Connect with us

Kannur

കണ്ണൂരില്‍ ഇടതു കോട്ടക്ക് ഇളക്കമില്ല

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇക്കുറിയും എല്‍ ഡി എഫ് സമഗ്രാധിപത്യം പുലര്‍ത്തി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തിയ ഇടതു പക്ഷം യു ഡി എഫ് മികച്ച വിജയം ഉറപ്പിച്ചിരുന്ന പ്രഥമ കണ്ണൂര്‍ കോര്‍പറേഷനില്‍ ഒപ്പത്തിനൊപ്പമെത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകള്‍ ഇത്തവണയും കണ്ണൂരില്‍ തന്നെയാണ്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 24 സീറ്റുകളില്‍ 19 ഉം നേടി ഇടതുപക്ഷം ഭരണം നിലനിര്‍ത്തി. 2010ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 26 ഡിവിഷനുകളില്‍ 20 എണ്ണവും ഇടതുപക്ഷത്തിനായിരുന്നു.
ഗ്രാമപഞ്ചായത്തുകളിലും എല്‍ ഡി എഫിനാണ് മുന്‍തൂക്കം. 71 പഞ്ചായത്തുകളില്‍ 52 എണ്ണം എല്‍ ഡി എഫിനും 19 എണ്ണം യുഡി എഫിനും ലഭിച്ചു. കാങ്കോല്‍ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, ചെറുതാഴം, ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, മലപ്പട്ടം, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലാണ് സി പി എമ്മിന് ഇക്കുറി എതിരില്ലാത്തത്. കഴിഞ്ഞ തവണ 15 പഞ്ചായത്തുകളിലാണ് പ്രതിപക്ഷ ബഞ്ചില്‍ ആളില്ലാതിരുന്നത്. ഇക്കുറി അതില്‍ മാറ്റം വന്നെങ്കിലും യു ഡി എഫിന് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ക്കൂടി ഇത്തവണ സി പി എം മികച്ച രീതിയില്‍ വോട്ടു നേടിയിട്ടുണ്ട്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലും മുഴുവന്‍ ഡിവിഷനുകളിലും എല്‍ ഡി എഫ് വിജയിച്ചു.
2010ല്‍ ആകെയുണ്ടായിരുന്ന 81 പഞ്ചായത്തുകളില്‍ 53 എണ്ണവും എല്‍ ഡി എഫിനായിരുന്നു. പുതിയ കോര്‍പറേഷന്റെയും നഗരസഭകളുടെയും രൂപവത്കരണത്തോടെയാണ് പഞ്ചായത്തുകളുടെ എണ്ണം ചുരുങ്ങിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും സമ്പൂര്‍ണാധിപത്യം എല്‍ ഡി എഫിനു തന്നെ. മൊത്തം 11 ബ്ലോക്കുകളിലെ ഭരണവും ഇടതുപക്ഷം സ്വന്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ നാലുവീതം നഗരസഭകള്‍ ഇരുമുന്നണികളും നേടി. കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ നഗരസഭകളില്‍ ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയപ്പോള്‍ വോട്ടെടുപ്പിനു മുന്നേ എല്‍ ഡി എഫിന്റെ പാതി സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ആന്തൂര്‍ നഗരസഭയില്‍ പൂര്‍ണഫലം വന്നപ്പോള്‍ പേരിനു പോലും പ്രതിപക്ഷമില്ല.
പുതുതായി രൂപവത്കരിച്ച നഗരസഭകളില്‍ ഒന്നിലൊഴികെ യു ഡി എഫിനാണ് വിജയം. ആന്തൂരിനെ വേര്‍പ്പെടുത്തിയ തളിപ്പറമ്പ് നഗരസഭയിലും ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം നഗരസഭകളിലും യു ഡി എഫ് വിജയം സ്വന്തമാക്കി. എല്‍ ഡി എഫ് വിജയം പ്രതീക്ഷിച്ചിരുന്ന ശ്രീകണ്ഠപുരം നഗരസഭ നേരിയ വ്യത്യാസത്തിനാണ് നഷ്ടപ്പെട്ടത്.
കാലങ്ങളായി യു ഡി എഫ് ഭരിച്ചിരുന്ന കണ്ണൂര്‍ നഗരസഭയും യു ഡി എഫ് അനുകൂല പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത് രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ ഡിഎഫിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഭൂരിപക്ഷം സീറ്റുകളുടെ പിന്‍ബലത്തോടെ പ്രഥമഭരണം കൈയാളുമെന്ന് പ്രതീക്ഷിച്ചിരുന്ന യു ഡി എഫ് പല ഡിവിഷനുകളിലും പരാജയപ്പെട്ടു.
മൊത്തം 55 ഡിവിഷനുകളില്‍ ഇരുമുന്നണികളും 27 വീതം സീറ്റുകള്‍ നേടിയ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതനാണ് ഭരണം നിര്‍ണയിക്കുക. ബി ജെ പി-എസ് എന്‍ ഡി പി സഖ്യം കണ്ണൂരില്‍ ദുര്‍ബലമാണെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബി ജെപി ഇക്കുറി മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. എസ് ഡി പി ഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും കണ്ണൂരില്‍ കാര്യമായ സാന്നിധ്യമുണ്ടാക്കാനായില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest