Connect with us

Kerala

വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങള്‍ തടയാന്‍ പുതിയ ഉപകരണവുമായി ബൈജു

Published

|

Last Updated

ചേര്‍ത്തല: ഇലക്ട്രിക് ലൈനുകളില്‍ തട്ടി വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങക്ക് അറുതിവരുത്താന്‍ പുതിയ ഉപകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിരവധി കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ കെ എസ് ഇ ബിയുടെ യുവ എന്‍ജിനിയര്‍ ബൈജു. ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തമായ വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റ് ഉപയോഗിച്ചാല്‍ വൈദ്യുതാഘാതത്തില്‍ നിന്ന് രക്ഷനേടാം.
കൃത്യമായ എര്‍ത്തിംഗ് ഇല്ലാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. വൈദ്യുതി ജോലിക്കാരുടെ സുരക്ഷക്കായി ലൈനുകളും മറ്റ് ഉപകരണങ്ങളുമെല്ലാം ഓഫ് ചെയ്തശേഷം ജോലി ചെയ്യേണ്ട ഭാഗങ്ങള്‍ താത്കാലികമായി എര്‍ത്തിംഗ് ചെയ്യാറുണ്ട്. ഏതെങ്കിലും കാരണത്താല്‍ ഈ ലോഹഭാഗങ്ങളിലേക്ക് വൈദ്യുതി പ്രവഹിച്ചാല്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നയാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കതിരിക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു. ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ എന്നീ വൈദ്യുത ശ്യംഖലകളിലെല്ലാം നിലവില്‍ ഉപയോഗിച്ചുവരുന്ന എര്‍ത്ത് റോഡ് എന്ന എര്‍ത്തിംഗ് സംവിധാനത്തിന്റെ ലൈനില്‍ ബന്ധിപ്പിക്കുന്ന ഭാഗമായ ലൈന്‍ കണക്ടര്‍ പ്രത്യേക ബോള്‍ട്ട് ക്ലാമ്പ് തിരിച്ച് മുറുക്കിയാണ് ലൈനില്‍ ഘടിപ്പിക്കുന്നത്.
പലപ്പോഴും ഈ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കാറില്ല, അഥവാ പ്രവര്‍ത്തിച്ചാല്‍ത്തന്നെ മിക്കവാറും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതവുമാകുകയും അപകടം ഉണ്ടാകുകയും ചെയ്യും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരമാണ് ബൈജു വികസിപ്പിച്ചെടുത്ത വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റ്.
ഓഫ് ചെയ്ത ലൈന്‍ എര്‍ത്ത് ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ ലൈന്‍ ഓഫ് ചെയ്യുന്നതിലുള്ള പിഴവുകളോ മറ്റേതെങ്കിലും സ്രോതസ്‌സ് മൂലമോ വൈദ്യുതി കടന്ന് വരുന്നത് തിരിച്ചറിയാനുള്ള സംവിധാനം ലോകത്തില്‍ നിലവില്‍ ലഭ്യമായ ഒരു എര്‍ത്ത് റോഡിലുമില്ല. ഇത് മൂലം എര്‍ത്ത് ചെയ്യുന്ന വേളയില്‍ അനവധി അപകടങ്ങളുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ഇന്‍ബില്‍റ്റ് വോള്‍ട്ടേജ് പ്രസന്‍സ് അലെര്‍ട്ട് എന്ന സംവിധാനം വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇത് എര്‍ത്തിംഗ് വേളയില്‍ ലൈനുമായി യാതൊരുവിധ സമ്പര്‍ക്കവുമില്ലാതെ സുരക്ഷിത അകലത്തില്‍ വച്ചുതന്നെ അപകടകാരണമാകാവുന്ന വോള്‍ട്ടേജിന്റെ സാന്നിധ്യം എല്‍ ഇ ഡി വെളിച്ചത്തിലൂടെയും ശബ്ദത്തിലൂടെയും അറിയിക്കുന്നതിനാല്‍ ജീവനക്കാരനെ സുരക്ഷിതനാവാന്‍ സഹായിക്കുന്നു. വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റ് മുഴുവനായി സൂക്ഷിക്കുന്നതിനും സൗകര്യപ്രദമായി കൊണ്ടുനടക്കുന്നതിനുമെല്ലാം വേണ്ടി പ്രത്യേക ബാഗും സജ്ജീകരിച്ചിട്ടുണ്ട്. ചെമ്പ്, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ജി ഐ, പിവി സി മുതലായവയിലാണ് വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റ് നിര്‍മിച്ചിരിക്കുന്നത്. മൂവായിരം രൂപയിലധികം വിലവരുന്ന നിലവിലെ എര്‍ത്ത് റോഡിനേക്കാള്‍ അഞ്ഞൂറ് രൂപയോളം മാത്രമേ വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റിന് അധികച്ചെലവ് വരൂ.
കെ എസ് ഇ ബി യുടെ ഉദ്യോഗസ്ഥ യോഗത്തിലും സാങ്കേതിക വിദഗ്ധര്‍ക്ക് മുന്നിലും വര്‍ക്ക് സ്‌റ്റേഷന്‍ സ്‌പെഷ്യല്‍ എര്‍ത്തിംഗ് കിറ്റിന്റെ പരീക്ഷണ പ്രദര്‍ശനം നടത്തി വിജയിക്കുകയും പ്രശംസയും നേടിയിട്ടുമുണ്ട്. ഈ കണ്ടുപിടുത്തം തുടര്‍ നടപടികള്‍ക്കായി വൈദ്യുത വകുപ്പിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ബൈജു.
കുട്ടിക്കാലം മുതല്‍ ശാസ്ത്ര തത്പരനായിരുന്ന ബൈജു മുപ്പതോളം ചെറുതും വലുതുമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള സംസ്ഥാന ഊര്‍ജസംരക്ഷണ പ്രൊമോട്ടര്‍ പുരസ്‌കാരം, പി എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരം, റോട്ടറി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പട്ടണക്കാട് പഞ്ചായത്ത് മേനാശ്ശേരി ഗ്രാമത്തില്‍ വിസ്മയം വടക്കേകളരിക്കല്‍ വീട്ടില്‍ പരേതനായ ചെല്ലപ്പന്റെയും സുമയുടെയും പുത്രനായ കെ സി ബൈജു കെ എസ് ഇ ബിയുടെ അരൂര്‍ സെക്ഷനില്‍ സബ് എന്‍ജിനീയറാണ്. ഭാര്യ: അശ്വതി, വൈക്കം ആശ്രമം സ്‌കൂള്‍ അധ്യാപിക.പട്ടണക്കാട് പബഌക്ക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷയ്‌ബൈജു മകനാണ്.