Connect with us

Malappuram

പ്രബോധകര്‍ വര്‍ഗീയതക്കെതിരെ കരുത്ത് നേടണം: കാന്തപുരം

Published

|

Last Updated

കോട്ടക്കലില്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പ്രഥമ സനദ് ദാന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

കോട്ടക്കല്‍: വര്‍ഗീയതക്കും അരാജകത്വത്തിനുമെതിരെ പ്രബോധന വിദ്യാര്‍ഥികള്‍ കരുത്താര്‍ജിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കോട്ടക്കലില്‍ ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പ്രഥമ സനദ്ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രബോധന ദൗത്യത്തിന് ആവശ്യമായതെല്ലാം സംഭരിച്ചായിരിക്കണം കര്‍മ രംഗത്തിറങ്ങേണ്ടത്. പഠിച്ചത് മായം കലര്‍ത്താതെ സമൂഹത്തിന് പകര്‍ന്നു നല്‍കണം. സന്മാര്‍ഗമാണ് സര്‍വതിന്റെയും അടിസ്ഥാനം. ഈ ബോധത്തോടെയാണ് കര്‍മരംഗത്തിറങ്ങേണ്ടത്. രാജ്യം പലയിടത്തും പ്രബോധകരെ കാത്തിരിക്കുകയാണിപ്പോഴും. അല്‍പ്പജ്ഞാനികള്‍ ആരാധനാ കര്‍മങ്ങള്‍ക്ക് പോലും നേതൃത്വം നല്‍കുന്ന അവസ്ഥയാണ് കേരളത്തിന് പുറത്ത് പലയിടങ്ങളിലുമുള്ളത്. ദൗത്യ നിര്‍വഹണത്തിന് ഭാഷാ പരിജ്ഞാനം തീര്‍ച്ചയായും ആവശ്യമാണ്. ഈ രംഗത്തും കഴിവ് തെളിയിക്കണം. ഭാഷയുടെ അഭാവം പിന്തള്ളപ്പെടുന്നതിന് ഒരിക്കലും കാരണമായിക്കൂടെന്നും കാന്തപുരം ഓര്‍മപ്പെടുത്തി.
പുതിയ കാലത്തോട് സംവദിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ദഅ്‌വാരംഗത്തെ വിദ്യാര്‍ഥികളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു.