Connect with us

Articles

ആഹാരം, അധികാരം, ഫാസിസം

Published

|

Last Updated

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സവര്‍ണരൂപം സാംസ്‌കാരിക ദേശീയതയുടെ അടിത്തറ ശക്തമാകുന്നതിന് മതത്തെ എല്ലാ അര്‍ഥത്തിലും ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. നാനാത്വത്തിലധിഷ്ഠിതമായ ബഹുസ്വരതയും ആ ബഹുസ്വരത ഉത്പാദിപ്പിക്കുന്ന വൈജാത്യങ്ങളായ ഭാഷ, വേഷം, ആഹാരം, സംസ്‌ക്കാരം, വിശ്വാസം, ആചാരം തുടങ്ങിയ അനവധി ജീവിത ബന്ധിതമായ അടയാങ്ങളെയും അത് ബോധപൂര്‍വം നിഷേധിക്കുന്നുണ്ട്. ഇത് ഒരു മതരാഷ്ട്ര നിര്‍മിതിക്ക് ആവശ്യമായ അടിസ്ഥാന ആവശ്യമാണെന്ന് ഭരണകൂടത്തെ നിയന്ത്രിക്കുന്ന സവര്‍ണ ഹിന്ദുത്വ പ്രചാരകര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രയാഥാര്‍ഥ്യത്തെ മാറ്റിപ്പണിയാന്‍ ഭരണകൂടം ഫാസിസത്തിന്റെ വ്യത്യസ്ത വഴികള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തിന് സ്വാതന്ത്ര്യാധികാരമുളള ഒരു ജനതയെ അവരുടെ ബഹുസ്വരാധിഷ്ഠിതമായ ജീവിതരീതിയെ അത്ര പെട്ടെന്ന് നിഷേധിക്കാന്‍ കഴിയില്ല എന്നതാണ് പൗരന്മാര്‍ കരുതിയിരിക്കുന്നത്. ഈ ധാരണങ്ങളെ പാടെ മാറ്റിക്കൊണ്ട് തീവ്രഹിന്ദുവിചാരത്തെ എല്ലാ അര്‍ഥത്തിലും വര്‍ഗീയ രാഷ്ട്രീയമായി പരിവര്‍ത്തനം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ഫാസിസത്തിന്റെ വഴി നാള്‍ക്കുനാള്‍ വെട്ടിത്തെളിയിക്കുകയാണ്. അത്തരം വഴിവെട്ടലിന്റെ മൂര്‍ത്തമായ രൂപങ്ങളാണ് സാംസ്‌കിരിക ഫാസിസമായും വര്‍ഗീയ ധ്രുവീകരണമായും ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന് സൈദ്ധാന്തികമായ നേതൃത്വം നല്‍കുന്നത് സവര്‍ണ ഹിന്ദുത്വമാണെങ്കിലും പ്രായോഗിക തലത്തില്‍ അത് വ്യത്യസ്തമായ രൂപത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഏറ്റവും താഴെ തട്ടിലുളള ഹിന്ദുനാമധാരികള്‍ പോലും വര്‍ഗീയ ലഹളകള്‍ക്ക് പങ്കാളിത്വം നല്‍കുന്നത്. അതിന് ഇന്ന് ആഹാരവും അധികാരവും ശക്തമായ ഉപകരണമായി മാറുന്നുണ്ട്.
ഇത്തരമൊരു വിചാരത്തില്‍ നിന്ന് കൊണ്ട് വേണം സാംസ്‌കാരിക ഫാസിസത്തിന്റെ ഇരകളായ ഗോവിന്ദ പന്‍മ്പാരെ, ദാഭോല്‍കര്‍, കല്‍ബുര്‍ഗി തുടങ്ങിയവരുടെ വധത്തെ നോക്കികാണേണ്ടത്. ഈ മൂന്ന് കൊലപാതകങ്ങളും ഒരു അജന്‍ഡയുടെ ഭാഗമാണെന്ന് തെളിഞ്ഞ് വരുന്നുണ്ട്. തീവ്ര ഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്തയാണ് ഇതിന്റെ പ്രയോജകര്‍ എന്നുപറയപ്പെടുന്നു. ഇവരുടെ വധത്തിന് കാരണമായത് ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തതായിരുന്നു. മതാധിഷ്ഠിത സാംസ്‌കാരിക ദേശീയത സ്ഥാപിച്ചെടുക്കാന്‍ മറ്റ് മതങ്ങളെയും വിശ്വാസങ്ങളെയും അടിച്ചമര്‍ത്തുകയോ ഉന്മൂലം ചെയ്യുകയോ വേണം. അതിന് സാധാരണ ഹിന്ദുമത വിശ്വാസികളെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുക അവരിലെ വിശ്വാസത്തെ തൊട്ടുകൊണ്ട് തന്നെയാണ്. ആ അര്‍ഥത്തില്‍ ഗോമാതാവ് എന്ന സങ്കല്‍പ്പത്തെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞിരിക്കുന്നു. ആഹാരത്തിലൂടെ എങ്ങനെ വര്‍ഗീയ ഫാസിസത്തെ വളര്‍ത്തിയെടുക്കാം എന്ന് ഇത് അവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഗോമാംസം വീട്ടില്‍ സൂക്ഷിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലഖ്‌നോവിലെ ദാദ്രിയില്‍ അടിയേറ്റ് മരിച്ച അമ്പതുകാരനായ മുഹമ്മദ് അഖ്‌ലാഖിന്റെ വധം ആസൂത്രിതമായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പിനെ തുടര്‍ന്നെത്തിയ സ്വന്തം നാട്ടുകാരാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. ദിവസം കഴിയുന്തോറും ഇതൊരു ആസൂത്രിത വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്ന് തെളിഞ്ഞ് വരികയാണ്. ഗ്രാമത്തിലെ ഹിന്ദുക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ് തങ്ങളുടെ വീട് എന്ന മരണപ്പെട്ട മുഹമ്മദിന്റെ മകള്‍ സാജിത പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാം സൗഹൃദങ്ങളേയും പച്ചയില്‍ കത്തിക്കുകയാണ് വര്‍ഗീയ ഫാസിസത്തിന്റെ സ്വഭാവം എന്ന് 2002ല്‍ ഗുജറാത്തില്‍ കണ്ടതാണ്. അന്ന് അതിന്റെ കാരണം മറ്റൊന്നായിരുന്നു. ഇന്നത്തെ കാരണം ആഹാരമാണ്. ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ഒരു പൗരന് എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കാനുളള അധികാരം ഭരണകൂടം കവര്‍ന്നെടുക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ നാം മടിച്ച് നില്‍ക്കരുത്. ചോദ്യം ചെയ്യല്‍ സത്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെയായിരിക്കണം. എന്താണ് ഗോവധവുമായി ബന്ധപ്പെട്ട സത്യങ്ങള്‍. പശു ഹിന്ദുമത വിശ്വാസികളുടെ മാതാവ് ആണോ? അല്ല എന്ന് ഹിന്ദുമതത്തെ വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെ പറയുന്നുണ്ട്. രാം പുനിയാനിയുടെ “വര്‍ഗീയ രാഷ്ട്രീയം മിത്തും യാഥാര്‍ഥ്യവും” എന്ന പുസ്തകത്തില്‍ ഗോമാതാവ് എന്ന വിശ്വാസവുമായി ബന്ധപ്പെച്ച ഭാഗം ശ്രദ്ധേയമാണ്.
“ഏതെങ്കിലും ഒരു സ്ഥലത്ത് സ്ഥിരമായി പാര്‍പ്പുറപ്പിച്ച് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് തുടങ്ങുന്നതിന് മുമ്പു തന്നെ പുരാതന ആര്യ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ മൃഗബലി സര്‍വസാധാരണമായിരുന്നു എന്ന് പുരാതന ലിഖിതങ്ങളും വേദങ്ങളും മറ്റും പരിശോധിച്ചാല്‍ ബോധ്യമാകും. ആദ്യകാലങ്ങളില്‍ പശുക്കളായിരുന്നു പ്രധാന വളര്‍ത്തു മൃഗം. ദേവപ്രീതിക്ക് വേണ്ടി ബലിയര്‍പ്പിച്ചിരുന്നതും പശുക്കളെയായിരുന്നു. സമൂഹത്തില്‍ ഒരാളുടെ പദവി നിര്‍ണയിച്ചത് അയാളുടെ പശുക്കളുടെ എണ്ണം ആസ്പദമാക്കിയായിരുന്നു. ഹിന്ദുദേവന്മാര്‍ പൊതുവെ മാംസപ്രിയരായിരുന്നു എന്ന് നമ്മുടെ ഇതിഹാസങ്ങള്‍ തന്നെ വ്യക്തമാകുന്നുണ്ട്. ദേവേന്ദ്രന് കാളയിറച്ചിയായിരുന്നു പ്രിയമെങ്കില്‍ അഗ്നി ദേവന് പശുവെന്നോ കാളയെന്നോ വിവേചനമുണ്ടായിരുന്നില്ല. മരുത്തുകള്‍ക്കും (കശ്യപപുത്രന്മാരായ 49 ദേവകള്‍) അശ്വീന ദേവന്മാര്‍ക്കും (സൂര്യപുത്രന്മാരായ രണ്ടു ദേവകള്‍) ഗോകളെ നിവേദിച്ചിരുന്നു. വേദങ്ങളില്‍ ഏതാണ്ട് 250 മൃഗങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്. അവയില്‍ 50 എണ്ണം ബലികൊടുക്കാന്‍ അനുയോജ്യമാണെന്നും പറയുന്നുണ്ട്. മഹാഭാരതത്തില്‍ രതിദേവന്‍ എന്ന ദയാലുവായ രാജാവിന്റെ മഹത്വത്തെ വാഴ്ത്തുമ്പോള്‍ അദ്ദേഹം ബ്രാഹ്മണര്‍ക്ക് ധാന്യങ്ങളും ഗോമാംസവും നിര്‍ലോപം ദാനം ചെയ്തിരുന്നതായി പറയുന്നുണ്ട്. തൈത്തീരിയ ബ്രഹ്മന്‍ പശു അന്നമാണെന്ന് തീര്‍ത്തു പറയുന്നുണ്ട്. ഇളം ഗോമാംസത്തോട് യാജ്ഞവല്‍ക്യനുളള കമ്പം പ്രസിദ്ധമാണ്. വേദങ്ങളില്‍ മാത്രമല്ല പിന്നീടുണ്ടായ ബ്രാഹ്മണ്യഗ്രന്ഥങ്ങളിലും ഗോമാംസം ഭക്ഷിക്കുന്നതിനെകുറിച്ചുളള പരാമര്‍ശങ്ങള്‍ യഥേഷ്ടമുണ്ട്. (വര്‍ഗീയ രാഷ്ട്രീയം മിത്തും യാഥാര്‍ഥ്യവും രാം പുനിയാനി. പേജ് 72)
ഇതുപോലുളള ഒട്ടനവധി വിശ്വാസപരമായ തെളിവുകള്‍ പുരാണങ്ങളില്‍ വിശ്വസിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് കണ്ടെത്താന്‍ കഴിയും. എന്നിട്ടും എന്തിനാണ് ഗോവധ നിരോധം നിര്‍ബന്ധമാക്കുന്നത്. അത്തരമൊരു അന്വേഷണത്തിലാണ് ഇന്ത്യ എന്ന ബഹുസ്വരതയിലും നാനാത്വത്തിലും അധിഷ്ഠിതമായ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഭരണകൂടത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെയും അജന്‍ഡയെ തിരിച്ചറിയേണ്ടത്. ഏകത്വത്തില്‍ നിന്നാണ് നാനാത്വമുണ്ടാകുന്നത് എന്ന വാദം ഹിന്ദുമതരാഷ്ട്ര നിര്‍മ്മിതിയുടെ ഭാഗം തന്നെയാണ്. അതിന് ആത്മീയതയെ സ്‌നേഹിക്കുന്ന സാധാരണ വിശ്വാസികളെ ഉപയോഗിക്കാന്‍ അവര്‍ക്ക് മുമ്പില്‍ ഒരു പൊതു ശത്രുവിനെ അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ പശുവിനെ മുസ്‌ലിം വിശ്വാസികള്‍ കൊന്ന് തിന്നുന്നത് വിശ്വാസത്തിന്റെ മേലുള്ള കടുത്ത കടന്നേറ്റമായി സവര്‍ണ ഹിന്ദുത്വ ശക്തികള്‍ നിരന്തരം പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനമാണ് ദാദ്രിയില്‍ മുഹമ്മദിനെ കൊന്നത്. ഈ കൊലപാതകത്തിന് തയ്യാറാക്കുന്നവര്‍ക്ക് അധികാരം നല്‍കുന്ന ശക്തി കൂടി തിരിച്ചറിയേണ്ടതുണ്ട്. ഫാസിസത്തിന്റെ വളര്‍ച്ചക്കുള്ള ഉപകരണങ്ങള്‍ മനുഷ്യരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അധികാര വര്‍ഗമാണെന്നും പച്ചയില്‍ തന്നെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇരയെ തിരഞ്ഞെടുക്കുന്നത് ഈ ഉപകരണങ്ങള്‍ അല്ലെന്നും അത് ആധിപത്യ ഭീകരതയുടെ സൈന്താതിക മണ്ഡലമാണെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇന്ത്യയില്‍ 1925ലെ വിജയദശമീ നാളില്‍ രൂപം കൊണ്ട ആര്‍ എസ് എസ് ഇത്തരമൊരു ബുദ്ധികേന്ദ്രം തന്നെയാണ്. തന്റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും 1934ലാണ് ഡോ. ഹെഡ്‌ഗെവാറിന്റെ ക്ഷണപ്രകാരം ഗാന്ധിജി ആര്‍ എസ് എസിന്റെ ശാഖ സന്ദര്‍ശിച്ചത്. അതിനുശേഷം 1946 ല്‍ അന്നത്തെ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന പ്യാരേലാലിനോട് ഗാന്ധിജി പറഞ്ഞു. “ഹിറ്റ്‌ലറുടെ നാസികള്‍ക്കും മുസോളിനികളുടെ ഫാസിസ്റ്റുകള്‍ക്കും അച്ചടക്കം കഠിനാദ്ധ്വാനവും ഉണ്ടായിരുന്നു. അതേപോലെ സേച്ഛാധിപത്യ മനോഭാവമുളള വര്‍ഗീയ സംഘടനയാണ് ആര്‍ എസ് എസ്” അതേ ആര്‍ എസ് എസിനെ കൊണ്ട് ഗാന്ധിജി വധിക്കപ്പെട്ടു. ഒരു ഹിന്ദുവിശ്വാസി ആയിട്ടുപോലും. അതുകൊണ്ട് ഫാസിസം അതിന്റെ വളര്‍ച്ചക്ക് വളമാകുന്നതിനെ തിരിച്ചറിയുമ്പോള്‍ മാത്രമാണ് യഥാര്‍ഥ പ്രതിരോധം ഉയര്‍ന്നു വരുന്നുളളൂ. അതിനു വേണ്ടത് നമ്മുടെ ബഹുസ്വരതയെ അതിന്റെ അതിവിശാലമായ അര്‍ഥത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പൊതു ഇടപെടല്‍ സൃഷ്ടിക്കുക എന്നതാണ്.
സാമുദായിക ധ്രുവീകരണം സമാധാനപരമായ ജീവിതത്തെ തകര്‍ത്തപ്പോള്‍ കാലങ്ങളായി ജീവിച്ച മണ്ണ് പോലും ഉപേക്ഷിക്കേണ്ടി വരുന്നു ദാദ്രിയിലെ ആ കുടുംബത്തിന്. ഇത് ഒരു പലായനമല്ല. ആ ഗ്രാമത്തില്‍ ഭരണകൂടം ഭൂരിപക്ഷ മതവിശ്വാസികള്‍ക്ക് നല്‍കുന്ന അധികാര രൂപമാണ്. ഭരണകൂട അധികാരം ന്യൂനപക്ഷത്തെ ഉന്മൂലം ചെയ്യാന്‍ ഭൂരിപക്ഷത്തിന് നല്‍കുന്ന അധികാരം. ഇങ്ങനെ അധികാര ശക്തികൊണ്ട് ബഹുസ്വരതയുടെ അടിസ്ഥാനപ്രമാണമായ സഹിഷ്ണുതയെ തകര്‍ക്കുമ്പോള്‍ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ കഴിയൂ എന്ന് സവര്‍ണ മനസ്സ് വിശ്വസിക്കുന്നു. ഇത് ഒരു വ്യാമോഹം മാത്രമാണ്. എത്രതന്നെ സവര്‍ണവത്കൃതമായ ഒരു സമൂഹമായ ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്നുവോ അത്രതന്നെ ശക്തമായ ചെറുത്തു നില്‍പ്പ് രാജ്യത്ത് ഉയര്‍ന്നു വരും. അതിന് നേതൃത്വം നല്‍കുന്നത് ഭൂരിപക്ഷ മതമനസ്സ് തന്നെയായിരിക്കും. എന്നാല്‍ ഇത്തരമൊരു പൊതുബോധം നമുക്ക് ആശ്വാസം നല്‍കുമ്പോഴും ഭരണകൂട അധികാരം അതിന്റെ വ്യത്യസ്തമായ പോര്‍മുഖങ്ങള്‍ ഇന്ത്യന്‍ ഫാസിസ്റ്റ് മനസ്സ് രൂപപ്പെടുത്താനുളള ധൃതിപെട്ട പണിയിലാണ്. അതിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ എല്ലാ മേഖലകളിലെയും മനുഷ്യസ്‌നേഹികള്‍ മൗനത്തെ തകര്‍ക്കേണ്ടിയിരിക്കുന്നു. എഴുത്തും പ്രഭാഷണവും ചിത്രകലയും ചരിത്രരചനയും പ്രതിരോധ മാര്‍ഗങ്ങളായി തീരേണ്ടതുണ്ട്. നമ്മുടെ ബഹുസ്വരതയെ തകര്‍ക്കാന്‍ ആഹാരവും അധികാരവും ഫാസിസത്തിന്റെ ഉപകരണമാകാന്‍ പാടില്ല. അത് സാധ്യമാകണമെങ്കില്‍ മതത്തിന് അതീതമായ മാനവികതയുട ഭാഗമായി നാം മാറണം.