Connect with us

Malappuram

മുഹര്‍റം സമ്മേളനം; സ്വലാത്ത് നഗറില്‍ വിപുലമായ ഒരുക്കങ്ങള്‍

Published

|

Last Updated

മലപ്പുറം: വിശുദ്ധമായ മുഹര്‍റം മാസത്തെ പുണ്യദിനങ്ങളോടനുബന്ധിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. ഇസ്‌ലാമിക ചരിത്രപരമായി ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമായതിനാല്‍ മുഹര്‍റം ആചരണങ്ങള്‍ മുസ്‌ലിം ലോകം എമ്പാടും വിപുലമായ രീതിയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ സജ്ജീകരിക്കുന്നത്.
ഇത്തവണ ഗ്രാന്റ് മസ്ജിദിന് പുറമെ പന്തല്‍ സൗകര്യമുള്‍പ്പെടെ വിവിധങ്ങളായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കാല്‍ ലക്ഷം പേര്‍ക്കുള്ള ഇഫ്താറാണ് സംവിധാനിക്കുന്നത്. മുഹര്‍റം പത്തിന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം നോമ്പുതുറ വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പതിനായിരങ്ങള്‍ സംഗമിക്കും. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ അല്‍കഹ്ഫ് പാരായണം, സ്വലാത്ത്, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, തബര്‍റുക് വിതരണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക.
പ്രാര്‍ത്ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതര്‍ നേതൃത്വം നല്‍കും. ആശൂറാഅ് സംഗമത്തിന് പുറമെ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍ (റ), കവരത്തി സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹി എന്നിവരുടെ ആണ്ട് നേര്‍ച്ചയും പ്രസ്തുത പരിപാടിയില്‍ നടക്കുന്നുണ്ട്.
മുഹര്‍റം ഒമ്പതിന് രാവിലെ 9 മുതല്‍ 12 വരെ വനിതകള്‍ക്കായി പഠന ക്ലാസും പ്രാര്‍ഥനാ മജ്‌ലിസും സംഘടിപ്പിക്കും. ഇന്നലെ മഅ്ദിന്‍ ഗ്രാന്റ് മസിജിദില്‍ നടന്ന മുഹര്‍റം ചരിത്ര വിശേഷം എന്ന വിഷയം സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് അവതരിപ്പിച്ചു. ഹിജ്‌റയുടെ സന്ദേശം എന്ന ശീര്‍ഷകത്തില്‍ അബ്ദുല്‍ ജലീല്‍ സഖാഫി പ്രഭാഷണം നടത്തി.
പ്രോഗ്രാം സംബന്ധമായി ചേര്‍ന്ന യോഗം അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ദുല്‍ ഫുഖാറലി സഖാഫി, സൈതലവി സഅദി പെരിങ്ങാവ്, മുഹമ്മദ് ബഷീര്‍ സഅദി വയനാട്, ശിഹാബലി അഹ്‌സനി മലപ്പുറം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, റിയാസ് സഖാഫി അറവങ്കര, അബ്ദുല്‍ ജലീല്‍ അസ്ഹരി, മുഹമ്മദ് ശാഫി ഫാളിലി എന്നിവര്‍ സംബന്ധിച്ചു.

Latest