Connect with us

Kozhikode

ആത്മവീര്യം കെടുത്തുമോ വിധിയെഴുത്ത് ? നെഞ്ചിടിപ്പോടെ മുന്നണികള്‍

Published

|

Last Updated

കൊടുവള്ളി: ഇരു മുന്നണികള്‍ക്കും നെഞ്ചിടിപ്പിന്റെ നിമിഷങ്ങളാണിനി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ കൂടിയായ ഈ തിരഞ്ഞെടുപ്പിലെ പരാജയം അണികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഇരു മുന്നണികളെയും അലട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ പരമാവധി സീറ്റുകളില്‍ ജയിച്ചുകേറാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു പ്രചാരണ വേളയില്‍ പാര്‍ട്ടികളെല്ലാം.
ഇടതു മുന്നണിയെ നയിക്കുന്ന സി പി എമ്മിനാണ് ഈ തിരഞ്ഞെടുപ്പ് ഏറ്റവും വലിയ ഭാഗ്യപരീക്ഷണമാകുന്നത്. നിലവില്‍ പ്രതിപക്ഷത്തിരിക്കുന്ന മുന്നണിക്ക് ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം തന്നെ വേണം. ഇത് സാധ്യമാക്കേണ്ടത് സാധാരണ പ്രവര്‍ത്തകരാണ്. അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ ഇത്തവണ ത്രിതല പഞ്ചായത്തുകളില്‍ വന്‍തോതില്‍ മുന്നണി ജയിച്ചുകയറണം. കഴിഞ്ഞ തവണ ഇടതു മുന്നണിയെ ഞെട്ടിച്ചുകൊണ്ടാണ് യു ഡി എഫ് മുന്‍കാലങ്ങളില്‍ ഇല്ലാത്തവിധം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്തത്. ഈ അവസ്ഥ ആവര്‍ത്തിച്ചാല്‍ എല്‍ ഡി എഫ് വന്‍ തിരിച്ചടിയാകും ഏല്‍ക്കേണ്ടി വരിക. ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു എല്‍ ഡി എഫ് അങ്കക്കളത്തില്‍ പ്രവേശിച്ചത്. എന്നാല്‍ മുമ്പില്ലാത്തവിധം ബി ജെ പി ഉയര്‍ത്തിവിട്ട വെല്ലുവിളി ജയപരാജയങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണി നേതൃത്വം. ഇതേ അങ്കലാപ്പ് യു ഡി എഫിലുമുണ്ട്. എല്‍ ഡി എഫിന്, പ്രത്യേകിച്ച് സി പി എമ്മിന് അടുത്തകാലത്തുണ്ടായ ക്ഷീണത്തില്‍ എളുപ്പം ജയിച്ചുകയറാമെന്ന കണക്കുകൂട്ടലിലായിരുന്നു യു ഡി എഫ്.
എന്നാല്‍, തിരഞ്ഞെടുപ്പിന്റെ കാഹളമുയര്‍ന്നുതുടങ്ങിയപ്പോള്‍ സ്ഥിതി മാറി. സീറ്റുകളെ ചൊല്ലി മുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള വഴക്കിനു പുറമെ കോണ്‍ഗ്രസിലും ലീഗിലുമൊക്കെയുണ്ടായ പ്രശ്‌നങ്ങള്‍ മിക്കയിടത്തും ഒതുക്കിത്തീര്‍ക്കാന്‍ പോലും മുന്നണിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ക്ഷീണം സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. എന്നാല്‍ ബി ജെ പി. എസ് എന്‍ ഡി പിയുമായി കൈകോര്‍ക്കാന്‍ പോകുന്നത് അറിഞ്ഞതു മുതല്‍ തന്നെ പുതിയ അപകടങ്ങള്‍ എല്‍ ഡി എഫ് മണത്തിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ മുന്നണി ജാഗ്രതയോടെയാണ് മുന്നോട്ട് പോയത്. ഇത് എല്‍ ഡി എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ട് എണ്ണിക്കഴിയുമ്പോള്‍ ഓരോ മുന്നണിക്കും ലഭിക്കുന്ന സീറ്റുകളുടെ ബലത്തിലാകും പാര്‍ട്ടികള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഗൃഹപാഠം ആരംഭിക്കുക. ഈ കണക്ക് വെച്ചാകും കീഴ്ഘടകങ്ങള്‍ മേല്‍ക്കമ്മിറ്റിക്ക് സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരിക. അതുകൊണ്ടു തന്നെ വിജയസാധ്യത ഉറപ്പുള്ള ത്രിതല പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇത്തവണ പ്രചാരണത്തിന് ആവേശം ഏറിയതും മറ്റൊന്നുകൊണ്ടല്ല.
ഈ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും തനിച്ച് മത്സരിക്കുകയുമൊക്കെ ചെയ്യുന്ന ചെറുകിട പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം വിലപ്പെട്ടതാണ്. അവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളോട് വിലപേശാനുള്ളതാണ് ഈ തിരഞ്ഞെടുപ്പില്‍ കിട്ടുന്ന ഓരോ വോട്ടും.

Latest