Connect with us

Kannur

കണ്ണൂരിലെ ജയപരാജയങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും

Published

|

Last Updated

കണ്ണൂര്‍: വികസന വിഷയങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ വിവാദങ്ങളും കത്തിപ്പടര്‍ന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ജയപരാജയങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും. സി പി എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള ജില്ലയായ കണ്ണൂരില്‍ ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് തിരിച്ചടി പാര്‍ട്ടിക്കുണ്ടായാല്‍ അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഏറ്റവും താഴെത്തട്ടിലടക്കം കണ്ണൂരില്‍ പാര്‍ട്ടി തുടങ്ങിവെച്ച പുതിയ പരീക്ഷണങ്ങളുടെ വിലയിരുത്തലാകും പ്രാദേശിക തലത്തിലെ തിരഞ്ഞെടുപ്പെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിരീക്ഷണം. ബി ജെ പി വിട്ട് സി പി എമ്മിലെത്തുന്നവരെ പ്രാദേശികമായി അണികള്‍ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നത്് ഏറ്റവും കൃത്യമായി അറിയാനാകുക തദ്ദേശ തിരഞ്ഞെടുപ്പിലാണ്. ഇത്തരക്കാരില്‍ ചിലര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുമുണ്ട്. പാര്‍ട്ടി അണികളായ ഹിന്ദു വിശ്വാസികള്‍ക്ക് മുമ്പൊരിക്കലും കണ്ണൂരില്‍ ലഭിക്കാത്ത വിശ്വാസപരമായ ചില ആനുകൂല്യങ്ങള്‍ അടുത്ത കാലത്തായി അനുവദിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയാത്ര നടത്താനും മറ്റ് ക്ഷേത്ര ആചാരങ്ങളില്‍ പങ്കെടുക്കാനും മുമ്പുള്ളതു പോലുള്ള കര്‍ക്കശമായ പാര്‍ട്ടി നിലപാടുകള്‍ ഇപ്പോഴില്ല. സംഘ്പരിവാറില്‍ നിന്ന് പാര്‍ട്ടിയിലേക്ക് പുതുതായെത്തിയ അണികള്‍ക്ക് ഗണേശോത്സവം നടത്താനുള്ള അനുവാദമുള്‍പ്പെടെ പാര്‍ട്ടി നല്‍കിയത് ഈയൊരു നിലപാടിന്റെ ഭാഗമാണ്. അതു കൊണ്ട് തന്നെ പാര്‍ട്ടിക്ക്് കാര്യമായി വേരോട്ടമില്ലാത്തയിടങ്ങളില്‍പോലും നല്ല വിജയമുണ്ടാകാനിടയുണ്ടെന്നാണ് സി പി എം വിലയിരുത്തല്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് വലിയ പിന്തുണ ഇത്തവണയുണ്ടാകുമെന്ന് കണക്കുകൂട്ടുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസും അതിലേറെ മുസ്‌ലിം ലീഗും വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. സി പി എമ്മിന്റെ പരമ്പരാഗത കോട്ടകളില്‍ ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്നാണ് ഇവര്‍ കരുതുന്നത്. ഭരണസംവിധാനമുപയോഗിച്ച്് പരമാവധി കള്ളവോട്ട് തടയാനായതും കണ്ണൂരിലെ സി പി എം കേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ഇത്തവണ ഏജന്റുമാരെ ഇരുത്താന്‍ കഴിഞ്ഞതും പ്രതീക്ഷക്കു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൈവിട്ടുപോയ തളിപ്പറമ്പ് നഗരസഭ തിരിച്ചുപിടിക്കാന്‍ ഇത്തവണ കഴിയുമെന്ന് ലീഗിനും ഉറച്ച വിശ്വാസമുണ്ട്.
അതിനിടെ, സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാണ് പുതുതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനിലെ പ്രഥമ തിരഞ്ഞെടുപ്പ്. ഇവിടെ ഫലം പ്രവചനാതീതമാണെന്നതാണ് മറ്റൊരു കാര്യം. ഇവിടെ കനത്ത പോളിംഗാണ് മുന്നണികള്‍ പ്രതീക്ഷിച്ചതെങ്കിലും സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഉണ്ടായത്. 74.75 ആണ് കണ്ണൂര്‍ കോര്‍പറേഷനിലെ വോട്ടിംഗ് ശതമാനം. ഇതു ജില്ലയിലെ നഗരസഭകളിലെ പോളിംഗ് ശതമാനത്തെ അപേക്ഷിച്ച് വളരെ കുറവുമാണ്. ആകെയുള്ള 55 ഡിവിഷനുകളിലെ 1,71,016 വോട്ടര്‍മാരില്‍ 1,27,838 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയരായ നേതാക്കള്‍ എത്തിയിട്ടും കൂടുതല്‍ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ മുന്നണികള്‍ക്കായില്ല.
പാനൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി, ആന്തൂര്‍ എന്നിവയാണ് ജില്ലയിലെ മൂന്ന് പുതിയ നഗരസഭകള്‍. ഇതില്‍ ഇരിട്ടിയും പാനൂരും യു ഡി എഫിന് വലിയ പ്രതീക്ഷയുണ്ട്. ശ്രീകണ്ഠപുരം ഇടതിനും. ആന്തൂരില്‍ തിരഞ്ഞെടുപ്പിനു മുന്നേ 14 സീറ്റില്‍ ഇടതുപക്ഷം എതിരില്ലാതെ വിജയിച്ചിരുന്നു. തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍ നഗരസഭകളില്‍ ഭരണത്തുടര്‍ച്ച എല്‍ ഡി എഫ് ഉറപ്പിക്കുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ഒന്നൊഴിച്ച് എല്ലാം എല്‍ ഡി എഫിനായിരുന്നു. കണ്ണൂര്‍ ബ്ലോക്ക് നറുക്കെടുപ്പിലാണ് യു ഡി എഫിനു ലഭിച്ചത്. ഇക്കുറി ബ്ലോക്കുകളില്‍ ഭൂരിപക്ഷവും തങ്ങള്‍ നേടുമെന്നാണ് എല്‍ ഡി എഫിന്റെ അവകാശവാദം.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 26 ഡിവിഷനുകളില്‍ 20ഉം ഇടതുപക്ഷത്തിനായിരുന്നു. ഇക്കുറി 24 ഡിവിഷന്‍ മാത്രമേ ഉള്ളൂ. മിക്ക ഡിവിഷനുകളിലും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ ഡി എഫ് നേതൃത്വം. ജില്ലയില്‍ ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷത്തിലും തങ്ങള്‍ മേല്‍ക്കൈ നേടുമെന്ന് ഇടതുപക്ഷം പറയുമ്പോള്‍, യു ഡി എഫ് അനുകൂല പഞ്ചായത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് നേതൃത്വം. കൂട്ടിയും കിഴിച്ചും തങ്ങളുടെ വിജയസാധ്യത അളക്കുന്ന തിരക്കിലാണി പ്പോള്‍ രാഷ്ട്രീയ പാര്‍ ട്ടികള്‍.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest