Connect with us

International

ഗൂഢാലോചന സിറിയയിലെന്ന്; ഫ്രാന്‍സില്‍ വ്യാപക റെയ്ഡ്‌

Published

|

Last Updated

പാരീസ്: പാരീസില്‍ നടന്ന ഭീകരാക്രമണം സംഘടിപ്പിച്ചത് സിറിയയില്‍ നിന്നാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് അവകാശപ്പെട്ടു. റേഡിയോക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെടുകയും നാനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ, ആക്രമണാനന്തരം ഫ്രാന്‍സിലെ വ്യത്യസ്ത ഭാഗങ്ങളിലായി 150ലധികം റെയ്ഡുകള്‍ നടന്നു. ഇക്കാര്യം പ്രധാനമന്ത്രിയും സ്ഥിരീകരിച്ചു. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ ഉപയോഗപ്പെടുത്തി ഭീകരവാദ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള നിയമപരമായ ശ്രമങ്ങളിലാണ് രാജ്യം. വിദ്വേഷ രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുമ്പിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിയോണില്‍ നടന്ന റെയ്ഡിനിടെ ആയുധ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പിടിച്ചെടുത്തവയില്‍ റോക്കറ്റുകളും കലാഷ്‌നിക്കോവ് തോക്കുകളും ഉള്‍പ്പെടുന്നു. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ടൗളൂസിലും പോലീസ് റെയ്ഡ് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ച് പേരെ അധികൃതര്‍ തിരിച്ചറിഞ്ഞതായാണ് നിഗമനം. ഇപ്പോള്‍ അറസ്റ്റിലായവരില്‍ പലരും യൂറോപ്യന്‍ വംശജരാണെന്നും വ്യക്തമായിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ ഭീകരവാദ നിയമമനുസരിച്ചുള്ള കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ആക്രമണം നടത്തിയവരില്‍ ഏഴ് പേര്‍ സംഭവം നടന്ന നവംബര്‍ 13ന് തന്നെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ട ചിലര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഇവരില്‍ ഒരാള്‍ക്കെതിരെ ബെല്‍ജിയം അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.