്പിക്കാന്‍വേണ്ടി വ്യാജ രേഖ ചമക്കല്‍, 471 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബേങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷികളായി വിസ്തരിച്ച പ്രോസിക്യൂഷന്‍ 11 രേഖകള്‍ തെളിവായി ഹാജരാക്കി. എന്നാല്‍ ബേങ്ക് അധികൃതരുടെ വീഴ്ച മറച്ചുവെക്കാന്‍ ജോസഫിനെ പ്രതിയാക്കിയിരിക്കുകയാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന രേഖകളില്‍ പിശകുണ്ടായിരുന്നാലും പ്രതി വ്യാജ രേഖ ചമച്ചതായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. പ്രതിക്കു വേണ്ടി അഡ്വ. കെ പി ഫിലിപ്പ്, അന്‍വര്‍ സ്വാദിഖ് മുക്കം കോടതിയില്‍ ഹാജറായി.

Latest