Connect with us

International

മ്യാന്മര്‍ തിരഞ്ഞെടുപ്പ്; ആശങ്കയോടെ ന്യൂനപക്ഷങ്ങള്‍

Published

|

Last Updated

നായ്പിഡോ: മ്യാന്മറില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് ന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയില്‍. മ്യാന്മറിലെ പട്ടാള ഭരണകൂടം ഏഴ് പതിറ്റാണ്ടിലധികമായി കടുത്ത പീഡനങ്ങള്‍ ഏല്‍പ്പിക്കുന്ന കരേനിലെ ഗ്രാമീണര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നത്. മ്യാന്മര്‍ സര്‍ക്കാറിന്റെ കടുത്ത പീഡനങ്ങളേറ്റുവാങ്ങിയാണ് ഇവര്‍ ജീവിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം വരുന്ന ഈ വിഭാഗക്കാരെ കാടുകളിലേക്കും തായ്‌ലന്‍ഡ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളിലേക്കും മാറിത്താമസിക്കാന്‍ നിര്‍ബന്ധിച്ചു. ഈ മാസം എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആംഗ് സാന്‍ സൂകിയെ പരാജയപ്പെടുത്തിയ പട്ടാളത്തിന് സ്വാധീനമുള്ള യുനൈറ്റഡ് സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹകമാകുമെന്ന് ഈ ഗ്രാമീണര്‍ ആശങ്കപ്പെടുന്നു.
ഇവര്‍ക്ക് പുറമെ റോഹിംഗ്യന്‍ വംശജര്‍ക്കെതിരെയും മ്യാന്മര്‍ സര്‍ക്കാര്‍ പക്ഷപാതമായാണ് പെരുമാറുന്നത്. ബുദ്ധതീവ്രവാദികള്‍ ആയിരക്കണക്കിന് റോഹിംഗ്യന്‍ വംശജരെ കൊന്നൊടുക്കുകയും ഇവരുടെ വീടുകളും സമ്പത്തും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആംഗ് സാന്‍ സൂകി എന്നാല്‍ ഈ വംശഹത്യക്കെതിരെ ഒന്നും പ്രതികരിച്ചിട്ടില്ല. ബുദ്ധ തീവ്രവാദികളുടെ വോട്ട് നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് തന്റെ പാര്‍ട്ടിയില്‍ നിന്ന് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് ഇടം നിരസിക്കുകയും ചെയ്തു. ഇതിനെ മുസ്‌ലിംകള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.