Connect with us

Gulf

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; ഏഴംഗ പാക്കിസ്ഥാനി സംഘം പിടിയില്‍

Published

|

Last Updated

ഷാര്‍ജ: ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നതില്‍ വിദഗ്ധരായ ഏഴംഗ സംഘത്തെ ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. തന്റെ ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം നടത്തുന്നുവെന്ന പരാതിയുമായി ഒരാള്‍ പോലീസിനെ സമീപിച്ചതനുസരിച്ച് അന്വേഷണം നടത്തവേയാണ് സംഘം വലയിലായത്.
വിവിധ സ്ഥലങ്ങളിലായി തന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് താനറിയാതെ വിവിധ ആവശ്യങ്ങളുടെ പണമടച്ചതായി ബേങ്കില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളാണ് കാര്‍ഡുടമയെ പരാതിയുമായി മുമ്പോട്ടുപോവാന്‍ പ്രേരിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിനു പിന്നില്‍ സംഘം ചേര്‍ന്നുള്ള നീക്കമാണെന്ന് വ്യക്തമായത്. ആധുനിക സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് ബേങ്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. സംഘത്തിലെ രണ്ടുപേര്‍ കേന്ദ്രീകരിച്ചിരുന്നത് ദുബൈയിലായിരുന്നു. ദുബൈ പോലീസിന്റെ സഹായത്തോടെ ഇവരെ ദുബൈയില്‍ നിന്നാണ് പിടികൂടിയത്. ഏഴംഗ പാക്കിസ്ഥാനി സംഘത്തിന് നേതൃത്വം നല്‍കുന്നത് രാജ്യത്തിന് പുറത്തുള്ള ഒരാളാണെന്നും അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി.
വിവിധ ഉപഭോഗ ബില്ലുകളും ബേങ്കുകളിലുള്ള കടവും അടച്ചുതീര്‍ത്താല്‍ മൊത്തം സംഖ്യയുടെ പകുതി ലഭിക്കണമെന്ന് വ്യവസ്ഥയോടെ സംഘം ജനങ്ങളെ സമീപിക്കുകയാണ് പതിവ്. വ്യവസ്ഥ അംഗീകരിക്കുന്ന പക്ഷം നേരത്തെ സംഘടിപ്പിച്ച ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി ഇവരുടെ ബാധ്യത തീര്‍ത്തുകൊടുത്ത് അതുവഴി പണം സമ്പാദിക്കുകയായിരുന്നു സംഘമെന്ന് പോലീസ് വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡുകളുടെയും മറ്റു ബേങ്ക് ഇടപാടുകളുടെയും സ്വകാര്യത സൂക്ഷിക്കുകയും ഒരു സാഹചര്യത്തിലും ഇവ മറ്റൊരാള്‍ക്ക് കൈമാറരുതെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.