Connect with us

Wayanad

നാല് വിമതരെ കൂടി കോണ്‍ഗ്രസ് പുറത്താക്കി

Published

|

Last Updated

കല്‍പ്പറ്റ: നാല് വിമതരെ കൂടി കോണ്‍ഗ്രസ് പുറത്താക്കി. ഇതോടെ പുറത്താക്കപ്പെട്ട വിമതരുടെ എണ്ണം പതിനാറായി. വിമതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടി പുറത്താക്കി.
കോണ്‍ഗ്രസിനെതിരെ മത്സരത്തിന് കച്ചമുറുക്കിയിറങ്ങിയ വിമതര്‍ക്കെല്ലാം പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. മേപ്പാടി ആനപ്പാറ വാര്‍ഡില്‍ മത്സരിക്കുന്ന മുന്‍ വാര്‍ഡ് പ്രസിഡന്റ് കൂടിയായ രവി, മുള്ളന്‍കൊല്ലി മണ്ഡലം കബനിഗിരി വാര്‍ഡില്‍ മത്സരിക്കുന്ന പിഎ പ്രകാശന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന അരുണ്‍ വിന്‍സെന്റ് കോട്ടത്തറ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മത്സരിക്കുന്ന രത്‌നാവതി എന്നിവരെയും ഇവര്‍ക്ക് വേണ്ടി മത്സരരംഗത്തിറങ്ങിയ കോട്ടത്തറ മണ്ഡലം സെക്രട്ടറി ഇ കെ മൂസ്സ, കുന്നമ്പറ്റ മില്‍ക്ക് സൊസൈറ്റി ഡയറക്ടര്‍ കമല, മാനന്തവാടി പുത്തന്‍പുര വാര്‍ഡ് പ്രസിഡന്റ് ബിനീഷ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അറിയിച്ചു. കഴിഞ്ഞ ദിവസം പന്ത്രണ്ട് പേരെ പാര്‍ട്ടിയുടെ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ പി എന്‍ ശിവനൊഴികെ മറ്റാരും തന്നെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
മേപ്പാടി പഞ്ചായത്തിലെ17-ാം വാര്‍ഡിലെ ആനപ്പാറയില്‍ ഡി സി സി സെക്രട്ടറി ഗോകുല്‍ദാസിനെതിരെയായിരുന്നു രവി സ്ഥാനാര്‍ഥിയായി രംഗത്ത് വന്നത്. രവിക്ക് പ്രദേശത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നും നല്ലൊരു ശതമാനം വോട്ട് പിടിക്കുമെന്നുമാണ് അറിയുന്നത്. ലീഗില്‍ നിന്നും രാജിവെച്ച് സി പി ഐ ഇടതു സ്വതന്ത്രനായി ടി കെ സുലൈമാനാണ് ഗോകുല്‍ദാസിന്റെ പ്രധാന എതിരാളി. ടി കെ സുലൈമാനെതിരെ അപരന്മാരെയും യു ഡി എഫ് ഇറക്കിയിട്ടുണ്ടെന്നാണ് സൂചന. സുലൈമാന്‍ മുന്‍ പഞ്ചായത്തംഗവും പ്രദേശത്ത് വികസനം കൊണ്ടു വരുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളുമാണെന്നാണ് എല്‍ ഡി എഫ് അവകാശപ്പെടുന്നത്. അതിനാല്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.