Connect with us

Gulf

മാനവികതക്കെതിരെയുള്ള വെല്ലുവിളികള്‍ നേരിടാന്‍ യു എ ഇ പ്രതിജ്ഞാബദ്ധം: ജന. ശൈഖ് മുഹമ്മദ്

Published

|

Last Updated

അബുദാബി: ആഗോളതലത്തില്‍ മാനവികത നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതില്‍ യു എ ഇ മുന്‍പന്തിയിലുണ്ടാകുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.
അന്താരാഷ്ട്ര പോളിയോ നിര്‍മാര്‍ജന ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ശൈഖ് മുഹമ്മദ് ഇങ്ങനെ പ്രഖ്യാപിച്ചത്. മാനവികത ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി പോളിയോ ആണ്. ഇതിനെ വേരോടെ പിഴുതെറിഞ്ഞാല്‍ മാത്രമേ പൊതുജനാരോഗ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. ഈ മഹാവിപത്തിനെ പ്രതിരോധിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെ യു എ ഇ വന്‍മുന്നേറ്റമാണ് നടത്തുന്നത്. ലോകത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോളിയോ നിര്‍മാര്‍ജന യജ്ഞവുമായി യു എ ഇ പ്രവര്‍ത്തിക്കുന്നത്.
ദുരിതമനുഭവിക്കുന്ന ജനത ഏതുതരക്കാരായാലും അവരെ കൈപിടിക്കാന്‍ യു എ ഇ മുന്നിലുണ്ടാകും. രാഷ്ട്രം കെട്ടിപ്പടുത്തവരുടെയും രാഷ്ട്രനായകരുടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണിത്, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ 8.6 കോടി തുള്ളിമരുന്നുകളാണ് യു എ ഇ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളുടെയും യു എ ഇ റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ വിതരണം ചെയ്തത്, ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest