Connect with us

Kerala

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം: നീന്താന്‍ അറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കും: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: നീന്തല്‍ അറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ പുഴയില്‍ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. തുടരന്വേഷണം നടത്താന്‍ എന്തിന് മടി കാണിക്കുന്നുവെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ ചോദിച്ചു. ശാശ്വതീകാനന്ദയുടെ ദുരൂഹമരണ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയില്‍ പ്രാഥമിക വാദം കേള്‍ക്കുകയായിരുന്നു കോടതി.
നീന്തല്‍ അറിയുന്ന ആള്‍ മുങ്ങിമരിക്കണമെങ്കില്‍ മൂന്ന് സാഹചര്യങ്ങളാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. നീന്തിത്തളരുകയോ നീന്തലിനിടെ തലക്ക് ക്ഷതമേല്‍ക്കുകയോ വിഷാംശം ഉള്ളില്‍ ചെല്ലുകയോ വേണമെന്ന് കോടതി നിരീക്ഷിച്ചു. വൈദ്യശാസ്ത്രപരമായ തത്വം മാത്രമാണ് ഇത്. ഈ സാധ്യതകള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. എന്നാല്‍, കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാന്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍ ടി ആസഫ് അലിക്ക് കഴിഞ്ഞില്ല. കോടതിയുടെ ചോദ്യങ്ങള്‍ പ്രസക്തമാണെങ്കിലും തെളിവുകളുടെ അഭാവത്തില്‍ തുടരന്വേഷണം അസാധ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഐ ജി ആയിരുന്ന ഋഷിരാജ് സിംഗിന്റെ മേല്‍നോട്ടത്തില്‍ ആറ് എസ് പിമാര്‍ പുനരന്വേഷണം നടത്തിയ കേസാണിത്. ഹരജിക്കാരന് ഈ ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ല. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണമെന്ന ആവശ്യം അനുവദിക്കാനാകില്ല. തെളിവുണ്ടെങ്കില്‍ ആര്‍ക്കും പോലീസിന് കൈമാറാം. അല്ലാതെ മാധ്യമങ്ങളെയല്ല ഇക്കാര്യം അറിയിക്കേണ്ടതെന്നും ഡി ജി പി പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം ക്രൈം ബ്രാഞ്ച് 114 സാക്ഷികളെ ചോദ്യം ചെയ്‌തെങ്കിലും മൊഴികളൊന്നും സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ബി എച്ച് മന്‍സൂര്‍ ബോധിപ്പിച്ചു. എന്നാ ല്‍, പിന്നീട് പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഡി ജി പി ബോധിപ്പിച്ചു. ഇത് അവാസ്തവമാണെന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റിനാണ് നല്‍കിയതെന്നും അതിനാല്‍ അന്വേഷണത്തിന്റെ വീഴ്ചകള്‍ ഇതുവരെ കോടതികളൊന്നും പരിശോധിച്ചിട്ടില്ലെന്നും ഹരജി ഭാഗം വാദിച്ചു. പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദമായ പത്രിക രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Latest