Connect with us

Gulf

ശൈഖ് ഹംദാന്‍ തഖ്ദീര്‍ സ്റ്റാര്‍ റേറ്റിംഗ് പദ്ധതി പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തഖ്ദീര്‍ സ്റ്റാര്‍ റേറ്റിംഗ് പദ്ധതി പ്രഖ്യാപിച്ചു.
ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളിക്ഷേമം ഉറപ്പാക്കുന്ന കമ്പനികളെയാണ് സ്റ്റാര്‍ റേറ്റിംഗ് സംവിധാനത്തിലൂടെ വിവിധ വിഭാഗങ്ങളായി തിരിക്കുക. രാജ്യപുരോഗതിയില്‍ കൂടുതല്‍ ക്രിയാത്മകമായ പങ്കാളിത്തം പങ്കാളിത്തം ഉറപ്പാക്കാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിന് തഖ്ദീര്‍ അവാര്‍ഡും സമ്മാനിക്കും. തഖ്ദീര്‍ എന്ന അറബി പദത്തിന് അഭിനന്ദനം എന്നാണ് അര്‍ഥം.
ദുബൈയിലെ നിര്‍മാണ കമ്പനികളെ അവാര്‍ഡിനായി എന്‍ട്രികള്‍ നല്‍കാനും ശൈഖ് ഹംദാന്‍ ആഹ്വാനം ചെയ്തു. തങ്ങളുടെ കമ്പനികള്‍ തൊഴിലാളി ക്ഷേമം ഉറപ്പാക്കാന്‍ നടപ്പാക്കിയ നടപടികളാണ് ഇതിനായി രൂപവത്കരിക്കുന്ന ജഡ്ജിംഗ് കമ്മിറ്റി പരിശോധിച്ച് മികച്ച നിര്‍മാണ കമ്പനിക്ക് തഖ്ദീര്‍ അവാര്‍ഡ് സമ്മാനിക്കുക. അവാര്‍ഡിനായി സമര്‍പിക്കുന്ന രേഖകള്‍ വിലയിരുത്തിയാണ് ഇവയെ വിവിധ സ്റ്റാര്‍ റേറ്റിംഗില്‍ ഉള്‍പെടുത്തുക. ഇതില്‍ ഏറ്റവും മികച്ച പോയിന്റ് ലഭിക്കുന്ന സ്ഥാപനമാണ് അവാര്‍ഡിന് അര്‍ഹത നേടുക.
ക്രിയാത്മകമായും മികച്ച രീതിയിലും പ്രവര്‍ത്തിക്കുന്ന കമ്പനികളെ കണ്ടെത്താനുള്ള അതിനൂതനമായ പദ്ധതിയാണ് തഖ്ദീര്‍ അവാര്‍ഡെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി. ദുബൈയിലെ തൊഴില്‍ മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം ലക്ഷ്യമിടുന്നത്. ദുബൈ പ്ലാന്‍ 2021ന്റെ ഭാഗം കൂടിയാണ് പുതിയ കാല്‍വെപ്പ്. അവാര്‍ഡ് കമ്പനികള്‍ക്ക് മികച്ച രീതിയിലേക്ക് എത്താന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദുബൈ വിഷന്‍ 2021ന്റെ ഭാഗം കൂടിയാണിത്. മതവും ദേശവും പരിഗണിക്കാതെ ദുബൈയില്‍ വസിക്കുന്ന എല്ലാവര്‍ക്കും സന്തോഷവും ക്ഷേമവും ഉറപ്പാക്കാനാണ് ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ദുബൈ ശ്രമിക്കുന്നതെന്നും ഹംദാന്‍ പറഞ്ഞു.