Connect with us

Kerala

ക്ഷേത്ര ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വെട്ടിക്കുറച്ചു

Published

|

Last Updated

പയ്യന്നുര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വെട്ടിക്കുറച്ചു. ബോര്‍ഡില്‍ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷമാണ് ക്ഷേത്ര ജീവനക്കാരെ ദ്രോഹിച്ചു കൊണ്ട് ക്ഷാമബത്തയില്‍ വന്‍ വെട്ടികുറവ് നടത്തിയത്. 2009ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിക്കുന്ന സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന നിരക്കില്‍ ക്ഷാമബത്ത നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരൂന്നു. എന്നാല്‍ ഈ തീരുമാനം അട്ടിമറിച്ചു കൊണ്ടാണ് ക്ഷേത്ര ജീവനക്കാരുടെ ക്ഷാമബത്തയില്‍ കുറവു വരുത്തി ദേവസ്വം കമ്മീഷണര്‍ തീരുമാനമെടുത്തത്.
പഴയ ശമ്പള സ്‌ക്കെയിലില്‍ വേതനം ലഭിച്ചു വരുന്ന ക്ഷേത്ര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 214 ശതമാനം ക്ഷാമബത്ത ലഭിക്കാന്‍ അര്‍ഹതയുള്ളപ്പോഴാണ് അത് നിക്ഷേധിച്ചു കൊണ്ട് 174 ശതമാനം മാക്കി കമ്മീഷണര്‍ ഉത്തരവ് നല്‍കിയത്. ഭൂരിപക്ഷം ക്ഷേത്ര ജീവനക്കാര്‍ക്കും ഒരു വര്‍ഷത്തിലധികമായി ശമ്പള കുടിശ്ശിക ലഭിക്കുന്നില്ല.
ബോര്‍ഡിന്റെ തുടക്കം മുതല്‍ തന്നെ ജീവനക്കാരുടെ ക്ഷാമബത്തയുടെ കാര്യത്തില്‍ അധികൃതര്‍ ഇരട്ടത്താപ്പ് നയമാണ് പുലര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ പഴയ നിരക്കില്‍ 203 ശതമാനം ക്ഷാമബത്തക്ക് ക്ഷേത്ര ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടായിരുന്നപ്പോള്‍ അത് 194 ശതമാനമാക്കിയത്. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ സര്‍ക്കാര്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചപ്പോള്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്ന 194 നിന്നും 176 ആക്കി കുറക്കുകയാണ് ബോര്‍ഡ് ചെയ്തത്.
ബോര്‍ഡിനു കീഴിലെ ചുരുക്കം വരുന്ന വരുമാനം കൂടിയ ക്ഷേത്ര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ക്ഷാമബത്ത നല്‍കാന്‍ അധികൃതര്‍ അനുവാദം നല്‍കുമ്പോഴാണ് വരുമാനം കുറഞ്ഞ ഭൂരിപക്ഷം ക്ഷേത്ര ജീവനക്കാരോട് വിവേചന നടപടി കൈകൊണ്ടിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ച് ആറ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനകം മൂന്ന് ഭരണസമിതികള്‍ ബോര്‍ഡ് ഭരിച്ചു. പുതിയ ഭരണസമിതി കഴിഞ്ഞ മാസം അധികാരമേറ്റെടുത്തിട്ടുണ്ട്. മാറി മാറി വരുന്ന ഭരണ സമിതിക്ക് ക്ഷേത്ര ജീവനക്കാരുടെ അടിസ്ഥാന പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ കുറ്റപെടുത്തുന്നു. മാസ ശമ്പളമെന്ന ക്ഷേത്ര ജീവനക്കാരുടെ ചിരകാലാഭിലാഷം സ്വപ്‌നമായി തുടരുമ്പോഴാണ് ക്ഷാമബത്ത വെട്ടിക്കുറച്ച് അധികൃതര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടെടുക്കുന്നത്.

---- facebook comment plugin here -----