Connect with us

Ongoing News

ഐ എസ് എല്‍: ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

Published

|

Last Updated

കൊച്ചി: ഐ എസ് എല്‍ രണ്ടാം സീസണിലെ റെക്കോര്‍ഡ് കാണിക്കൂട്ടത്തെ – 62013- കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി പട ഏകപക്ഷീയമായ ഒരു ഗോളിന് കൊച്ചി പിടിച്ചടക്കി ! കളിതീരാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ ഘാന സ്‌ട്രൈക്കര്‍ റിചാര്‍ഡ് ഗാസെയാണ് വിജയഗോള്‍ നേടിയത്. ഡോസ് സാന്റോസിന് പകരം രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ഗാസെ ഫ്‌ളോറന്റ് മലൂദയുടെ ക്രോസ് ബോള്‍ തലകൊണ്ട് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. തന്റെ വലത് ഭാഗത്തേക്ക് പന്ത് ഊര്‍ന്നിറങ്ങുമ്പോള്‍ കേരള ഗോളി സ്റ്റീഫന്‍ ബൈവാട്ടര്‍ അതുവരെ പുറത്തെടുത്ത സാഹസിക പ്രകടനങ്ങളെല്ലാം നിഷ്പ്രഭമായി.
ഈ ജയത്തോടെ, നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക് കയറി. ഇത്രയും പോയിന്റുള്ള എഫ് സി പൂനെ ഗോള്‍ശരാശരിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേരള ബ്ലാസ്റ്റേഴ്‌സ് നാല് പോയിന്റുമായി ടേബിളില്‍ ആറാം സ്ഥാനത്തേക്ക് പതിച്ചു. ബ്ലാസ്റ്റേഴ്‌സിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ സന്ദേശ് ജിംഗാനാണ് ഹീറോ ഓഫ് ദ മാച്ച്.
ടോസിലെ ഭാഗ്യം ഡല്‍ഹിക്കായിരുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കിക്കോഫ് ചെയ്യാനുള്ള അവസരം നല്‍കിയ ഡല്‍ഹി തുടക്കത്തില്‍ തന്നെ പന്ത് പിടിച്ചെടുത്ത് ആക്രമണത്തിനൊരുങ്ങി. ഇരു ടീമുകളും തുടരെ ഗോള്‍മുഖം റെയ്ഡ് ചെയ്യുന്ന കാഴ്ചയില്‍ ഗാലറിയിലെ പതിനായിരങ്ങള്‍ ഇരമ്പി.
ഗോള്‍ ലക്ഷ്യമിട്ട് ആദ്യ ഷോട്ട് ഉതിര്‍ത്തത് ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡര്‍ കവിന്‍ ലോബോയാണ്. രണ്ടാം മിനുട്ടിലായിരുന്നു ഇത്. ഡല്‍ഹിയുടെ സ്പാനിഷ് ഗോളി ടോണി ഡബ്ലാസിന്റെ കൈകളിലേക്കായിരുന്നു ഈ ഊക്കനടി. മത്സരത്തിനെ ചൂടുപിടിപ്പിച്ചു കൊണ്ട് പിറകെ തന്നെ സി കെ വിനീതും ഗോളി ഡബ്ലാസിനെ പരീക്ഷിച്ചു. എന്നാല്‍, മത്സരത്തിലെ ആദ്യ കോര്‍ണര്‍ നേടിയെടുത്തത് ഡല്‍ഹിയായിരുന്നു.
ലോംഗ് റേഞ്ച് ഗോളുകള്‍ക്കായിരുന്നു ആദ്യ മിനുട്ടുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. പക്ഷേ, ഒന്നുംതന്നെ ഡല്‍ഹി ഗോളിയെ കീഴടക്കുന്നതായില്ല. വലത് വിംഗില്‍ നീളന്‍ ത്രോ എറിയുന്നതിന് പേരുകേട്ട രാഹുല്‍ ബെക്കെ ഒരുത്രോക്ക് പിറകെ രണ്ട് തുടര്‍ ക്രോസ് ബോളുകള്‍ നല്‍കിയതും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നതായി. ഇതെല്ലാം ക്ലിയര്‍ ചെയ്യുന്നതില്‍ ഡല്‍ഹിയുടെ റീസെയും അനസും കാണിച്ച ജാഗ്രത ഗോളകറ്റി. മധ്യനിരയില്‍ നിന്നുള്ള ത്രൂ പാസുകളിലൂടെ ഡല്‍ഹി ഗോളന്വേഷിച്ചു.

മലൂദ-റമഗെ പോരാട്ടം
ഡല്‍ഹിക്കായി ഏറ്റവും മികച്ചു നിന്നത് ചെല്‍സിയുടെ മുന്‍ താരം ഫ്‌ളോറന്റ് മലൂദയാണ്. ലോംഗ് പാസുകള്‍, ത്രൂ പാസുകള്‍, ക്രോസ് ബോളുകള്‍ എന്നിങ്ങനെ മലൂദ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍, ആതിഥേയര്‍ അതിന് മറുപടി നല്‍കി – ക്യാപ്റ്റന്‍ പീറ്റര്‍ റമഗെയിലൂടെ. സാഹസികമായ ക്ലിയറിംഗുകളുമായി റമഗെ ഉഗ്രന്‍ പ്രതിരോധഭടനായി മാറി. അരമണിക്കൂര്‍ പിന്നിട്ടയുടനെ ആയിരുന്നു മലൂദ ബോക്‌സിന്റെവലത് ഭാഗത്ത് നിന്ന് തുടരെ രണ്ട് ക്രോസുകള്‍ നല്‍കിയത്. ഹെഡര്‍ ഗോളിനായി ഡല്‍ഹി താരങ്ങള്‍ വട്ടമിട്ടു നിന്നെങ്കിലും കൃത്യമായ പൊസിഷനിംഗോടെ റമഗെ രണ്ട് ക്രോസും ഹെഡറിലൂടെ ക്ലിയര്‍ ചെയ്തു.

ടിക്കി-ടാക്ക പയറ്റി ഡൈനമോസ്
ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം പകുതിയില്‍ ഡല്‍ഹി കുറിയ പാസുകളുമായി മധ്യനിര അടക്കി വാഴുന്ന കാഴ്ച. പ്രത്യാക്രണത്തിലൊതുങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ ആരവം. കൂടുതല്‍ ആക്രമണ മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ അത് മാറിമറിഞ്ഞു. മലൂദയും മുള്‍ഡറും റോബിന്‍ സിംഗും സാന്റോസും ഇഴമുറിയാത്ത പാസുകളുമായി കളിയുടെ മനോഹാരിത വിടര്‍ത്തി. ഇടക്കൊക്കെ ഗാലറിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് അനുകൂലികള്‍ പ്രോത്സാഹനം നല്‍കി.

സെല്‍ഫ് ഗോളായേനെ….!
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം മാര്‍ക് വില്യംസ് സെല്‍ഫ് ഗോളടിച്ച് വില്ലനാകുമായിരുന്നു. അറുപത്തേഴാം മിനുട്ടിലാണ് സംഭവം. റോബിന്‍ സിംഗ് വലത് ബോക്‌സിനകത്തേക്ക് ലോബ് ചെയ്തിട്ട പന്ത് സാന്റോസ് ഫസ്റ്റ് ടൈം ടച്ചില്‍ ഗോളിലേക്ക് തൊടുത്തു. പന്ത് നേരെ മാര്‍കസിന്റെ കാലിലേക്ക്. പൊടുന്നനെയുള്ള ക്ലിയറിംഗില്‍ പന്ത് സ്വന്തം ഗോളിലേക്ക്. എന്നാല്‍, ബൈവാട്ടറിനെ കീഴടക്കിയ പന്ത് ക്രോസ് ബാര്‍ കുലുക്കി തിരിച്ചു പോന്നു.

തൊട്ടതെല്ലാം പിഴച്ച് വിനീത്
ലെഫ്റ്റ് ബാക്കില്‍ നിന്ന് വിനീത് അധ്വാനിച്ചു കയറിയെങ്കിലും വിറപ്പിക്കുന്ന ഒരുഷോട്ട് പോലും സാധ്യമായില്ല. ആദ്യ പകുതിയില്‍ ഓഫ് സൈഡ് ട്രാപ്പില്‍ പെട്ടെങ്കിലും വിനീത് ഒറ്റക്ക് മുന്നേറി തൊടുത്ത ഷോട്ട് ദുര്‍ബലമായിരുന്നു. ആദ്യം അവസരം പിഴച്ച നിരാശയിലായിരുന്നു വിനീതും ബ്ലാസ്റ്റേഴ്‌സ് കാണികളും. ഓഫ്‌സൈഡാണെന്ന് പിന്നീട് വ്യക്തമായി.
ഇടത് വിംഗിലൂടെ മാര്‍ക് വില്യംസ് കയറി വന്നപ്പോഴും ബുദ്ധിപരമായി ത്രൂ പാസ് നല്‍കുവാന്‍ വിനീത് മടിച്ചു നിന്നു. ഗോള്‍ വഴങ്ങിയതിന് തൊട്ടു പിന്നാലെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ, പുള്‍ഗ നല്‍കിയ പാസ് നേരെ അടിച്ചു കൊടുത്തും വിനീത് അവസരം തുലച്ചു.

മര്‍ചേന നിരാശപ്പെടുത്തി
മര്‍ചേനയുടെ ഫിറ്റ്‌നെസ് തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. മധ്യനിര നിയന്ത്രിക്കുന്നതില്‍ മര്‍ചേന പരാജയപ്പെട്ടു. പലപ്പോഴും തളര്‍ന്നവശനായതുപോലെയായിരുന്നു സ്പാനിഷ് താരം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രൂണോ പെറോണിനെ കളത്തിലിറക്കി മര്‍ചേനയെ തിരിച്ചുവിളിച്ചു.

ഒരേയൊരു മാറ്റവുമായി ഡല്‍ഹി
എഫ് സി പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശമാകണം ഡല്‍ഹി കോച്ച് റോബര്‍ട്ടോ കാര്‍ലോസ് ടീമില്‍ ആകെയൊരു മാറ്റം മാത്രമാണ് വരുത്തിയത്. മാമക്ക് പകരം ഫ്രാന്‍സിസ് ഫെര്‍നാണ്ടസിനെ റൈറ്റ് വിംഗ് അറ്റാക്കറായി ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തി.

ഏഴ് മാറ്റവുമായി ബ്ലാസ്റ്റേഴ്‌സ്
രാജ്യാന്തര ഡ്യൂട്ടി കഴിഞ്ഞ് പഞ്ചാബ് താരം സന്ദേശ് ജിംഗാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ തിരിച്ചെത്തിയതാണ് ടീം ആരാധകരെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്. ഒപ്പം മാര്‍ക്വു താരം കാര്‍ലോസ് മര്‍ചേന പരുക്ക് ഭേദപ്പെട്ട് കളിക്കാനിറങ്ങിയതും. സെന്റര്‍ബാക്കില്‍ ജിംഗാനെത്തിയപ്പോള്‍ ഗുര്‍വീന്ദര്‍ സൈഡ് ബെഞ്ചിലായി.
ഡിഫന്‍സില്‍ ബ്രൂണോ പെറോണിന് പകരം മാര്‍കസ് വില്യംസ് വന്നപ്പോള്‍ ലെഫ്റ്റ് ബാക്കില്‍ സൗമിക്കിന് പകരം സി കെ വിനീതും കളത്തിലിറങ്ങി. മര്‍ചേനക്കായി വഴി മാറിക്കൊടുത്തത് ശങ്കര്‍ സംപിന്‍ഗിരാജാണ്. ജോസുവിന് പകരം മിഡ്ഫീല്‍ഡില്‍ പുള്‍ഗയെത്തി. മെഹ്താബ് ഹുസൈന് പകരം മിഡ്ഫീല്‍ഡില്‍ കവിന്‍ ലോബോ വന്നതാണ് മറ്റൊരു മാറ്റം. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ സാഞ്ചസ് വാട്ടിനെ രണ്ടാം പകുതിയിലാണ് കളത്തിലിറക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് 5-3-2
പ്രതിരോധം ശക്തമാക്കിയുള്ള ഫോര്‍മേഷനാണ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ ഒരുക്കിയത്. ക്യാപ്റ്റന്‍ പീറ്റര്‍ റമഗെ സെന്റര്‍ ബാക്കില്‍. കൂട്ടിന് വലത് ഭാഗത്ത് ജിംഗാനും ഇടത് ഭാഗത്ത് മാര്‍കസ് വില്യംസും. വിംഗ് ബാക്കുകളായി രാഹുല്‍ ബെക്കെയും സി കെ വിനീതും. കവിന്‍ ലോബോ, മാര്‍ക്വു താരം മര്‍ചേന, പുള്‍ഗ എന്നിവര്‍ മിഡ്ഫീല്‍ഡില്‍. സ്‌ട്രൈക്കര്‍മാരായി ക്രിസ് ഡാഗ്നലും മനന്‍ദീപ് സിംഗും ഗോളിയായി ബൈവാട്ടറും.

ഡല്‍ഹി ഡൈനാമോസ്4-4-2
നാല് പേരെ പ്രതിരോധത്തിലും അത്രയും പേരെ മധ്യനിരയിലും രണ്ട് സ്‌ട്രൈക്കര്‍മാരെയും നിരത്തി അറ്റാക്കിംഗ് മൂഡിലായിരുന്നു ഡല്‍ഹി ഇറങ്ങിയത്. ഫ്‌ളോറന്റ് മലൂദയും റോബിന്‍ സിംഗുമാണ് അറ്റാക്കിംഗിന് നേതൃത്വം നല്‍കിയത്. മധ്യനിരയില്‍ സാന്റോസ്, ഹാന്‍സ് മുള്‍ഡര്‍, ചികാവോ, ഫ്രാന്‍സിസ്‌കോ ഫെര്‍നാണ്ടസ്. പ്രതിരോധ നിരക്ക് നേതൃത്വം നല്‍കിയത് ആര്‍നെ റീസെയും മലയാളി താരം അനസ് എടത്തൊടിക്കയും. വിംഗ് ബാക്കുകളായി അഡിംഗയും സൗവിക് ചക്രബര്‍ത്തിയും ഗോള്‍ കീപ്പറായി ടോണി ഡബ്ലാസും.

Latest