Connect with us

Malappuram

ഖലീല്‍ തങ്ങളുടെ ആസ്‌ട്രേലിയന്‍ പര്യടനം തുടങ്ങി

Published

|

Last Updated

ആസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ സെന്റ് ഫ്രാന്‍സിസ് ദൈവസമൂഹം സംഘടിപ്പിച്ച ഇന്റര്‍ഫൈത്ത് സംഗമത്തിനെത്തിയ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍

ബ്രിസ്ബണ്‍ (ആസ്‌ട്രേലിയ): മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആസ്‌ട്രേലിയന്‍ പര്യടനം ആരംഭിച്ചു. ബ്രിസ്ബണ്‍, സിഡ്‌നി, മെല്‍ബണ്‍ എന്നീ നഗരങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.

ബ്രിസ്ബണിലെ സെന്റ് ഫ്രാന്‍സിസ് സമൂഹം ബ്രിസ്ബണ്‍ ഇസ്‌ലാമിക് കോളേജ്ജ്, പദുവ കോളേജ്ജ്, മൗണ്ട് അല്‍വാനിയ കോളേജ്ജ് എന്നിവയുമായി സഹകരിച്ച് നടത്തിയ ഇന്റര്‍ഫൈത്ത് സംഗമത്തില്‍ ഖലീല്‍ തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ബഹുമതസമൂഹത്തില്‍ ഇസ്‌ലാമിന്റെ സാഹോദര്യ സന്ദേശം ഏറെ പ്രസക്തമാണെന്നും വിവിധ വിശ്വാസങ്ങളുടെ സൗഹൃദപൂര്‍ണമായ പാരമ്പര്യത്തില്‍ ഇസ്‌ലാമിക സമൂഹത്തിന് അനിഷേധ്യ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹജീവികള്‍ക്ക് ശല്യമാകാതെ ജീവിക്കാന്‍ പഠിക്കുകയെന്ന എല്ലാ മതങ്ങളുടെയും പ്രധാന പാഠങ്ങളിലൊന്നാണ്. അവിവേകികളായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം സമുദായം മുഴുവനായും തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുണ്ട്. തെറ്റിദ്ധാരണകള്‍ ഇല്ലാതെയാക്കേണ്ട പ്രധാന ഉത്തരവാദിത്തം മുസ്‌ലിംകള്‍ക്കു തെന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദുവ കോളജ് റെക്ടര്‍ റോബര്‍ട്ട് ഓട്ട്, ആത്മീയ വിദ്യാഭ്യാസ ഡയറക്ടര്‍ റിച്ചഡ് ബട്‌ലര്‍, വൈസ് റെക്ടര്‍ ബെന്‍ റൗലി, ബ്രിസ്ബന്‍ കോളേജ് ഇസ്‌ലാമിക് വിഭാഗം തലവന്‍ മുഫ്തി സിയാദ് റാവത് എന്നിവര്‍ സംസാരിച്ചു.

അടുത്ത മാസം തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടക്കുന്ന ജി 20 മതസൗഹാര്‍ദ്ധ സംഗമത്തിന്റെ മുന്നോടിയായി നാളെ ബ്രിസ്ബണിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന വിവിധ മത പ്രതിനിധികളുടെ സമ്മേളനത്തില്‍ ഖലീല്‍ തങ്ങള്‍ സംബന്ധിക്കുന്നുണ്ട്.