Connect with us

Gulf

ദുബൈയില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ലംഘനങ്ങള്‍ നടക്കുന്നത് നാല് റോഡുകളിലെന്ന്‌

Published

|

Last Updated

ദുബൈ: എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടക്കുന്നത് നാല് റോഡുകളിലാണെന്ന് സ്ഥിതിവിവര കണക്ക്. 2013-15 കാലയളവിലെ നിയമലംഘനങ്ങളുടെ കണക്കുകളുടെ പശ്ചാത്തലത്തില്‍ ദുബൈ സ്റ്റാറ്റിസ്‌ക്‌സ് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നാല് റോഡുകളെ ക്രമത്തില്‍ എണ്ണിയിരിക്കുന്നത്.
ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണത്തില്‍ റിപ്പോര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് ശൈഖ് സായിദ് റോഡാണ്. റിപ്പോര്‍ട്ട് കാലയളവില്‍ ചെറുതും വലുതുമായ 16,40,000 ലംഘനങ്ങളാണ് ഇവിടെ നടന്നത്. ദുബൈയില്‍ മൊത്തം നടന്ന ട്രാഫിക് നിയമലംഘനങ്ങളുടെ 19.5 ശതമാനം വരുമിതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റോഡപകടങ്ങള്‍ക്ക് കുപ്രസിദ്ധമായ അല്‍ ഖൈല്‍ റോഡാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 4,26,680 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് കാലയളവില്‍ അല്‍ ഖൈല്‍ റോഡില്‍ നടന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡാ(മുന്‍ എമിറേറ്റ്‌സ് റോഡ്)ണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 4,22,400 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് കാലയളവില്‍ ഇവിടെ നടന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 3,64,700 ട്രാഫിക് നിയമലംഘനങ്ങളുമായി എമിറേറ്റ്‌സ് റോഡ് നാലാം സ്ഥാനത്തുമുണ്ടെന്ന് സ്റ്റാറ്റിസ്‌ക്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കാലയളവില്‍ ദുബൈയില്‍ മൊത്തം രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 84 ലക്ഷമാണ്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ലംഘനങ്ങള്‍ ഓടുന്നതിനിടെ വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്കെറിയുക, രാത്രികാലങ്ങളിലും മൂടല്‍ മഞ്ഞുണ്ടാകുമ്പോഴും വിളക്ക് തെളിയിക്കാതെ വാഹനമോടിക്കുക, സിഗ്‌നല്‍ നല്‍കാതെ ട്രാക്ക് മാറ്റുക തുടങ്ങിയവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.