Connect with us

Books

ഗള്‍ഫനുഭവങ്ങളുടെ പൊള്ളുന്ന കാഴ്ചകളിലേക്ക്

Published

|

Last Updated

ഗള്‍ഫനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയും അല്ലാതെയും ധാരാളം പുസ്തകങ്ങള്‍ യു എ ഇ മലയാളികള്‍ പ്രസിദ്ധീകരിക്കുന്നു. അവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ശ്രദ്ധേയവുമാണ്.
സുറാബ്, സത്യന്‍ മാടാക്കര, ഇ എം ഹാശി, ഇ എം അഷ്‌റഫ്, എ എം മുഹമ്മദ്, സാദിഖ് കാവില്‍, ഇ കെ ദിനേശന്‍, സലീം അയ്യനത്ത്, ഒ എം അബൂബക്കര്‍, ഷെമി, ഷാബു കിളിത്തട്ടില്‍, ഹണി ഭാസ്‌കരന്‍, ലത്വീഫ് മമ്മിയൂര്‍, തോമസ് ചെറിയാന്‍ തുടങ്ങിയവര്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
വടക്കേ മലബാറിന്റെ സവിശേഷമായ ജീവിതാവസ്ഥകളായിരുന്നു സുറാബിന് നേരത്തെ പഥ്യം. എന്നാല്‍ ഗള്‍ഫനുഭവങ്ങളും പിന്നീട് വിഷയീഭവിച്ചു. അഞ്ചില്ലം, കല്ലിവല്ലി, പത്തേമാരി തുടങ്ങിയ കൃതികളില്‍ ഗള്‍ഫ് ജീവിതം അസംസ്‌കൃത വസ്തുക്കളായി. സൂഫിസത്തെക്കുറിച്ച് ഗഹനങ്ങളായ പഠനങ്ങളാണ് ഇ എം ഹാശിമിന ശ്രദ്ധേയമാക്കുന്നത്. ആത്മകഥാപരമായ നോവലിലൂടെ ഷെമിയും സ്വത്വപ്രതിസന്ധികളുടെ അനാവരണത്തിലൂടെ ഹണി ഭാസ്‌കരനും എഴുത്തിനെ ബഹുസ്വരമാക്കുന്നു.
ഇതിനിടെ, ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച കൃഷ്ണദാസിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രവാസത്തിന്റെ പൊള്ളുന്ന നേര്‍കാഴ്ചകളാണ്. യു എ ഇയിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകരിലൊരാളായ കൃഷ്ണദാസിന്റെ ദുബായ് പുഴ നിരവധി പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ യു എ ഇ മലയാളീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നു. അനുഭവങ്ങളുടെ തീക്ഷണതകളാണ് ഇവരുടെ കൃതികളുടെ കരുത്തെന്ന് ഏവരും തിരിച്ചറിയുന്നു. സാമ്പ്രദായിക വായനക്ക് അന്യമായ വിഷയങ്ങള്‍ ആലേഖനം ചെയ്താല്‍ തന്നെ കൃതി ഏറെക്കുറെ വിജയിച്ചു. ഷെമിയുടെ നടവഴിയിലെ നേരുകള്‍ ഉദാഹരണം.
ഗള്‍ഫ് സാമൂഹിക സാംസ്‌കാരിക ജീവിതം അടയാളപ്പെടുത്തുന്ന കുറിപ്പുകളും ധാരാളമായി ഇറങ്ങുന്നു. കൃഷ്ണദാസിന്റെ “ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്നു”, ഇ കെ ദിനേശന്റെ “ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങള്‍”, പി എ ശശീന്ദ്രന്റെ “ഈന്തപ്പനച്ചോട്ടില്‍” തുടങ്ങിയവ വായനാക്ഷമമാണ്.
മധ്യപൗരസ്ത്യ മേഖലയില്‍ നിന്നുള്ള പ്രഖ്യാതകൃതികള്‍ വിവര്‍ത്തനം ചെയ്യുന്ന മമ്മൂട്ടി കട്ടയാട്, അഹ്മദ് മൂന്നാം കൈ തുടങ്ങിയവര്‍ വലിയ സേവനമാണ് സാഹിത്യത്തിന് നല്‍കുന്നത്. ഖലീല്‍ ജിബ്രാന്‍, അഡോണിസ് തുടങ്ങിയവരുടെ കവിതകള്‍ ഇവരിലൂടെ പുറത്തിറങ്ങുന്നു. ഇനിയുള്ള വര്‍ഷങ്ങളില്‍ ധാരാളം അറബ് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമെന്ന് ഗ്രീന്‍ ബുക്‌സ് എം ഡി കൃഷ്ണദാസ് ചൂണ്ടിക്കാട്ടുന്നു.
കെ എം എ